
ഐക്കണിക് ബ്രാന്‍റ് ജീപ്പിന്‍റെ ആദ്യ ഇന്ത്യന്‍ നിര്‍മ്മിത മോഡല്‍ കോംപാസ് വിപണിയിലെത്തി ഒരു മാസം തികയുന്നതിന് മുന്‍മ്പെ ജനഹൃദയങ്ങള്‍ കീഴടക്കുന്നു. കഴിഞ്ഞ മാസം ജൂലായ് 31-ന് വിപണിയിലെത്തിയ കോംപസിന്‍റെ ബുക്കിങ് ഇതിനകം 8100 യൂണിറ്റുകള്‍ പിന്നിട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും വില കുറഞ്ഞ ജീപ്പ് മോഡലെന്ന പ്രത്യേകതയോടെയാണ് കോംപസ് ഇന്ത്യയിലെത്തിയത്. 14.95 ലക്ഷം രൂപയാണ് ബേസ് മോഡല്‍ കോംപാസിന്റെ ഡല്‍ഹി എക്‌സ്‌ഷോറൂം വില. ടോപ് സ്‌പെക്കിന് 20.65 ലക്ഷം രൂപയും. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. വില ഇത്രയധികം കുറയാന്‍ കാരണം ഇതാണ്. നേരത്തെ ഗ്രാന്റ് ചെറോക്കി, റാങ്ക്ളര്‍ മോഡലുകളുമായി 2016 ആഗസ്റ്റിലാണ് ജീപ്പ് ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പക്ഷേ ഇവയുടെ തൊട്ടാല്‍ പൊള്ളുന്ന വില ജീപ്പിനും വാഹനപ്രേമികള്‍ക്കും ഒരുപോലെ തിരിച്ചടിയായിരുന്നു. ഗ്രാൻഡ് ചെറോക്കീക്ക് ഒരു കോടിയോളം രൂപയും റാംഗ്ലറിന് 50 ലക്ഷത്തോളവും വിലവരും. അതിനാൽ തന്നെ ജീപ് ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ വാഹനമെന്ന പെരുമയോടെയെത്തുന്ന കോംപസിനെ വാഹനപ്രേമികള്‍ നെഞ്ചേറ്റുന്നു.
രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ദിനംപ്രതി 90 യൂണിറ്റ് കോംപാസ് നിര്‍മിക്കുന്നുണ്ട്. ഇത് 110 യൂണിറ്റിലെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. ആഭ്യന്തര വില്‍പനയ്ക്ക് പുറമേ ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇവിടെ നിന്നും ജീപ്പ് കോംപാസ് കയറ്റി അയക്കുന്നുണ്ട്. പെട്രോല്‍-ഡീസല്‍ എന്‍ജിനില്‍ കോംപാസ് ലഭ്യമാകും. 1.4 ലിറ്റര്‍ മള്‍ട്ടിഎയര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ 160 ബിഎച്ച്പി കരുത്തും 250 എന്‍എം ടോര്‍ക്കുമേകും. 2.0 ലിറ്റര്‍ മള്‍ട്ടിജെറ്റ് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ പതിപ്പ് 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കും.
പ്രീ ബുക്കിംഗ് തുടങ്ങിയതു മുതല്‍ വന്‍ ബുക്കിംഗാണ് കോംപസിന് ലഭിച്ചിരുന്നത്. ബി എം ഡബ്ല്യു എക്‌സ് വണ്‍, ഹ്യുണ്ടേയ് ട്യുസോണ്‍, ഹോണ്ട സി ആര്‍ – വി, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോഡ് എന്‍ഡേവര്‍, ഷെവര്‍ലെ ട്രെയ്ല്‍ ബ്ലേസര്‍, ഔഡി ക്യു ത്രീ, ടാറ്റ ഹെക്സ, മഹീന്ദ്ര എക്സ് യുവി തുടങ്ങിയ മോഡലുകള്‍ കോംപസില്‍ നിന്നും കടുത്ത ഭീഷണി നേരിടുന്നുണ്ട്.
280 മില്ല്യന്‍ ഡോളറാണ് (1788 കോടി) കോംപാസിന്റെ വരവിന് മുന്നോടിയായി ഫിയറ്റ് ക്രിസ്‌ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യയില്‍ നിക്ഷേപിച്ചത്. 245 മില്ല്യന്‍ ഡോളര്‍ (1565 കോടി രൂപ) ബുക്കിംഗിലൂടെ കമ്പക്കു ലഭിച്ചുവെന്നാണ് കണക്കുകള്‍. കോംപസിന്‍റെ ഈ വില്‍പ്പന തുടര്‍ന്നാല്‍ കേവലം രണ്ടു മാസത്തിനുള്ളില്‍ വില്‍പന 10000 യൂണിറ്റിലെത്തിച്ച് നിക്ഷേപത്തുക തിരിച്ചുപിടിക്കാന്‍ കമ്പനിക്ക് എളുപ്പം സാധിക്കും.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.