വീടുകളെ ദാരിദ്ര്യക്കുഴിയിലേക്കെറിഞ്ഞ് റോഡപകടങ്ങള്‍, ഞെട്ടിക്കുന്ന പഠനം

By Web TeamFirst Published Feb 16, 2021, 10:05 PM IST
Highlights

റോഡപകടങ്ങളും മരണങ്ങളും അതിന്‍റെ ഇരകളെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്നതായി ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്

ദില്ലി: രാജ്യത്തെ റോഡപകടങ്ങളും  മരണങ്ങളും പാവപ്പെട്ട കുടുംബങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതായി പഠന റിപ്പോര്‍ട്ട്.  റോഡപകടങ്ങളും മരണങ്ങളും അതിന്‍റെ ഇരകളെ ദാരിദ്രത്തിന്റെ പടുകുഴിയിലേക്കും കടക്കെണിയിലേക്കും തള്ളിവിടുന്നതായി ലോക ബാങ്കിന്‍റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.

'റോഡപകടങ്ങളും വൈകല്യങ്ങളും: ഇന്ത്യന്‍ സമൂഹത്തിന്മേലുള്ള ബാധ്യത' എന്ന പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തെ റോഡപകട മരണങ്ങള്‍, ദാരിദ്ര്യം, അസമത്വം, ഇന്ത്യയിലെ ദുര്‍ബലരായ റോഡ് ഉപഭോക്താക്കള്‍ എന്നിവ തമ്മിലുള്ള ബന്ധം കണ്ടെത്തുന്നു. അപകടങ്ങളുടെ സാമൂഹിക-സാമ്പത്തിക ആഘാതം ഈ പഠനം ഉയർത്തിക്കാട്ടുന്നു. സേവ് ലൈഫ് ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തിയ പഠനം, ദരിദ്രരും പിന്നാക്കം നില്‍ക്കുന്നതുമായ വീടുകളില്‍ റോഡ് അപകടങ്ങള്‍ക്കുശേഷം ഉണ്ടായ സാമൂഹിക, സാമ്പത്തിക, ലിംഗ, മാനസിക പ്രത്യാഘാതങ്ങള്‍ വിശദമായി വിലയിരുത്തുന്നുണ്ട്. ഈ പഠന റിപ്പോര്‍ട്ട് അനുസരിച്ച്, കൂടുതല്‍ അപകട കേസുകളും ഇരകളുടെ കുടുംബങ്ങളും ഉത്തര്‍പ്രദേശ്, ബീഹാര്‍, തമിഴ്‍നാട്, മഹാരാഷ്ട്ര എന്നീ നാല് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു.

കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി 1.5 ലക്ഷം മരണങ്ങളില്‍ കലാശിച്ച 4.5 ലക്ഷത്തോളം റോഡപകടങ്ങളാണ് ഇന്ത്യയില്‍ ഉണ്ടായിരിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു. റോഡപകടങ്ങൾ താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്കിടയിൽ മൊത്തം ഗാർഹിക വരുമാനത്തിൽ കുത്തനെ ഇടിവുണ്ടാക്കി, ഉയർന്ന വരുമാനമുള്ള കുടുംബങ്ങളെ അപേക്ഷിച്ച് ഇത് 75% വരെ ഉയർന്നതാണ്. റോഡപകട മരണങ്ങളുടെ തല്‍ഫലമായി 75 ശതമാനത്തോളം പാവപ്പെട്ട കുടുംബങ്ങളുടെ വരുമാനം കുത്തനെ ഇടിഞ്ഞു. വരുമാനം കുറവുള്ള 65 ശതമാനത്തോളം കുടുംബങ്ങളുടെ ജീവിത നിലവാരം ക്ഷയിച്ചു.  50 ശതമാനത്തോളം പേര്‍ക്ക് അപകടത്തിന് ശേഷം മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായതായും പഠനം വ്യക്തമാക്കുന്നു. താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ വീടുകളിൽ അപകടമരണങ്ങള്‍ മരണങ്ങളുടെ ഇരട്ടിയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഒരു അപകടത്തിനു ശേഷം ഇര വൈകല്യത്തിന് വിധേയരാകാനുള്ള സാധ്യതയും പാവപ്പെട്ട കുടുംബങ്ങളിൽ രണ്ടുമടങ്ങ് കൂടുതലാണെന്നും പഠനം പറയുന്നു. 

