
ബംഗളൂരു: ആംബുലൻസിനുള്ളില്‍ പിടയുന്ന മനുഷ്യജീവനെക്കണ്ടപ്പോള്‍ പിന്നെ അയാള്‍ മറ്റൊന്നും ചിന്തിച്ചില്ല. രാഷ്ട്രപതിയും പ്രോട്ടോക്കോളുമൊന്നും ഓര്‍ത്തുമില്ല. ആംബുലൻസിന് വഴിയൊരുക്കുന്നതിന് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ തടഞ്ഞ ട്രാഫിക് പൊലീസുകാരന് അഭിനന്ദനപ്രവാഹം. സബ് ഇൻസ്പെക്ടർ എം എൽ നിജലിംഗപ്പയാണ് മേലുദ്യോഗസ്ഥരുടെ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹം ഏറ്റുവാങ്ങുന്നത്. ശനിയാഴ്ച ബംഗളൂരുവിലെ ട്രിനിറ്റി സർക്കിളിലാണ് സംഭവം. പൊലീസ് ആംബുലൻസിന് വഴിയൊരുക്കാൻ ബൈപാസിൽ രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെയാണ് ഇദ്ദേഹം തടഞ്ഞു നിർത്തിയത്.
ബംഗളൂരു മെട്രോ ഉദ്ഘാടനത്തിനെത്തിയ രാഷ്ട്രപതി പ്രണബ് മുഖർജി രാജ് ഭവനിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് നിജലിംഗപ്പ വാഹനം തടഞ്ഞത്. രോഗിയെയും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് സമീപത്തെ എച്ച്.എ.എൽ ആശുപത്രിയിലേക്കാണെന്ന് അറിഞ്ഞ ഇദ്ദേഹം വാഹനങ്ങളെല്ലാം തടഞ്ഞുനിർത്തി. തിരക്കേറിയ ബൈപാസിൽ തടസമില്ലാതെ ആംബുലൻസിന് കടന്നുപോകാൻ ശരനിമിഷത്തിൽ നിജലിംഗപ്പ അവസരമൊരുക്കുകയായിരുന്നു.
പൂർണ ഉത്തരവാദിത്വത്തോടെയും മനുഷ്യത്വപരമായ സമീപനത്തോടെയും കൃത്യനിർവഹണം നടത്തിയ നിജലിംഗപ്പയെ ബംഗളൂരു ഈസ്റ്റ് ട്രാഫിക് ഡിവിഷൻ ഡെപ്യൂട്ടി കമീഷണർ അഭയ് ഗോയൽ അഭിനന്ദിച്ചു. നിജലിംഗപ്പയുടെ പ്രവൃത്തി അഭിനന്ദനാർഹമാണെന്ന് പൊലീസ് കമീഷണർ പ്രവീൺ സൂധും ട്വിറ്ററില്‍ കുറിച്ചു.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.