വിജിലന്‍സ് വരുന്നതറിയാന്‍ ആര്‍ടി ഉദ്യോഗസ്ഥരുടെ 'തരികിട'; കൈയ്യോടെ പൊക്കി വിജിലന്‍സ്!

By Web TeamFirst Published Jan 12, 2020, 12:23 PM IST
Highlights

കൈക്കൂലി വാങ്ങുന്നത് പിടികൂടാനെത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ 'തരികിട'

തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നത് പിടികൂടാനെത്തുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരെ കണ്ടുപിടിക്കാന്‍ ചെക്ക് പോസ്റ്റില്‍ സ്വന്തം നിലയ്ക്ക് 'നിരീക്ഷണ ക്യാമറകള്‍' സ്ഥാപിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. പക്ഷേ രഹസ്യവിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിജലന്‍സ് ഉദ്യോഗസ്ഥര്‍ ഈ ക്യാമറകള്‍ കൈയ്യോടെ പൊക്കുകയും ചെയ്‍തു. വാളയാര്‍ ചെക്ക് പോസ്റ്റിലായിരുന്നു ഉദ്യോഗസ്ഥരുടെ ഈ സൂത്രപ്പണി. 

മണ്ഡലകാലം ആരംഭിച്ചതോടെ ചെക്ക് പോസ്റ്റില്‍ കൈക്കൂലി ഒഴുകുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിജലന്‍ലസ് നടത്തിയ മിന്നല്‍പരിശോധനയില്‍ നിരവധി ഉദ്യോഗസ്ഥരും ഏജന്‍റുമാരും ഉള്‍പ്പെടെ കുടുങ്ങുകയും ലക്ഷങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‍തിരുന്നു. വിജിലന്‍സിന്‍റെ ഈ മിന്നല്‍പരിശോധന മുന്‍കൂട്ടി മനസിലാക്കാനാണ് ആര്‍ടി ഉദ്യോഗസ്ഥര്‍ ചെക്ക് പോസ്റ്റില്‍ ക്യാമറകള്‍ സ്ഥാപിച്ചത്. 

സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് ചെക്ക് പോസ്റ്റ് കെട്ടിടത്തിനു പുറത്ത് നാല് ക്യാമറകളാണ് ഉദ്യോഗസ്ഥര്‍ വച്ചത്. സര്‍ക്കാര്‍ അനുമതിയില്ലാതെ പാലക്കാടുള്ള സ്വകാര്യ ഏജന്‍സിയെക്കൊണ്ട് 50 മീറ്റര്‍ മുതല്‍ 100 മീറ്റര്‍ പരധിവരെയുള്ള ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് വിജലന്‍സ് മിന്നല്‍ പരിശോധന നടത്തി. 

തുടര്‍ന്ന് ചെക്ക് പോസ്റ്റ് റോഡിലേക്ക് അഭിമുഖമായി വച്ചിരുന്ന ഈ ക്യാമറകളെ കൈയ്യോടെ പൊക്കി. ഈ ക്യാമറകളുടെ സ്‍ക്രീനുകള്‍ ആര്‍സി ബുക്കുകള്‍ പരിശോധിക്കുന്ന ഹാളിലിരിക്കുന്ന എല്ലാ ആര്‍ടി ഉദ്യോഗസ്ഥര്‍ക്കും കാണാന്‍ സാധിക്കുന്ന വിധത്തിലായിരുന്നു ഉറപ്പിച്ചിരുന്നത്. എന്നാല്‍ ചെക്ക് പോസ്റ്റിന് സമീപത്തോ പരിശോധന നടക്കുന്ന ഭാഗങ്ങളിലോ ഒരു ക്യാമറ പോലും സ്ഥാപിച്ചിരുന്നുമില്ലെന്ന് വിജലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

എന്തായാലും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ ഈ തരികിടയെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാറിന് അയക്കാനുള്ള നീക്കത്തിലാണ് വിജിലന്‍സ് അധികൃതര്‍. 

click me!