കിക്കറും, ഇന്റിക്കേറ്ററും, ഹെഡ് ലൈറ്റും, വൈപ്പറും; മക്കൾക്ക് കളിക്കാൻ മിനി ഓട്ടോ നിർമ്മിച്ച് ഒരച്ഛൻ- വീഡിയോ

By Web TeamFirst Published Jan 19, 2019, 4:59 PM IST
Highlights

എന്നാൽ ഇന്നൊരു വണ്ടിക്ക് അത്രയ്ക്ക് കഷ്ടപ്പെടുകയൊന്നും വേണ്ട. ഹൈടെക് കളിപ്പാട്ടങ്ങളുടെ കാലമല്ലേ. ഓലപ്പന്തും പീപ്പിയും ചിരട്ടയും മണലൊന്നും ഇന്നത്തെ കുട്ടികൾക്ക് ആവശ്യമില്ല. അവർക്ക് റിമോർട്ടിൽ ആടിപ്പാടുന്ന ബൊമ്മയും കാറും വിമാനവും തോക്കുമൊക്കെ മതി. 

വാഹനമാണെന്ന് പറഞ്ഞ് സൈക്കിളിന്‍റെ ടയർ ഉരുട്ടി ഓടിച്ചതും പായയിൽ ഇരുന്ന് ഹോണടിച്ച് ഓടിച്ചതൊക്കെ കുട്ടിക്കാലത്തെ വാഹനങ്ങളോടുള്ള കമ്പം കൊണ്ടുതന്നെയായിരുന്നു. എന്നാൽ ഇന്നൊരു വണ്ടിക്ക് അത്രയ്ക്ക് കഷ്ടപ്പെടുകയൊന്നും വേണ്ട. ഹൈടെക് കളിപ്പാട്ടങ്ങളുടെ കാലമല്ലേ. ഓലപ്പന്തും പീപ്പിയും ചിരട്ടയും മണലൊന്നും ഇന്നത്തെ കുട്ടികൾക്ക് ആവശ്യമില്ല. അവർക്ക് റിമോർട്ടിൽ ആടിപ്പാടുന്ന ബൊമ്മയും കാറും വിമാനവും തോക്കുമൊക്കെ മതി. 

അത്തരത്തിൽ ഹൈടെക്ക് സംവിധാനങ്ങൾ ചേർത്ത് തന്റെ മക്കൾക്ക് കളിക്കാനുള്ള ഒരു ഹൈടെക്ക് ഓട്ടോ നിർമ്മിച്ചിരിക്കുകയാണ് ഇടുക്കി ജില്ലാ ആശുപത്രിയിലെ നഴ്സ് ആയ തൊടുപുഴ സ്വദേശി അരുണ്‍കുമാര്‍ പുരുഷോത്തമന്‍. തന്റെ മക്കളായ മാധവും കേശിനിക്ക് വേണ്ടിയാണ് അരുൺകുമാർ ഈ കൊച്ചു ഓട്ടോ തയ്യാറാക്കിയിരിക്കുന്നത്. 
 
ഏഴരമാസം എടുത്താണ് അരുണ്‍ കുട്ടി ഓട്ടോയുടെ നിർമാണം പൂർത്തിയാക്കിയത്. വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് ഓട്ടോറിക്ഷ നിർമ്മിച്ചിരിക്കുന്നത്. സൺ ഡയറക്ടറിന്റെ ഡിഷ്, സ്റ്റൗ തുടങ്ങിയ വസ്തുക്കളണ് പ്രധാനമായും ഓട്ടോ ഉണ്ടാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ബാറ്ററിയില്‍ ഓടുന്ന ഈ മിനിയേച്ചര്‍ ഓട്ടോക്ക് 'സുന്ദരി' എന്നാണ് പേരിട്ടിരിക്കുന്നത്. 24വോള്‍ട്ട് ഡിസി മോട്ടര്‍, 24വോള്‍ഡ് ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.  

കിക്കറും, ഇന്റിക്കേറ്ററും, ഹെഡ് ലൈറ്റും, ഹോണും ,വൈപ്പറും ഉൾപ്പടുത്തിയുള്ള ഒരു അസ്സൽ ഓട്ടോയാണ് സുന്ദരി. സൈക്കിളിന്റെ ഡിസ്ക് ബ്രേക്ക് സംവിധാനവും മിനി ഓട്ടോയിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതിനെല്ലാം പുറമെ പാട്ട് കേൾക്കാനുള്ള സൗകര്യവും സുന്ദരി ഓട്ടോയിലുണ്ട്. പെൻഡ്രൈവ് കുത്താനുള്ള സംവിധാനമുള്ളതിനാൽ ആവശ്യാനുസരണം പാട്ടും കേൾക്കാം വേണമെങ്കിൽ മൊബൈൽ ചാർജ് ചെയ്യാം. 

മക്കൾക്ക് വേണ്ടി നിർമ്മിച്ച സുന്ദരിയുടെ വീഡിയോ അരുൺകുമാർ തന്നെയാണ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചത്. മുൻപ് മക്കള്‍ക്ക് കളിക്കാൻ വേണ്ടി മിനി ജീപ്പും ബുള്ളറ്റുമൊക്കെ ഉണ്ടാക്കി അരുൺ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

click me!