അടുത്ത ഒക്ടോബർ മുതൽ കാറുകളിൽ എയർബാഗ് നിർബന്ധമാക്കും

By Web DeskFirst Published Nov 10, 2016, 6:52 AM IST
Highlights

ദില്ലി: പുതിയ കാറുകളിൽ അടുത്ത വർഷം ഒക്ടോബർ മുതൽ എയർബാഗ് നിർബന്ധം. ഇതുസംബന്ധിച്ച മാർഗ്ഗ നിർദ്ദേശം കേന്ദ്രസർക്കാർ പുറത്തിറക്കി. റിയർവ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും കാർ നിർമാതാക്കൾ നിർബന്ധമായും പുതിയ കാറുകളിൽ ഉൾപ്പെടുത്തണം. രാജ്യത്തെ കാറുകളുടെ സുരക്ഷ കർശനമാക്കുന്നുതിന്‍റെ ഭാഗമായാണ് അടുത്ത വർഷം ഒക്ടോബർ മുതൽ പുതിയ കാറുകളിൽ എയർബാഗ് നിർബന്ധമാക്കുന്നത്.

അപകടമുണ്ടാകുമ്പോൾ യാത്രക്കാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള സംവിധാനമാണ് എയർബാഗ്. ഇതിനൊപ്പം റിയർവ്യൂ ക്യാമറയും വേഗനിയന്ത്രണ അലാറവും പുതിയ കാറുകളിൽ നിർബന്ധമാക്കും. കാർ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിച്ചാൽ വേഗം കൂടുതലാണെന്ന് മുന്നറിയപ്പ് നൽകുന്ന സംവിധാനമാണ് വേഗനിയന്ത്രണ അലാറം. വേഗത മണിക്കൂറിൽ 100 കിലോമീറ്റർ കടന്നാൽ കാർ തുടർച്ചായി അലാം മുഴക്കും.

കാർ പിന്നോട്ട് എടുക്കുമ്പോൾ കുട്ടികൾ അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തന്നതിനാണ് റിവേഴ്സ് ക്യാമറ. സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ മുന്നറിയിപ്പ് നൽകുന്ന സംവിധാനവും കാറുകളിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കിയ നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കാർ നിർമാതാക്കളുടെ അഭിപ്രായം കൂടി തേടിയ ശേഷമായിരിക്കും ഈ മർഗ്ഗ നിർദ്ദേശങ്ങൾ കേന്ദ്രം നിയമമാക്കുക.

രാജ്യത്തെ വാഹന അപകടനിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി. അടുത്ത ഒക്ടോബർ മുതൽ ക്രാഷ് ടെസ്റ്റ് നിർബന്ധമാക്കുമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. കാറുകളുടെ അടിസ്ഥാന മോഡലുകളിലും എയർബാഗ് അടക്കമുള്ള സംവിധാനങ്ങൾ നിർബന്ധമാക്കുന്നതോടെ കാർ വില നേരിയ തോതിൽ ഉയരാൻ സാധ്യതയുണ്ട്.

 

 

click me!