
'പടച്ചോനെ ഇങ്ങള് കാത്തോളീ' താമരശ്ശേരി ചുരം കയറുമ്പോള്‍ മുമ്പില്‍ ലോറിയുണ്ടോ എങ്കില്‍ ഇങ്ങനെ വിളിക്കാതിരിക്കാനാകില്ല തീര്‍ച്ച. വളഞ്ഞും തിരിഞ്ഞും കാഴ്ചകള്‍കണ്ടും മലമുകളിലെത്തുന്നത് രസമുള്ള യാത്രയാണെങ്കിലും മുമ്പിലെ വാഹനങ്ങള്‍ പ്രത്യേകിച്ച് വലിയ വാഹനങ്ങളായ ലോറിയും ടോറസുമെല്ലാം പിന്നിലെ വാഹനങ്ങളിലുള്ള യാത്രക്കാര്‍ക്ക് കൊടുക്കുന്നത് നല്ല മുട്ടന്‍ പണിയായിരിക്കും. യാത്ര ആസ്വദിക്കാമെന്ന് കരുതുമ്പോഴായിരിക്കും ഈ വാഹനങ്ങള്‍ ഭാരം താങ്ങാനാകാതെ കിടന്ന് പോകുന്നത്. ഒപ്പം മറ്റു വാഹനങ്ങളിലെ യാത്രക്കാരും അവിടെ കിടക്കുകയല്ലാതെ വേറെ വഴിയുണ്ടാകില്ല.
അമിത ഭാരവുമായി ലോറികള്‍ ചുരം കയറുന്നത് നിരോധിച്ചിട്ടും ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇത്തരം വാഹനങ്ങള്‍ മലകയറുന്നത്. ഇതാകട്ടെ യാത്രക്കാരെ വലയ്ക്കുന്നത് മണിക്കൂറുകളോളവും. കഴിഞ്ഞ ദിവസം ടോറസ് ലോറികള്‍ കുടുങ്ങി ചുരത്തില്‍ നാല് മണിക്കൂറോളം ഭാഗികമായി ഗതാഗതം സ്തംഭിച്ചിരുന്നു. ബംഗളൂരുവിലേക്ക് ചരക്കുമായി പോകുകയായിരുന്ന രണ്ട് ലോറികളാണ് യന്ത്രത്തകരാര്‍ മൂലം കുടുങ്ങിയത്.
ടോറസ് ലോറികളും അമിതഭാരം കയറ്റി വരുന്ന ലോറികളും ചുരത്തിലൂടെ ഓടുന്നത് കോഴിക്കോട് ജില്ലാ ഭരണകൂടം നേരത്തേ നിരോധിച്ചതാണ്. ഇത് അവഗണിച്ചാണ് ഇത്തരം വാഹനങ്ങള്‍ ചുരത്തിലൂടെ നിര്‍ബാധം അമിത ഭാരവുമായി കടന്നു പോകുന്നത്. രാവിലെ 6 മണിക്ക് ചുരത്തില്‍ ഏഴാം വളവിനും എട്ടാം വളവിനുമിടയിലാണ് ലോറികള്‍ കുടുങ്ങിയത്. രാവിലെ 10.30ഓടെ ഒരു ലോറി മാറ്റി ഗതാഗതം സാധാരണ നിലയിലാക്കി. രണ്ടാമത്തെ ലോറി വൈകുന്നേരവും തകരാര്‍ പരിഹരിക്കാനാകാതെ ചുരത്തില്‍ കിടന്നു. ട്രാഫിക് പൊലീസും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
വളവുകള്‍ തിരിക്കുന്നതിനിടയില്‍ വാഹനം നീങ്ങാതെ ചക്രങ്ങള്‍ കറങ്ങി വലിയ കുഴികള്‍ രൂപപ്പെടുന്നതും പതിവാണ്. ഈ കുഴികളില്‍ ലോഫ്ളോര്‍ ബസ്സുകള്‍ കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം പൂര്‍ണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുമുണ്ടാകുന്നുണ്ട്. ലോറി ചുരത്തില്‍ കുടുങ്ങുന്നതോടെ ബംഗളൂരു, മൈസൂര്‍, ഊട്ടി, തുടങ്ങിയ ദീര്‍ഘദൂര ബസുകള്‍ മണിക്കൂറുകള്‍ ചുരത്തില്‍ അകപ്പെടുന്നത് പതിവാണ്. എന്നിട്ടുപം അധികതര്‍ ഇതുവരെയും വേണ്ട നടപടി സ്വീകരിച്ചിട്ടില്ല.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Newly launched cars reviews in Malayalam തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.