
ലോകമെമ്പാടുമായി ബോക്സ് ഓഫീസിൽ ഏകദേശം 11 ബില്യൺ കളക്ഷൻ നേടിയ ചിത്രമായിരുന്നു കൽക്കി 2898 എഡി. നാഗ് അശ്വിൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. മഹാനടി എന്ന ശ്രദ്ധേയമായ ചിത്രവും നാഗ് അശ്വിന്‍റെതായിരുന്നു. അതേസമയം ബോക്സ് ഓഫീസിൽ കോടികൾ വാരിക്കൂട്ടിയ സിനിമകൾ സമ്മാനിക്കുകയും ഇന്ത്യയിലെ മുൻനിര സംവിധായകരിൽ ഇടം നേടുകയും ചെയ്തിട്ടും, അശ്വിൻ ഇപ്പോഴും ഒരു അടിസ്ഥാന ജീവിതം നയിക്കുന്നു. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് മുതൽ ലളിതമായ സ്വഭാവം വരെ കാര്യങ്ങൾ ലളിതമായി പാലിക്കുന്നതിൽ അദ്ദേഹം പ്രശസ്തനാണ്. ഇപ്പോൾ വീണ്ടും വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ് നാഗ് അശ്വിൻ. മാരുതി 800 ഓടിക്കുന്ന അദ്ദേഹത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകുന്നത്.
വീഡിയോയിൽ അദ്ദേഹം ഓടിക്കുന്ന മാരുതി 800, DBC 1859 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ഒരു മഞ്ഞ കാറാണ്. കാറിൽ മറ്റ് നിരവധി ആളുകളയെും അദ്ദേഹത്തോടൊപ്പം കാണാം. ഫാരിയ അബ്ദുള്ള, നവീൻ പോളിഷെട്ടി, പ്രിയദർശി പുലികൊണ്ട, രാഹുൽ രാമകൃഷ്ണ എന്നിവർ അഭിനയിച്ച ജാതി രത്‌നലു എന്ന ചിത്രത്തിലും ഇതേ കാർ ഉണ്ടായിരുന്നു. വീഡിയോ ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങിയ ഉടൻ തന്നെ വൈറലായി. ആരാധകർ അദ്ദേഹത്തിന്റെ വിനയത്തെ പ്രശംസിച്ചു. വിജയം അദ്ദേഹത്തെ ഒരു തരത്തിലും മാറ്റിയിട്ടില്ലെന്ന് പലരും പറഞ്ഞു. 1983 ൽ ആദ്യം പുറത്തിറങ്ങിയ മാരുതി 800 ന്റെ വില ഏകദേശം 47,500 രൂപ ആയിരുന്നു.
മുമ്പും പലതവണ ഹൈദരാബാദിൽ നാഗ് അശ്വിൻ തന്റെ മാരുതി സുസുക്കി 800 ഓടിക്കുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ഒരു അഭിമുഖത്തിൽ എന്തുകൊണ്ടാണ് ഇപ്പോഴും ആ ചെറിയ കാർ ഉപയോഗിക്കുന്നതെന്ന് ചോദിച്ചപ്പോൾ, അതിൽ അസാധാരണമായി ഒന്നുമില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിശദീകരണം. കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആരോ താൻ അത് ഓടിക്കുന്നതിന്റെ വീഡിയോ പകർത്തിയെന്നും അദ്ദേഹം പറഞ്ഞു. കൽക്കി 2898 എഡിയുടെ വിജയത്തിനുശേഷം, അമിതാഭ് ബച്ചൻ, പ്രഭാസ്, കമൽ ഹാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൽക്കി 2 വിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുമായി തിരക്കിലാണ് ഇപ്പോൾ നാഗ് അശ്വിൻ.