കോബി ബ്രയന്റെ സ്‍മരണ, മാമ്പ എഡിഷന്‍ വെസ്‍പ ലേലത്തിന്

By Web TeamFirst Published Sep 2, 2020, 11:38 AM IST
Highlights

അന്തരിച്ച വിഖ്യാത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റിനോടുള്ള ആദര സൂചനയായി രൂപകൽപ്പന ചെയ്ത വെസ്പ പ്രൈമവേര50 സ്‌കൂട്ടര്‍ ലേലം ചെയ്യുന്നു. 

അന്തരിച്ച വിഖ്യാത അമേരിക്കൻ ബാസ്കറ്റ്ബോൾ താരം കോബി ബ്രയന്റിനോടുള്ള ആദര സൂചനയായി രൂപകൽപ്പന ചെയ്‍ത വെസ്പ പ്രൈമവേര50 സ്‌കൂട്ടര്‍ ലേലം ചെയ്യുന്നു. ബാസ്‌കറ്റ്‌ബോള്‍ സെന്റര്‍ ഓഫ് ഒപ്ലേഡനിലെ വനിത ബാസ്‌കറ്റ്‌ബോള്‍ താരങ്ങളെ സഹായിക്കുന്നതിനായാണ് ബ്രെയന്റെ ഓര്‍മയ്ക്കായി നിര്‍മിച്ച വെസ്പയുടെ സ്‌കൂട്ടര്‍ ലേലം ചെയ്യുന്നത്.  ഹെലികോപ്റ്റര്‍ അപകടത്തിലാണ്  കോബി മരിച്ചത്. 

മാമ്പ എഡിഷന്‍ എന്നാണ് ഈ സ്‌കൂട്ടറിന് പേര് നല്‍കിയിരിക്കുന്നത്. ജർമ്മൻ സ്‌നീക്കറും സ്ട്രീറ്റ്‌വെയർ റീട്ടെയിലറുമായ കിക്സാണ് കസ്റ്റം സ്‌കൂട്ടർ കമ്മീഷൻ ചെയ്തത്.  കിക്‌സിനൊപ്പം ഡബ്ല്യുഎന്‍ബിഎ പ്ലെയറും എല്‍എ സ്പാര്‍ക്‌സ് സെന്റര്‍ മാരി ഗുലിച്ചും ചേര്‍ന്നാണ് ഈ മാമ്പ എഡിഷന്‍ സ്‌കൂട്ടര്‍ ലേലത്തിനെത്തിച്ചിരിക്കുന്നത്. 

കറുപ്പ് നിറത്തിലാണ് മാമ്പ എഡിഷന്‍ വെസ്പ പ്രൈമവേര ഒരുങ്ങിയിരിക്കുന്നത്. ഇതില്‍ പര്‍പ്പിള്‍, ഗോള്‍ഡ് നിറങ്ങളില്‍ സ്ട്രിപ്പുകള്‍ നല്‍കിയാണ് മോടിപിടിപ്പിച്ചിരിക്കുന്നത്. ബൈക്കിന്റെ രണ്ട് വശങ്ങളിലുമായി എട്ട്, 24 എന്നീ നമ്പറുകള്‍ അലേഖനം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ, ബ്രെയന്റെ കരിയറിലെ ഹൈലൈറ്റുകള്‍ ഈ സ്‌കൂട്ടറിന്റെ മുന്നിലും നല്‍കിയിട്ടുണ്ട്.

സ്‌കൂട്ടറിന്റെ വശങ്ങളില്‍ വെസ്പ ബാഡ്ജിങ്ങിന് പകരം അതേ ലെറ്ററില്‍ മാമ്പ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഈ സ്‌കൂട്ടറിലെ ഫ്‌ളോര്‍ ബോര്‍ഡില്‍ ബ്രെയന്റെ ഉദ്ധരണിയായ ടീമില്‍ ഞാന്‍ എന്നതില്ല, പക്ഷെ, മോഫോയില്‍ M-E ഉണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുന്നിലെ പിയാജിയോ ലോഗോയുടെ സ്ഥാനത്ത് കെ.ബി എന്നാണ് നല്‍കിയിട്ടുള്ളത്.  ഇ-ബേ ജര്‍മനിയിലാണ് ഈ സ്‌കൂട്ടറിന്റെ ലേലം നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ രൂപ 5.45 ലക്ഷം രൂപയാണ് ഏറ്റവും ഉയര്‍ന്ന ലേലതുക. 

ഈ വർഷം ആദ്യം കാലിഫോർണിയയിൽ നടന്ന ഹെലികോപ്റ്റർ അപകടത്തിലാണ് മുന്‍ NBA സൂപ്പർ താരമായ കോബി ബ്രയനും മകളും ഉള്‍പ്പടെ കൊല്ലപ്പെടുന്നത്. 

click me!