ആളൊഴിഞ്ഞ ആ തുരുത്തിലെ ഭീകരജീവികള്‍!

Published : Feb 08, 2018, 03:56 PM ISTUpdated : Oct 04, 2018, 07:59 PM IST
ആളൊഴിഞ്ഞ ആ തുരുത്തിലെ ഭീകരജീവികള്‍!

Synopsis

ത്രിയിലെ സൈക്കിൾ സവാരിക്കിടയില്‍ കുറെ നേരം കടൽ നോക്കി ഇരുന്നിരുന്നു. മലപ്പുറം ജില്ലയിലെ ഒരു മൂക്കുതലക്കാരൻ ആരുമില്ലാതെ വെള്ളത്താൽ ചുറ്റപ്പെട്ട സ്വർഗ്ഗം പോലൊരു ദ്വീപിൽ രാത്രി ആരും കൂട്ടിനില്ലാതെ ശാന്തമായ കടലിനേം നോക്കി ഇരിക്കുന്നു . ആഹാ ദ്വീപ് പോലെ സുന്ദരമായ അനുഭൂതി . കൂടെ ആരും കൂട്ടാതെ ഈ യാത്രക്കിറങ്ങിയത് ഇതൊക്കെ ആഗ്രഹിച്ചു തന്നെയാണ്.

ദ്വീപിലെ സ്ത്രീകൾ ഇപ്പോഴും പലയിടത്തായി ഇരുന്നു സൊറ പറയുന്നുണ്ട് . പലഹാരങ്ങൾ ഉണ്ടാക്കി രാത്രി പതിനൊന്നു മണിക്കൊക്കെ അവർ അയൽവാസികളെ സന്ദർശിക്കാൻ പോകുമത്രേ .എല്ലാവരും കൂടി കടലോരങ്ങളിൽ ചെന്നിരിക്കും.

തണുപ്പിന്റെ ശക്തി കൂടിയപ്പോ തിരിച്ചു റൂമിലേക്ക് സൈക്കിളുമായി നടന്നു. ഇടതൂർന്നു നിൽക്കുന്ന തെങ്ങുകൾക്കും മരങ്ങൾക്കുമിടയിലൂടെ റൂമിലേക്ക് വെളിച്ചം പകർന്ന് നിലാവും കൂട്ടിന് .

രാവിലെ ആറുമണി ആയപ്പോഴേക്കും ഫയാസ് വന്നു വാതിലിൽ മുട്ടി . ദ്വീപിലെ രണ്ടാമത്തെ സുപ്രഭാതം വരവേറ്റത് ഒരു മരണ വാർത്ത കൊണ്ടായിരുന്നു. എന്റെ കോർട്ടേസിനു തൊട്ടടുത്തുള്ള റൂമിലെ ഒരാൾ മരിച്ചിരിക്കുന്നു. ഫയാസും ഷഫീക് അളിയനും എല്ലാവരും അവിടെ ആയിരുന്നു. ക്ഷീണം കൊണ്ടുറങ്ങിയത് കൊണ്ടോ എന്തോ പുറത്തെ ബഹളങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല .

ദ്വീപിലെത്തി മൂന്നാമത്തെ മരണ വാർത്തയാണ്. സ്വർഗ്ഗ ഭൂവിൽ ജനിച്ചു ജീവിച്ചു സ്വർഗ്ഗത്തിലേക്ക് തന്നെ ദ്വീപുകാരെ കൊണ്ട് പോവാൻ മരണം അവിടെയെല്ലാം കാത്തിരിക്കുന്നുണ്ട് . ഒന്നു നടന്നു വരാമെന്ന് പറഞ്ഞത് ഫയാസ് ആണ് .റാഷിയുടെ ഇക്ക അനീസ് മാഷും കൂടെ വന്നു. വെളിച്ചം വീഴുന്നതിന് മുൻപ് ഇടവഴികളിലൂടെ നടത്തം. കടലിന്റെ നിറങ്ങൾ മാറി മാറി വരുന്നത് കാണാൻ വല്ലത്തൊരു ഭംഗിയാണ് . നീന്താൻ അറിയാത്ത എന്നെ നീന്തല്‍ പഠിപ്പിക്കാനുള്ള ശ്രമവും നടന്നു. കുറച്ചു നേരം വെള്ളത്തിലെ തലകുത്തി മറിച്ചലും കഴിഞ്ഞു നല്ല മസാല ദോശയും കഴിച്ചു റൂമിലേക്ക് പോയി .

