
ടാറ്റ മോട്ടോഴ്‌സിന്റെ ഏറ്റവും ദീർഘകാലം വിപണിയിൽ നിലനിന്ന മോഡലുകളിൽ ഒന്നായ ടാറ്റ സുമോ വീണ്ടും തിരിച്ചെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. 2019-ൽ നിർത്തലാക്കിയ ഈ മോഡൽ, പുതിയ രൂപത്തിൽ പ്രീമിയം എസ്‌യുവിയായി തിരിച്ചുവരാനാണ് സാധ്യത എന്നാണ് പുതിയ റിപ്പോർട്ടുകൾ. ടാറ്റ മോട്ടോഴ്‌സ് 2031 മാർച്ചിന് മുമ്പായി ആറ് ഐസിഇ മോഡലുകളും നാല് ഇലക്ട്രിക് മോഡലുകളും ഉൾപ്പെടെ 10 പുതിയ കാറുകൾ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഒന്നായി സുമോയുടെ തിരിച്ചുവരവിനുള്ള സാധ്യതയും ചർച്ച ചെയ്യപ്പെടുന്നു.
1994-ൽ ആദ്യമായി അവതരിപ്പിച്ച ടാറ്റ സുമോ, ഇന്ത്യയിൽ ടാറ്റയുടെ ഏറ്റവും ദീർഘകാലം നിലനിന്ന നെയിംപ്ലേറ്റായിരുന്നു. മാരുതി, മഹീന്ദ്ര തുടങ്ങിയ ബ്രാൻഡുകളുമായി ശക്തമായ മത്സരത്തിലായിരുന്നു ഈ മോഡൽ. പ്രത്യേകിച്ച് മഹീന്ദ്ര ബൊലേറോയോട് നേരിട്ട് മത്സരം നടത്തിയ വാഹനമായാണ് ടാറ്റാ സുമോ അറിയപ്പെട്ടത്. ഇപ്പോൾ ടാറ്റ സിയറ പോലുള്ള പഴയ നെയിംപ്ലേറ്റുകൾ തിരികെ കൊണ്ടുവരുന്ന സാഹചര്യത്തിൽ സുമോയുടെ തിരിച്ചുവരവും യാഥാർത്ഥ്യമാകാമെന്ന വിലയിരുത്തലാണ് ഉയരുന്നത്.
ടാറ്റ മോട്ടോഴ്‌സ് വികസിപ്പിക്കുന്ന പുതിയ കോംപാക്റ്റ് എസ്‌യുവിക്ക് ഇപ്പോൾ ‘ടാറ്റ സ്‍കാർലെറ്റ്’ എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. നെക്സോണിനും സിയറയ്ക്കും ഇടയിൽ സ്ഥാനം പിടിക്കാൻ സാധ്യതയുള്ള മോഡലായിരിക്കും ഇത്. ചതുരാകൃതിയിലുള്ള ബോഡി ഡിസൈൻ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, കരുത്തുറ്റ എസ്‍യുവി ലുക്ക് എന്നിവയോടെ ഇത് ഒരു ഓൾ-റൗണ്ട് വാഹനമായി രൂപകൽപ്പന ചെയ്യുന്നതാണ് ലക്ഷ്യം. എന്നാൽ ഇത് മോണോകോക്ക് പ്ലാറ്റ്ഫോമിലായിരിക്കും നിർമ്മിക്കുക, അതിനാൽ കൂടുതൽ ശ്രദ്ധ കംഫർട്ട്, ഫ്യുവൽ എഫിഷ്യൻസി, റോഡ് പെർഫോമൻസ് എന്നിവയ്ക്കായിരിക്കും.
ടാറ്റയുടെ പുതിയ ഐസിഇ മോഡലുകൾ സാധാരണയായി ഇലക്ട്രിക് പതിപ്പുകളിലേക്കും വികസിപ്പിക്കാറുണ്ട്. അതിനാൽ സ്‍കാർലെറ്റിന്റെ ഇവി പതിപ്പിനും സാധ്യതയുണ്ട്. ഈ വിഭാഗത്തിൽ ഡ്യുവൽ മോട്ടോർ സംവിധാനത്തോടെ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും പ്രതീക്ഷിക്കപ്പെടുന്നു. റെനോ കിഗർ, കിയ സിറോസ്, മഹീന്ദ്രയുടെ വരാനിരിക്കുന്ന മോഡലുകൾ തുടങ്ങിയവയാണ് ഈ വിഭാഗത്തിലെ പ്രധാന എതിരാളികൾ
പുതിയ പദ്ധതിക്ക് ടാറ്റ സുമോ എന്ന ഐക്കണിക് പേര് ഉപയോഗിക്കാനുള്ള സാധ്യത ഇപ്പോൾ വാഹനപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്. സുമോയുടെ തിരിച്ചുവരവ് വിപണിയിൽ വലിയ ശ്രദ്ധ നേടുമെന്നതിൽ സംശയമില്ല. റിപ്പോർട്ടുകൾ പ്രകാരം, 2027 ഓട്ടോ എക്സ്പോയിൽ സ്‍കാർലെറ്റ് മോഡലിന്‍റെ ഒരു കൺസെപ്റ്റ് സുമോ പേരിൽ അവതരിപ്പിച്ച് ഉപഭോക്തൃ പ്രതികരണം പരിശോധിക്കാനും ടാറ്റ മോട്ടോഴ്‌സ് ആലോചിച്ചേക്കുമെന്ന് സൂചനയുണ്ട്.