
ടാറ്റാ നെക്സോൺ വാങ്ങാൻ പദ്ധതിയിടുന്നവരാണെങ്കിൽ ഇതൊരു മികച്ച അവസരമായേക്കും. രാജ്യത്തെ ജനപ്രിയ സബ്‌കോംപാക്ട് എസ്‌യുവികളിലൊന്നായ ടാറ്റ നെക്സോണിന് വൻ കിഴിവുകളാണ് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പണം നേരിട്ട് കുറയ്ക്കുന്ന കിഴിവ്, പ്രത്യേക ഓഫർ, പഴയ വാഹനം പൊളിച്ചുനൽകുന്നതിനുള്ള ആനുകൂല്യം എന്നിവ ഉൾപ്പെടുന്നതാണ് ഓഫർ. എന്നാൽ വാഹനത്തിന്റെ വകഭേദത്തിനനുസരിച്ച് കിഴിവിൽ വ്യത്യാസമുണ്ടാകും. കൃത്യമായ വിവരങ്ങൾക്കായി ഉപഭോക്താക്കൾ അടുത്തുള്ള ടാറ്റ ഡീലർഷിപ്പുമായി ബന്ധപ്പെടണം.
ടാറ്റ നെക്സോണിന്റെ സ്മാർട്ട് പ്ലസ്, സ്മാർട്ട് പ്ലസ്, പ്യുവർ എസ്, പ്യുവർ പ്ലസ്, പ്യുവർ പ്ലസ് എസ്, പ്യുവർ പ്ലസ് പി എസ് പെട്രോൾ-മാനുവൽ വകഭേദങ്ങൾക്കാണ് പരമാവധി 75,000 രൂപ വരെ ആനുകൂല്യം ലഭിക്കുന്നത്. ഇതിൽ 10,000 രൂപയുടെ നേരിട്ടുള്ള പണ കിഴിവ്, 45,000 രൂപയുടെ പ്രത്യേക ഓഫർ, 20,000 രൂപയുടെ സ്ക്രാപ്പേജ് ബോണസ് എന്നിവ ഉൾപ്പെടുന്നു.
മറ്റ് പെട്രോൾ വകഭേദങ്ങൾക്ക് 55,000 രൂപ വരെ ആനുകൂല്യം ലഭിക്കും. 10,000 രൂപയുടെ പണ കിഴിവിനൊപ്പം 25,000 രൂപയുടെ പ്രത്യേക ഓഫറും 20,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യവുമാണ് ലഭിക്കുക. ഡീസൽ വകഭേദത്തിന് നിലവിൽ 20,000 രൂപയുടെ സ്ക്രാപ്പേജ് ബോണസാണ് ലഭിക്കുന്നത്. അതേസമയം, നെക്സോണിന്റെ സിഎൻജി വകഭേദങ്ങൾ വാങ്ങുന്നവർക്ക് 60,000 രൂപ വരെ ലാഭിക്കാം. 10,000 രൂപയുടെ പണ കിഴിവ്, 25,000 രൂപയുടെ പ്രത്യേക ഓഫർ, 25,000 രൂപയുടെ സ്ക്രാപ്പേജ് ആനുകൂല്യം എന്നിവ ചേർന്നതാണ് ഈ ആനുകൂല്യം.
ടാറ്റ നെക്സോണിൽ നിലവിൽ 120 എച്ച്പി കരുത്തും 170 എൻഎം ടോർക്കും നൽകുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ലഭിക്കുന്നത്. 115 എച്ച്പി കരുത്തും 260 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ ഡീസൽ എഞ്ചിനും വാഹനത്തിലുണ്ട്. ഇരു എഞ്ചിനുകൾക്കും 6 സ്പീഡ് മാനുവൽ, 6 സ്പീഡ് എഎംടി ഗിയർബോക്സ് ഓപ്ഷനുകളുണ്ട്. വകഭേദത്തിനനുസരിച്ച് പെട്രോൾ എഞ്ചിനൊപ്പം 5 സ്പീഡ് മാനുവൽ, പാഡിൽ ഷിഫ്റ്ററുകളുള്ള 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സും ലഭ്യമാണ്.
ടാറ്റ നെക്സോണിന്റെ അടിസ്ഥാന വകഭേദത്തിന് 8.40 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. ഉയർന്ന വകഭേദത്തിന് 17.14 ലക്ഷം രൂപ വരെയാണ് വില. 4 മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗത്തിൽ ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, മാരുതി സുസുക്കി ബ്രെസ, സ്കോഡ കൈലാക്, മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ, റെനോ കൈഗർ, നിസാൻ മാഗ്നൈറ്റ് തുടങ്ങിയ മോഡലുകളുമായാണ് ടാറ്റ നെക്സോൺ നേരിട്ട് മത്സരിക്കുന്നത്.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.