Latest Videos

മികച്ച വില്‍പ്പനയുമായി ഈ ഇലക്ട്രിക്ക് ടൂവീലര്‍ നിര്‍മ്മാതാക്കള്‍

By Web TeamFirst Published Nov 1, 2021, 3:39 PM IST
Highlights

പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലറുകളിലൊന്നായ 'ജോയ്-ഇ-ബൈക്കി'ന്റെ (Joy E Bike) നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് (Wardwizard Innovations & Mobility Ltd) 2022 സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ 7000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകള്‍ വിറ്റഴിച്ചു. 

കൊച്ചി: പ്രമുഖ ഇലക്ട്രിക്ക് ടൂ-വീലറുകളിലൊന്നായ 'ജോയ്-ഇ-ബൈക്കി'ന്റെ (Joy E Bike) നിര്‍മാതാക്കളായ വാര്‍ഡ്‌വിസാര്‍ഡ് (Wardwizard Innovations & Mobility Ltd) 2022 സാമ്പത്തിക വര്‍ഷം പകുതിയായപ്പോള്‍ 7000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകള്‍ വിറ്റഴിച്ചു. സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു കമ്പനി.

ഏറ്റവും ഉയര്‍ന്ന എണ്ണംകുറിച്ച കമ്പനി 2022 സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 33.51 കോടി രൂപ വരുമാനം നേടിയെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2021ല്‍ ഇത് 6.90 കോടി രൂപയായിരുന്നു. 386 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അര്‍ധ വാര്‍ഷിക വരുമാനം 45.04 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ 10.41 കോടി രൂപ കണക്കാക്കുമ്പോള്‍ 332 ശതമാനം വളര്‍ച്ച.  സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിലെ 5000ത്തിലധികം ഇലക്ട്രിക്ക് ടൂ-വീലറുകളുടെ വില്‍പ്പനയിലൂടെ കമ്പനി നികുതി കൊടുക്കും മുമ്പ് 2.35 കോടി രൂപയുടെ വരുമാനവും നികുതിക്കു ശേഷം 1.61 കോടി രൂപയും കുറിച്ചു. 2021ല്‍ ഈ കാലയളവിലെ വരുമാനം 28 ലക്ഷം രൂപയായിരുന്നു. 739 ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ച 475 ശതമാനമായിരുന്നു.

കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വാര്‍ഡ്‌വിസാര്‍ഡ് ഈ വര്‍ഷം പകുതിയായപ്പോള്‍ തന്നെ ആ നേട്ടം മറികടന്നുവെന്നും ഇലക്ട്രിക് ടൂ-വീലറുകളോടുള്ള ആളുകളുടെ താല്‍പര്യം ഏറിയത് എല്ലാ തലത്തിലും കമ്പനിക്ക് നേട്ടമായെന്നും വര്‍ധിച്ചു വരുന്ന ഇന്ധന വിലയും അധികൃതരുടെ ഭാഗത്തു നിന്നുള്ള പിന്തുണയും പല സംസ്ഥാനങ്ങളിലും ഇലക്ട്രിക്ക് വാഹനങ്ങള്‍ ഉപഭോക്താക്കളുടെ ആദ്യ  ചോയ്‌സായി മാറിയെന്നും ഉല്‍സവ കാലത്ത് ബുക്കിങിലും അന്വേഷണങ്ങളിലും വന്‍ വര്‍ധന കാണുന്നുണ്ടെന്നും സാമ്പത്തിക വര്‍ഷത്തിന്റെ ബാക്കി പാദത്തില്‍ കൂടി വളര്‍ച്ച തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പുതിയ എക്‌സ്പീരിയന്‍സ് കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതും വാര്‍ഷിക ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതും വഴി കൂടുതല്‍ നഗരങ്ങളിലും അര്‍ധ നഗരങ്ങളിലുമുള്ള ഉപഭോക്താക്കളിലേക്ക് എത്തുന്നതിന് ലക്ഷ്യമിടുകയാണെന്നും വാര്‍ഡ്‌വിസാര്‍ഡ് ഇന്നവേഷന്‍സ് ആന്‍ഡ് മൊബിലിറ്റി ലിമിറ്റഡ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ സ്‌നേഹ ഷൗചെ പറഞ്ഞു.
 

click me!