
ഒരുകാലത്ത് ഇന്ത്യൻ റോഡുകൾ അടക്കിവാണിരുന്ന രണ്ട് ഐക്കണിക് എസ്‌യുവികൾ ഇന്ത്യയിൽ വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്നു. ടാറ്റ സിയറയെയും റെനോ ഡസ്റ്ററിനെയും കുറിച്ചാണ് പറഞ്ഞുവരുന്നത്. രണ്ട് എസ്‌യുവികളും ആധുനിക ഡിസൈൻ ഭാഷ, സാങ്കേതികവിദ്യയിൽ സമ്പന്നമായ ഇന്റീരിയർ, കൂടുതൽ ശക്തമായ എഞ്ചിനുകൾ എന്നിവയോടെയാണ് എത്തുക. 2025 ഉത്സവ സീസണിനടുത്ത് സിയറ ഷോറൂമുകളിൽ എത്തും, അതേസമയം മൂന്നാം തലമുറ റെനോ ഡസ്റ്റർ 2026 ൽ എത്തും. വരാനിരിക്കുന്ന ഈ രണ്ട് എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ പരിശോധിക്കാം.
ടാറ്റ സിയറ
പുതിയ സിയറ പെട്രോൾ, ഡീസൽ, ഇലക്ട്രിക് എന്നീ മൂന്ന് എഞ്ചിൻ ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ, ഡീസൽ പതിപ്പുകളിൽ യഥാക്രമം 1.5 ലിറ്റർ ടർബോ, 2.0 ലിറ്റർ ടർബോ എഞ്ചിൻ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇലക്ട്രിക് മോഡലിൽ ഒന്നിലധികം ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. പൂർണ്ണമായി ചാർജ് ചെയ്താൽ 500 കിലോമീറ്റർ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ടാറ്റ സിയറ ഐസിഇ അറ്റ്ലാസ് പ്ലാറ്റ്‌ഫോമിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം സിയറ ഇവിക്ക് ജെൻ 2 ആക്റ്റി.ഇവി ആർക്കിടെക്ചർ അടിസ്ഥാനമാകും.
പ്രദർശിപ്പിച്ചിരിക്കുന്ന കൺസെപ്റ്റിന് സമാനമായി, പ്രൊഡക്ഷൻ-റെഡി സിയറയിൽ അഞ്ച്, നാല് സീറ്റ് കോൺഫിഗറേഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യാം. സവിശേഷതകളുടെ കാര്യത്തിൽ, അതിൽ ഒരു പനോരമിക് സൺറൂഫ്, 360-ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജർ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ലെവൽ 2 ADAS തുടങ്ങിയവ ഉണ്ടായിരിക്കാം.
റെനോ ഡസ്റ്റർ
ഹ്യുണ്ടായി ക്രെറ്റ, മാരുതി ഗ്രാൻഡ് വിറ്റാര, ടാറ്റ സിയറ, ഇടത്തരം എസ്‌യുവി വിഭാഗത്തിലെ മറ്റ് മോഡലുകൾ എന്നിവയെ വെല്ലുവിളിക്കാൻ ലക്ഷ്യമിട്ട് റെനോ ഇന്ത്യ അടുത്ത വർഷം മൂന്നാം തലമുറ ഡസ്റ്ററിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിൽ, പുതിയ റെനോ ഡസ്റ്റർ 1.0L ഉം 1.3L എന്നിങ്ങനെ രണ്ട് ടർബോ പെട്രോൾ എഞ്ചിനുകളോടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഹൈബ്രിഡ് പവർട്രെയിനും അവതരിപ്പിക്കാൻ സാധ്യതയുണ്ട്. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഉൾപ്പെടും. ഡസ്റ്ററിന്റെ ഉൾവശം ഒരു പ്രധാന നവീകരണത്തിന് സാക്ഷ്യം വഹിക്കും. ADAS, 6-സ്പീക്കർ ആക്കമീസ് 3D സൗണ്ട് സിസ്റ്റം, 7-ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, 10.1-ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ് തുടങ്ങിയ ഗുണങ്ങൾ പുതിയ മോഡലിൽ വരാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ.