ആംബുലന്‍സ് പോലെ ആ ബസ് പാഞ്ഞപ്പോള്‍ തിരികെ കിട്ടിയത് ഒരു മനുഷ്യനെ!

By Web TeamFirst Published Oct 28, 2018, 3:53 PM IST
Highlights

ഒരൊറ്റ സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ, ആംബുലന്‍സിനെപ്പോലും തോല്‍പ്പിക്കുന്ന വേഗതയിലോടി ഒരു ജീവന്‍ രക്ഷിച്ച ബസ് ജീവനക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? പയ്യന്നൂരിലെ ജാനവി എന്ന ബസും അതിലെ മുന്നൂ ജീവനക്കാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും താരങ്ങളായത് അത്തരമൊരു സാഹസിക പ്രവര്‍ത്തിമൂലമാണ്.

പയ്യന്നൂര്‍: കേവലം ഒരു മിനുട്ടിനും അരമിനിട്ടുനു വേണ്ടിയുമൊക്കെ തമ്മില്‍ത്തല്ലുന്നവര്‍, മനുഷ്യ ജീവന്‍ കൈയ്യിലെടുത്ത് മരണപ്പാച്ചിലു നടത്തുന്നവര്‍, കേറാനോ ഇറങ്ങാനോ ഒരല്‍പ്പം താമസിച്ചാല്‍ അസഭ്യം പറയുന്നവര്‍. സ്വകാര്യ ബസ് ജീവനക്കാരെക്കുറിച്ച് ചോദിച്ചാല്‍ മഹാഭൂരിപക്ഷം യാത്രികര്‍ക്കും ഇതൊക്കെയാവും ഉത്തരം. എന്നാല്‍ ഒരൊറ്റ സ്റ്റോപ്പില്‍ പോലും നിര്‍ത്താതെ, ആംബുലന്‍സിനെപ്പോലും തോല്‍പ്പിക്കുന്ന വേഗതയിലോടി ഒരു ജീവന്‍ രക്ഷിച്ച ബസ് ജീവനക്കാരെക്കുറിച്ച് കേട്ടിട്ടുണ്ടോ? പയ്യന്നൂരിലെ ജാനവി എന്ന ബസും അതിലെ മുന്നൂ ജീവനക്കാരും കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ത്തകളിലും സോഷ്യല്‍മീഡിയയിലും താരങ്ങളായത് അത്തരമൊരു സാഹസിക പ്രവര്‍ത്തിമൂലമാണ്.

കോഴിക്കോട് - രാജഗിരി റൂട്ടിലോടുന്ന ജാനവി ബസില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്കു പോകുകയായിരുന്നു ബസ്. പയ്യന്നൂരില്‍ നിന്നും ബസില്‍ കയറിയ രതീഷ് എന്ന യാത്രികന്‍ ബസ് പാതിവഴിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു. ദേശീയപാതയില്‍ എടാട്ട് കോളേജ് സ്റ്റോപ്പിലായിരുന്നു അപ്പോള്‍ ബസ്. യാത്രികന്‍ കുഴഞ്ഞുവീണ വിവരം കണ്ടക്ടര്‍ സൈനേഷ് ഡ്രൈവര്‍ ജോബിയെ അറിയിച്ചു. പിന്നെ ആര്‍ടിഓയുടെ സമയ നിബന്ധനയോ മുതലാളിക്കു കൊടുക്കേണ്ട കളക്ഷന്‍ കണക്കോ വിശപ്പടക്കാനുള്ള കളക്ഷന്‍ ബത്തയോ ഒന്നും ഓര്‍ത്തില്ല, പകരം പരിയാരം മെഡിക്കല്‍ കോളേജിലെ ഹൃദയാലയ ലക്ഷ്യമാക്കി ബസ് കുതിച്ചു പാഞ്ഞു. ഹെഡ് ലൈറ്റുകളുമിട്ട് ഹോണുമടിച്ചു ചീറിപ്പാഞ്ഞ ബസിനു മുന്നില്‍ മറ്റ് വാഹനങ്ങള്‍ വഴിയൊരുക്കി. ജോബി ബസുമായി പായുന്നതിനിടയില്‍ കണ്ടക്ടര്‍ സൈനേഷും ക്ലീനര്‍ ബിബിയും ചേര്‍ന്ന് മറ്റ് യാത്രികരെ കാര്യം ബോധ്യപ്പെടുത്തി. അതോടെ അവരും ദൗത്യത്തിന്‍റെ ഭാഗമായി. 

പരിയാരം മെഡിക്കല്‍ കോളേജ് ജീവനക്കാരനായ രതീഷായിരുന്നു കുഴഞ്ഞു വീണ യാത്രികന്‍. ഈ സമയം ബസിലുണ്ടായിരുന്ന  മറ്റൊരു യാത്രികനായ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിയിലെ ജീവനക്കാരന്‍ ആശുപത്രിയില്‍ വിളിച്ച്‌ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. പിലാത്തറ ബസ്റ്റാന്‍ഡ് ഉള്‍പ്പെടെ ദേശീയപാതയിലെ അഞ്ചോളം സ്റ്റോപ്പുകള്‍ ഒഴിവാക്കി കുതിച്ചെത്തിയ ബസിനെയും കാത്ത് ആശുപത്രി അധികൃതര്‍ മുറ്റത്തു തന്നെ നിന്നിരുന്നു.  ഒടുവില്‍ രതീഷിനെ അത്യാഹിത വിഭാഗത്തിലാക്കി പരിശോധന ഉറപ്പുവരുത്തിയ ശേഷമാണ് ബസ് കണ്ണൂരിലേക്ക് പോയത്. പാടിയോട്ടുചാല്‍ സ്വദേശിയായ ജോബിയെയും ചെറുപുഴ സ്വദേശികളായ സൈനേഷിനെയും ബിബിയെയുമൊക്കെ തേടി സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ അഭിനന്ദന പ്രവാഹമാണ് ഇപ്പോള്‍.

അപ്പോള്‍ ബസ് ജീവനക്കാരെക്കുറിച്ച് ആദ്യം പറഞ്ഞ തരത്തില്‍ അഭിപ്രായമുള്ള യാത്രികര്‍ക്ക് ഇനി ഇങ്ങനെയത് തിരുത്താം. ബസ് ജീവനക്കാരെല്ലാം മോശക്കാരല്ല, അല്ലെങ്കില്‍ സമൂഹത്തിന്‍റെ വിവിധ ഇടങ്ങളിലുള്ള മോശക്കാര്‍ മാത്രമേ അവരിലുമുള്ളൂ.

click me!