അപകടമരണം; 3 കോടിയോളം നഷ്‍ടപരിഹാരം നല്‍കാന്‍ നിര്‍ണായക വിധി

By Web TeamFirst Published Sep 26, 2018, 9:42 AM IST
Highlights

ബൈക്കില്‍ ലോറിയിടിച്ച് യുവതിയും പിതാവും മരിച്ച സംഭവത്തില്‍ മൂന്നു കോടിയോളം രൂപ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അഞ്ച് വര്‍ഷം മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് പത്തനംതിട്ട വാഹനാപകട ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത കേസിലാണ് ശ്രദ്ധേയമായ വിധി. 

ബൈക്കില്‍ ലോറിയിടിച്ച് യുവതിയും പിതാവും മരിച്ച സംഭവത്തില്‍ മൂന്നു കോടിയോളം രൂപ നഷ്‍ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. അഞ്ച് വര്‍ഷം മുമ്പ് നടന്ന അപകടത്തെ തുടര്‍ന്ന് പത്തനംതിട്ട വാഹനാപകട ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത കേസിലാണ് ശ്രദ്ധേയമായ വിധി.  കുളത്തൂപ്പുഴ വട്ടക്കരിക്കം സ്വദേശിനി ഷിബി ഏബ്രഹാം (34), പിതാവ് എബ്രഹാം മാത്യു എന്നിവര്‍ മരിച്ച അപകടത്തിലാണ് സംസ്ഥാനത്തെ വാഹനാപകട ചരിത്രത്തിലെ നിര്‍ണായക വിധി.

2013 മെയ് 9നായിരുന്നു അപകടം. ഓസ്ട്രേലിയയിലെ പബ്ലിക്ക് ഹോസ്പിറ്റലില്‍ രജിസ്ട്രേഡ് നഴ്‍സായി ജോലി ചെയ്യുകയായിരുന്ന ഷിബി എംബിഎ പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയതായിരുന്നു. പിതാവിനൊപ്പം ബൈക്കില്‍ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ലോറി ഇടിച്ചുതെറിപ്പിച്ചാണ് അപകടം. ഷിബി തല്‍ക്ഷണവും പിതാവ് ആശുപത്രിയിലും വച്ച് മരണത്തിനു കീഴടങ്ങി. 

തുടര്‍ന്ന് ഷിബിയുടെ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഏഴും രണ്ടും വയസ്സുള്ള കുട്ടികളുടെ ഭാവി സംരക്ഷണവും കണക്കിലെടുത്ത് നഷ്ടപരിഹാരമായി 2.92 കോടി രൂപ നല്‍കാന്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് കോടതി ഉത്തരവിടുകയായിരുന്നു. ഇതിന് ഹര്‍ജി തീയ്യതി മുതല്‍ 7 ശതമാനം പലിശയും കോടതി ചെലവും നല്‍കണം. ഈ തുക കമ്പനി 30 ദിവസത്തിനകം കോടതിയില്‍ കെട്ടിവയ്ക്കണം. ഷിബിയുടെ പിതാവ് എബ്രഹാം മാത്യുവിന്‍റെ അവകാശികള്‍ക്ക് 4.92 ലക്ഷം രൂപയും ഹര്‍ജി തീയ്യതി മുതല്‍ 9 ശതമാനം പലിശയും കോടതി ചെലവും നല്‍കാനും ഉത്തരവില്‍ പറയുന്നു.

അപകടമരണങ്ങളിലെ നഷ്‍ടപരിഹാരവുമായി ബന്ധപ്പെട്ട് നിര്‍ണായകമായാണ് ഇത്തരം ഉത്തരവുകള്‍ കണക്കാക്കുന്നത്. അപകടത്തില്‍ മരിച്ച വ്യക്തിയുടെ ഭാവിയിലെ നഷ്ടങ്ങളും കൂടി കണക്കിലാക്കിയുള്ള ഇത്തരം ഉത്തരവുകള്‍ പുതിയ നാഴികക്കല്ലുകളാകും. 

click me!