റോഡപകടങ്ങള്‍ ലിംഗപരമായി ഉണ്ടാക്കുന്ന പ്രത്യഘാതങ്ങളിലേക്കും പഠനം വിരല്‍ ചൂണ്ടുന്നുണ്ട്.  സ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന പ്രശ്‍നങ്ങളും ബാധ്യകളുമാണ് ഇതില്‍ എടുത്തു പറയുന്നത്. അപകട ഇരകളായ ദരിദ്രരുടെയും സമ്പന്നരുടെയും കുടുംബങ്ങളിലെ സ്ത്രീകള്‍ പരിക്കേറ്റവരുടെ ഭാരം വഹിക്കുന്നു. ഈ സ്ത്രീകള്‍ പലപ്പോഴും അധിക ജോലിയും കൂടുതല്‍ ഉത്തരവാദിത്തങ്ങളും ഏറ്റെടുക്കുന്നതായും പരിചരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പഠനം കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല അപകടങ്ങളുണ്ടായ ശേഷം ഗാര്‍ഹിക വരുമാനം കുറയുന്നത് 50 ശതമാനം സ്ത്രീകളെയും സാരമായി ബാധിച്ചിട്ടുണ്ട്. 40 ശതമാനം സ്ത്രീകളും അപകട ശേഷം അവരുടെ ജോലിയില്‍ മാറ്റം വരുത്തി. 11 ശതമാനം പേര്‍ സാമ്പത്തിക പ്രതിസന്ധി നേരിടാനായി അധിക ജോലി ഏറ്റെടുക്കുന്നു. 

ജീവന്‍ രക്ഷിക്കുന്നതിനും ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അവരുടെ സ്വന്തം കാലില്‍ നില്‍ക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുന്നതിനും ഉടനടി സാമ്പത്തിക, വൈദ്യ, നിയമ സഹായം നല്‍കുന്നതുമായി ബന്ധപ്പെട്ട് നയപരമായ സമീപനങ്ങളുണ്ടാവണമെന്ന് പഠന റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. കണ്ണു തുറപ്പിക്കുന്നതാണ് ഈ പഠന റിപ്പോര്‍ട്ടെന്ന്  റിപ്പോര്‍ട്ട് പുറത്തു വിട്ടുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്‍കരി പറഞ്ഞു.

പഠനത്തിനായി മൊത്തം 2,499 അഭിമുഖങ്ങൾ നടത്തി. ഇതിൽ 1,647 താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾ, 432 ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾ, 420 ട്രക്ക് ഡ്രൈവർമാർ എന്നിവർ ഉൾപ്പെടുന്നു. സർവേയിൽ പങ്കെടുത്ത ട്രക്ക് ഡ്രൈവർമാരിൽ അഞ്ചില്‍ രണ്ടുപേര്‍ക്കു മാത്രമാണ് അപകടസമയത്ത് യഥാക്രമം മെഡിക്കൽ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ് എന്നിവ ഉണ്ടായിരുന്നത്. മൂന്നിൽ രണ്ട് ട്രക്ക് ഡ്രൈവർമാർക്കും തേഡ് പാര്‍ട്ടി ഇൻഷുറൻസിനെക്കുറിച്ച് അറിയുകയേ ഇല്ലായിരുന്നു. മാത്രമല്ല ഈ ഡ്രൈവർമാരില്‍ ആരും തന്നെ ആശുപത്രികളിലെ പണരഹിത ചികിത്സയുടെയോ എക്സ് ഗ്രേഷ്യ പദ്ധതികളുടെയോ പ്രയോജനം നേടിയിട്ടില്ലെന്നും പഠനം വ്യക്തമാക്കുന്നു.

click me!