
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എഐ മോഡലായ ക്ലോഡ് വിവിധ രാജ്യങ്ങളും സംഘങ്ങളും ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതായി എഐ കമ്പനിയായ ആന്ത്രോപിക്. ജൈവായുധങ്ങളുടെ വികസനം, ആയുധ നിർമാണം, കൂട്ടനിരീക്ഷണം, സൈബർ ആക്രമണം, ചാരപ്രവർത്തനം, വ്യാജ പ്രചാരണം തുടങ്ങിയ മേഖലകളിലാണ് ക്ലോഡിനെ ദുരുപയോഗം ചെയ്യാൻ ശ്രമിച്ചതെന്ന് കമ്പനി പുറത്തുവിട്ട സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു.
2025 ഡിസംബർ മുതൽ 2026 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ കണ്ടെത്തിയ സംഭവങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഇതിൽ സർക്കാർ പിന്തുണയുള്ള സംഘങ്ങൾ, സാമ്പത്തിക തട്ടിപ്പുകാർ, പ്രചാരണ ശൃംഖലകൾ, ചാര സോഫ്റ്റ്‌വെയർ കമ്പനികൾ, രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള വ്യക്തികൾ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ആശങ്കയുണ്ടാക്കുന്ന സംഭവങ്ങൾ ജൈവ ഗവേഷണവുമായി ബന്ധപ്പെട്ടവയാണ്. ചിക്കുൻഗുനിയ വൈറസിൽ അപകടസാധ്യത വർധിപ്പിക്കുന്ന ജനിതക മാറ്റങ്ങൾ വരുത്തുന്നതിനുള്ള ഗവേഷണത്തിന് ഗ്രാന്റ് അപേക്ഷ തയ്യാറാക്കാൻ ക്ലോഡിന്റെ സഹായം തേടിയതായി ആന്ത്രോപിക് കണ്ടെത്തി. സൈനിക ഗവേഷണ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവർത്തനമായിരിക്കാമെന്ന സംശയവും കമ്പനിക്കുണ്ടായി. മറ്റൊരു സംഭവത്തിൽ ഓർത്തോപോക്സ് വൈറസിന്റെ പ്രതിരോധശേഷി മറികടക്കുന്നതിനുള്ള ഗവേഷണ നിർദേശം ക്ലോഡ് ഉപയോഗിച്ച് തയ്യാറാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
പരമ്പരാഗത ആയുധങ്ങളുടെ വികസനത്തിനും ക്ലോഡ് ഉപയോഗിച്ചതായി ആന്ത്രോപിക് പറയുന്നു. ചൈന, റഷ്യ, യെമൻ എന്നിവയുമായി ബന്ധമുള്ളതായി സംശയിക്കുന്ന സംഘങ്ങൾ മിസൈലുകൾ, ഡ്രോണുകൾ, ഇലക്ട്രോണിക് യുദ്ധ സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കാൻ എഐ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. റഷ്യൻ സംഘവുമായി ബന്ധമുള്ളതായി കരുതുന്ന ഒരാൾ സ്വയം പ്രവർത്തിക്കുന്ന കമികാസി ഡ്രോൺ കൂട്ടം വികസിപ്പിക്കാൻ ക്ലോഡ് കോഡ് ഉപയോഗിച്ചതായും കമ്പനി പറയുന്നു. യെമനിലെ ഒരു സംഘം ഗൈഡഡ് റോക്കറ്റിന്റെയും ദീർഘദൂര ബാലിസ്റ്റിക് മിസൈലിന്റെയും സോഫ്റ്റ്‌വെയർ വികസനത്തിനും ക്ലോഡ് ഉപയോഗിച്ചതായി റിപ്പോർട്ടിലുണ്ട്.
കൂട്ടനിരീക്ഷണവുമായി ബന്ധപ്പെട്ട 9 സംഭവങ്ങളും ആന്ത്രോപിക് കണ്ടെത്തി. ചൈനയുമായി ബന്ധമുള്ളതായി സംശയിക്കുന്ന സംഘങ്ങൾ ഉയ്ഗൂർ സമൂഹം, മാധ്യമപ്രവർത്തകർ, വിവിധ മതവിഭാഗങ്ങൾ എന്നിവരെ നിരീക്ഷിക്കാനും പ്രൊഫൈൽ ചെയ്യാനും ക്ലോഡ് ഉപയോഗിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായി ബന്ധപ്പെട്ട സംഘങ്ങൾ ആയിരക്കണക്കിന് ആളുകളുടെ വിവരങ്ങൾ ശേഖരിക്കുകയും സാമൂഹികമാധ്യമ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുകയും ചെയ്തതായും കമ്പനി വ്യക്തമാക്കി.
സൈബർ ആക്രമണങ്ങൾ നടത്താനും ക്ലോഡ് ഉപയോഗിച്ചതായി ആന്ത്രോപിക് പറയുന്നു. റഷ്യൻ ഭാഷ സംസാരിക്കുന്ന ഒരു സംഘവുമായി ബന്ധപ്പെട്ട ആക്രമണങ്ങളിൽ യുക്രെയ്ൻ, യൂറോപ്പ് എന്നിവിടങ്ങളിലെ സർക്കാർ, പ്രതിരോധ, നയതന്ത്ര സ്ഥാപനങ്ങൾ ലക്ഷ്യമിട്ടതായി കമ്പനി കണ്ടെത്തി. റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങളുമായി ബന്ധമുള്ള സംഘങ്ങൾ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ രാഷ്ട്രീയ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാനും ക്ലോഡ് ഉപയോഗിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
മറ്റ് എഐ കമ്പനികൾ ക്ലോഡിൽ നിന്നുള്ള മറുപടികൾ വലിയ തോതിൽ ശേഖരിച്ച് സ്വന്തം എഐ മോഡലുകൾ പരിശീലിപ്പിക്കാൻ ശ്രമിച്ചതായും ആന്ത്രോപിക് ആരോപിച്ചു. അലിബാബ, മൂൺഷോട്ട് എഐ, ഡീപ്‌സീക്ക്, ഷിജു, ഷവോമി, സെൻസ്‌ടൈം, മിനിമാക്സ് തുടങ്ങിയ കമ്പനികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.
ദുരുപയോഗം കണ്ടെത്തിയ അക്കൗണ്ടുകൾ നിരോധിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്തതായി ആന്ത്രോപിക് വ്യക്തമാക്കി. കൂടുതൽ ശക്തമായ എഐ മോഡലുകൾ വികസിക്കുന്നതിനനുസരിച്ച് ദുരുപയോഗ സാധ്യതയും വർധിക്കുമെന്നും അതിനാൽ ഇത്തരം ഭീഷണികൾക്കെതിരെ കമ്പനികൾ കൂട്ടായ പ്രതിരോധം ശക്തിപ്പെടുത്തണമെന്നും ആന്ത്രോപിക് മുന്നറിയിപ്പ് നൽകി.