
തിരുവനന്തപുരം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനു വേഗം കൂട്ടാന്‍ പ്രതികൂല സാഹചര്യത്തിലും സഞ്ചരിക്കുന്ന സൈന്യത്തിന്റെ ടട്രാ ട്രക്കുകൾ രംഗത്തിറങ്ങി. രണ്ടു ടട്രാ ട്രക്കുകളാണ് ചാലക്കുടി, ആലുവ മേഖലകളിലെ രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടിരിക്കുന്നത്.
കാർഗിൽ പോലുള്ള ദുഷ്കര മേഖലകളിൽ മികവ് തെളിയിച്ച ട്രക്കുകളാണ് ടട്രാ. ഒരാൾപ്പൊക്കം വെള്ളത്തിലും ട്രക്കുകൾക്ക് അനായാസം ഏതു പ്രതിസന്ധിയും തരണം ചെയ്തു മുന്നോട്ടു പോകും. എട്ടു ചക്രങ്ങളുള്ള ഈ വാഹനം ചെളിയിൽ പുതഞ്ഞു പോകുകയുമില്ല. വെള്ളത്തിലൂടെയും ചെളിയിലും കുണ്ടുകളിലും കല്ലുകൾക്കിടയിലൂടെയും സഞ്ചരിക്കുന്ന ട്രക്കുകൾ ഏതുതരത്തിലുള്ള രക്ഷാപ്രവർത്തനം നടത്താനും ശേഷിയുള്ളതാണ്.
അവശ്യഘട്ടങ്ങളിൽ മണിക്കൂറിൽ 80 കിലോ മീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും. നാറ്റോ മാനദണ്ഡങ്ങൾ ഉപയോഗിച്ച് നിർമിച്ച ട്രക്കുകളാണ് ഇത്. കഞ്ചിക്കോട് ഭാരത് എർത്ത് മൂവ്മെന്റ് ലിമിറ്റഡിൽ(ബെമ്ൽ) നിർമിച്ചതാണ് ഈ സൈനിക ട്രക്കുകൾ.
ഓരോ ടയറുകളും പ്രത്യേകം പ്രവർത്തിപ്പിക്കാൻ കഴിയുമെന്നതിനാൽ ചെളിക്കെട്ടുകളും കുന്നുകളും പടിക്കെട്ടുകൾ അടക്കമുള്ള പ്രദേശത്തുകൂടി പ്രയാസമില്ലാതെ സഞ്ചരിക്കാനും ദുരന്തത്തിൽപ്പെട്ടു കിടക്കുന്നവരെ സഹായിക്കാനും കഴിയും. പ്രത്യേകം പരിശീലനം ലഭിച്ച എട്ടുപേരടങ്ങുന്ന സംഘവും ഇതിലുണ്ട്. നെല്ലിയാമ്പതിയിലെത്തിയ ട്രക്ക് പിന്നീട് മാളയിലേക്കു രക്ഷാ പ്രവർത്തനത്തിനായി കൊണ്ടുപോയി. പാലക്കാട് മഴ കുറഞ്ഞ സാഹചര്യത്തിലാണ് ട്രക്കുകൾ മറ്റ് പ്രദേശങ്ങളിലെ രക്ഷാപ്രവർത്തനത്തിനായി കൈമാറാൻ തീരുമാനിച്ചത്.