അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടും; ചരിത്രം കുറിക്കാന്‍ ഇന്ത്യ

By Web TeamFirst Published Sep 7, 2018, 11:10 PM IST
Highlights

റോഡിൽ അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. 

ദില്ലി: റോഡിൽ അപകടസാധ്യത കണ്ടാൽ വാഹനം സ്വയം ബ്രേക്കിടുന്ന സാങ്കേതിക വിദ്യയായ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം ഇന്ത്യയിലേക്കുമെത്തുന്നതായി റിപ്പോര്‍ട്ട്. വേഗംകുറച്ചു വാഹനം സ്വയം നിയന്ത്രിക്കുന്ന നിർമിത ബുദ്ധിയായ (എഐ) ആണ് വരുന്നത്. ഇതു സംബന്ധിച്ചു ഗതാഗത മന്ത്രാലയം മന്ത്രി നിതിൻ ഗഡ്ക‌രിയുടെ നേതൃത്വത്തിൽ വാഹന നിർമാതാക്കളുമായി ആദ്യവട്ട ചർച്ച പൂർത്തിയാക്കിയതായാണ് സൂചന. 

ഒട്ടോണമസ് എമർജൻസി ബ്രേക്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കൺട്രോൾ, ആന്റി ലോക് ബ്രേക്, ലെയിൻ ഡിപ്പാർച്ചർ വാണിങ്, ക്രൂസ് കൺട്രോൾ എന്നിവ ഉൾപ്പെട്ടതാണ് അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം.  റോഡപകടങ്ങളെ തുടര്‍ന്നുള്ള മരണനിരക്കിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് അപകടങ്ങളിൽ പ്രതിവർഷം രണ്ടു ലക്ഷത്തോളം പേരാണു മരിക്കുന്നത്. രാജ്യത്തെ 80% അപകടങ്ങൾക്കും മാനുഷിക പിഴവാണു കാരണമെന്നാണു നിഗമനം. കൂട്ടിയിടി ഒഴിവാക്കാനും അപകടങ്ങൾ ഗണ്യമായി കുറയ്ക്കാനും പുതിയ പരിഷ്കാരം കൊണ്ടു കഴിയുമെന്നാണു പ്രതീക്ഷ. 

സ്വയംനിയന്ത്രിത ബ്രേക്കിങ് സംവിധാനം വികസിതരാജ്യങ്ങളിൽ 2021നകം നിലവിൽ വന്നേയ്ക്കും. തൊട്ടുപിന്നാലെ 2022 നകം ഇന്ത്യയിലും പരിഷ്കാരം നടപ്പാക്കാനാണു കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നാല്‍ രാജ്യത്തെ നിരത്തുകള്‍ പുതിയൊരു ചരിത്ര മുഹൂര്‍ത്തത്തിനാവും സാക്ഷിയാവുക.

click me!