
മഴക്കാലത്ത് വാഹനം ഓടിക്കുമ്പോൾ പല ഡ്രൈവർമാരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് കാറിന്റെ മുൻവശത്തെയോ പിൻവശത്തെയോ ഗ്ലാസുകളിൽ മൂടൽമഞ്ഞ് രൂപപ്പെടുന്നത്. എസി പ്രവർത്തിപ്പിച്ചതിന് പിന്നാലെ ഗ്ലാസ് മങ്ങുന്നത് റോഡിന്റെ കാഴ്ച തടസ്സപ്പെടുത്തുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യാം. എന്നാൽ മിക്ക ആധുനിക കാറുകളിലും ഇതിനുള്ള പരിഹാരമായി ഡി-ഫോഗർ (Defogger) അല്ലെങ്കിൽ ഡിഫ്രോസ്റ്റർ (Defroster) എന്ന സൗകര്യം ലഭ്യമാണ്.
കാറിനുള്ളിലെ തണുത്ത വായുവും പുറത്തുള്ള ചൂടും ഈർപ്പവും കലർന്ന വായുവും തമ്മിലുള്ള താപനില വ്യത്യാസമാണ് ഗ്ലാസിൽ ഈർപ്പം അടിഞ്ഞുകൂടാൻ കാരണം. ഇതോടെ വിൻഡ്ഷീൽഡിലും സൈഡ് ഗ്ലാസുകളിലും മൂടൽമഞ്ഞ് രൂപപ്പെടുന്നു. മഴക്കാലത്തും ശൈത്യകാലത്തുമാണ് ഈ പ്രശ്നം കൂടുതലായി അനുഭവപ്പെടുന്നത്.
ഗ്ലാസ് മങ്ങുമ്പോൾ കാറിലെ ഡി-ഫോഗർ അല്ലെങ്കിൽ ഡിഫ്രോസ്റ്റർ ഓണാക്കിയാൽ, മുൻവശത്തെയും പിൻവശത്തെയും ഗ്ലാസിലേക്ക് ചൂടുള്ള വായു എത്തിക്കും. ഇതിലൂടെ ഗ്ലാസിൽ രൂപപ്പെട്ട ഈർപ്പം വളരെ വേഗത്തിൽ നീങ്ങി കാഴ്ച വീണ്ടും വ്യക്തമാകും. സുരക്ഷിതമായ ഡ്രൈവിംഗിന് ഈ സംവിധാനം ഏറെ സഹായകരമാണ്.
പല കാറുകളുടെയും പിൻവശത്തെ ഗ്ലാസിൽ നേർത്ത വരകൾ കാണാറുണ്ട്. ഇവ അലങ്കാരത്തിനല്ല. റിയർ ഡി-ഫോഗർ സംവിധാനത്തിന്റെ ഭാഗമായ ഹീറ്റിംഗ് എലമെന്റുകളാണവ. ഡി-ഫോഗർ പ്രവർത്തിപ്പിക്കുമ്പോൾ ഈ വരകൾ ചൂടാകുകയും ഗ്ലാസിലെ ഈർപ്പം വേഗത്തിൽ നീക്കം ചെയ്യുകയും ചെയ്യുന്നു. മഴക്കാലത്ത് പിന്നിലേക്കുള്ള കാഴ്ച വ്യക്തമാക്കുന്നതിൽ ഇവ നിർണായക പങ്ക് വഹിക്കുന്നു.
നിങ്ങളുടെ കാറിൽ ഡി-ഫോഗർ സൗകര്യമില്ലെങ്കിൽ ചില ലളിതമായ മാർഗങ്ങൾ പരീക്ഷിക്കാം. എസിയുടെ താപനില അൽപം ഉയർത്തുക, ഫ്രഷ് എയർ മോഡ് ഓണാക്കുക, ആവശ്യമെങ്കിൽ ഒരു ജനൽ ചെറുതായി തുറക്കുക. ഇതിലൂടെ കാറിനകത്തെയും പുറത്തെയും താപനില ക്രമേണ തുല്യമാകുകയും ഗ്ലാസിലെ മൂടൽമഞ്ഞ് മാറുകയും ചെയ്യും.
യാത്ര തുടങ്ങുന്നതിന് മുമ്പ് എല്ലാ ഗ്ലാസുകളും വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കുക. എസി അമിതമായി തണുപ്പിക്കാതെ ആവശ്യാനുസരണം ഫ്രഷ് എയർ മോഡ് ഉപയോഗിക്കുന്നത് നല്ലതാണ്. ഡി-ഫോഗർ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കണം. യാത്രയ്ക്കിടെ ഗ്ലാസ് മങ്ങുകയാണെങ്കിൽ, വ്യക്തമായ കാഴ്ച ലഭിച്ച ശേഷം മാത്രമേ വാഹനം മുന്നോട്ടെടുക്കാവൂ. കാരണം, മഴക്കാലത്ത് സുരക്ഷിതമായ ഡ്രൈവിങ്ങിന്റെ ഏറ്റവും പ്രധാന ഘടകം വ്യക്തമായ ദൃശ്യപരതയാണ്.