
ഗോൾഫ് ജിടിഐ എഡിഷൻ 50 ന്റെ ഫീച്ചറുകൾ ഫോക്‌സ്‌വാഗൺ വെളിപ്പെടുത്തി. 1975 ൽ ഗോൾഫ് ജിടിഐയിൽ അവതരിപ്പിച്ച ജിടിഐ ബാഡ്ജിന്റെ 50-ാം വാർഷികം (2026 ൽ) ആഘോഷിക്കുന്നതിനായാണ് പ്രത്യേക പതിപ്പ് മോഡൽ പുറത്തിറക്കിയിരിക്കുന്നത്. എങ്കിലും, ഹാച്ച്ബാക്കിന്റെ എത്ര യൂണിറ്റുകൾ വിൽപ്പനയ്‌ക്കെത്തുമെന്ന് ഫോക്‌സ്‌വാഗൺ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 2.0 ലിറ്റർ എഞ്ചിന്റെ റീട്യൂൺ ചെയ്ത പതിപ്പ് ഉൾക്കൊള്ളുന്ന ഗോൾഫിന്റെ ഈ പതിപ്പ് ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയതും ശക്തവുമായ ജിടിഐ മോഡലാണ്. കാറിന്റെ ഉത്പാദനം വർഷാവസാനത്തോടെ മാത്രമേ ആരംഭിക്കൂ എന്നും 2026 ന്റെ തുടക്കത്തിൽ ഡെലിവറികൾ ആരംഭിക്കുമെന്നും ഫോക്‌സ്‌വാഗൺ അറിയിച്ചു.
ഗോൾഫ് ജിടിഐ ക്ലബ്‌സ്‌പോർട്ടിലെ അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ തന്നെയാണെങ്കിലും, പവർ ഔട്ട്‌പുട്ട് 321 bhp കരുത്തും 420 Nm ടോർക്കും ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 25 bhp കരുത്തും 20 Nm ടോർക്കും വർദ്ധിപ്പിച്ചു. എഞ്ചിൻ ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഡ്യുവൽ-ക്ലച്ച് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഹാച്ച്ബാക്കിന് പൂജ്യം മുതൽ 100 വരെ സ്പ്രിന്റ് 5.5 സെക്കൻഡിനുള്ളിൽ വേഗം കൈവരിക്കാൻ സാധിക്കും. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, 20.8 കിലോമീറ്റർ നോർഡ്‌ഷ്ലീഫ് 07:46.13 മിനിറ്റിനുള്ളിൽ പൂർത്തിയാക്കി. ട്രാക്കിൽ ലാപ് ചെയ്യുന്ന ഏറ്റവും വേഗതയേറിയ ഫോക്‌സ്‌വാഗൺ ബാഡ്ജ് ചെയ്ത വാഹനം എന്ന പദവി ഗോൾഫ് ജിടിഐ എഡിഷൻ 50 നേടി.
ഫോക്‌സ്‌വാഗൺ ഹാച്ച്ബാക്കിനൊപ്പം ഒരു ഓപ്‌ഷണൽ ജിടിഐ പെർഫോമൻസ് പാക്കേജും വാഗ്ദാനം ചെയ്യുന്നു. ഈ പതിപ്പിന്റെ റൈഡ് ഉയരം ഇതിനകം സ്റ്റാൻഡേർഡ് ഗോൾഫിനേക്കാൾ 15 എംഎം കുറവാണ്. പാക്കേജ് റൈഡ് ഉയരം അഞ്ച് എംഎം കൂടി കുറയുന്നു. പരിഷ്‍കരിച്ച സസ്‌പെൻഷനു പുറമേ, 19 ഇഞ്ച് വാർമെനൗ ഫോർജ്ഡ് വീലുകളിൽ ബ്രിഡ്ജ്‌സ്റ്റോണിൽ നിന്നുള്ള 235 പൊറ്റെൻസ റേസ് സെമി-സ്ലിക്ക് ടയറുകളും 11 കിലോഗ്രാം അധിക ഭാരം ലാഭിക്കുന്ന അക്രപോവിക് ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും പാക്കേജിൽ ഉൾപ്പെടുന്നു. പ്രോഗ്രസീവ് സ്റ്റിയറിംഗിനും സ്റ്റാൻഡേർഡ് അഡാപ്റ്റീവ് ഷാസി കൺട്രോളിനും (DCC) പരിഷ്‍കരിച്ച സോഫ്റ്റ്‌വെയറും പാക്കേജിൽ ഉൾപ്പെടുന്നു.
പുതിയ മോഡലിൽ പുറത്ത് ഗോൾഫ് ജിടിഐ എഡിഷൻ 50 ബാഡ്‍ജിംഗ്, ഡോർ സിൽസുകളിൽ ഒരു പ്രത്യേക ട്രിം, കറുത്ത പെയിന്റ് വർക്ക് ഉള്ള മേൽക്കൂര, കറുത്ത എക്സ്റ്റീരിയർ മിറർ ഹൗസിംഗുകൾ, എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിൽ കറുത്ത ടെയിൽ പൈപ്പ് ട്രിമ്മുകൾ തുടങ്ങിയവ ഉണ്ട്. ഉൾവശത്ത്, കാറിന് സീറ്റുകൾക്കായി പ്രത്യേക പാറ്റേണിംഗ് ലഭിക്കുന്നു, അതിൽ ചുവന്ന സീറ്റ് ബെൽറ്റുകൾക്ക് പുറമേ റേസിംഗ് ഗ്രീൻ സ്ട്രൈപ്പുകളും ഉൾപ്പെടുന്നു.