വീട്ടിൽ പോയി ഫ്രഷ് ആയി വരാമെന്ന് പറഞ്ഞു ഫയാസ് പോയി. ഞാനും കുളിച്ചു നാട്ടിലേക്ക് ഒന്ന് വിളിച്ചിരിക്കുമ്പോഴേക്കും അതാ ദ്വീപിൽ വെച്ച് കാണാൻ കൊതിച്ചിരുന്ന മറ്റൊരു അതിഥി കൂടെ വന്നിരിക്കുന്നു . നല്ല അസ്സല് മഴ .ഫോണും കാമറയും എല്ലാം ചാർജിനു വച്ചേക്കുന്നത് കൊണ്ട് ഫോട്ടോ എടുക്കാൻ കഴിഞ്ഞില്ല. മഴ തോർന്നു അൽപ്പ നേരം കൊണ്ട് ഫയാസ് വന്നു അവന്റെ ബൈക്കിൽ ദ്വീപിന്റെ മറ്റൊരു വശത്തേക്ക് . മഴ ചെറുതായി ചാറുന്നുണ്ടായിരുന്നു .ഇനി അധികം ഒന്നും മിനിക്കോയിൽ കാണാനില്ല . എങ്കിലും പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ നിറങ്ങൾ അതെല്ലാം കണ്ണിനു കുളിർമ്മ തന്നെയാണ് . ഏതൊക്കെയോ ഇടവഴികളിലൂടെ ബൈക്ക് ഓടിക്കാൻ ഫയാസ് പിന്നിലിരുന്നു നിർദ്ദേശം തന്നു കൊണ്ടിരുന്നു .

കുറച്ചു ദൂരം എത്തിയപ്പോഴേക്കും ദ്വീപിന്റെ ഒരു സൈഡ് അവസാനിച്ചിരുന്നു. റോഡിനു ഒരു വശം മുഴുവൻ മനോഹരമായ കടൽ. മറുവശം തെങ്ങിൻ തോപ്പുകൾ ഇടക്ക് ചെറുവീടുകൾ . ഉച്ചക്ക് ശേഷം പോകാനുള്ള ആൾ താമസം ഇല്ലാത്ത ഒരു തുരുത്തു ദൂരെ ഫയാസ് കാണിച്ചു തന്നു . വെയിലാറിയ ശേഷം പോകാമെന്നു പറഞ്ഞു കുറച്ചു ഫോട്ടോകളും എടുത്തു നേരെ പോയത് പോലീസ് സ്റേഷനിലേക്കാണ്. വന്നയന്ന് അവിടെ സബ്‍മിറ്റ് ചെയ്‍ത പേപ്പേഴ്സ് എടുത്തു കുറച്ചു നേരം സ്റ്റേഷനിൽ ഇരുന്നു. വളരെ സ്നേഹത്തോടെ പെരുമാറുന്ന കുറച്ചു പോലീസുകാർ . അവിടെ നിന്ന് ടിക്കറ്റ് ഓഫീസിൽ പോയി ടിക്കറ്റു ബുക്ക് ചെയ്തു .വെയ്റ്റിംഗ് ലിസ്റ്റിൽ ആയിരുന്നു . കിട്ടുമെന്ന് ഫയാസിന്റെ സ്നേഹിതർ അറിയിച്ചു . റൂമിലെത്തി ഇത്തിരി നേരം വിശ്രമിച്ചു. ദ്വീപിൽ കുറച്ചു നേരം വെറുതെ കളഞ്ഞത് അപ്പോഴാണ് .

കപ്പലിൽ നിന്നും കഴുത്തിൽ എന്തോ കടിച്ചിരുന്നു. നല്ല വേദനയും നീറ്റലും ഉണ്ടായിരുന്നു . കുറച്ചു നേരം കിടന്നു . മൂന്നു മണിയോട് കൂടെ ഫയാസ് വീണ്ടും വന്നു . കാമറയും എടുത്തു ഇന്നലെ സ്‌കൂബാ ചെയ്ത റിസോർട്ടിലേക്ക് പോയി. മാനേജറെ കണ്ടു രണ്ടു പേർക്ക് പോവാൻ കഴിയുന്ന കയാക്ക് വാടകക്ക് എടുത്തതു . ഇരുനൂറു രൂപയാണ് ചാർജ് . കടലിൽ വെള്ളം താഴ്ന്ന സമയമാണ് പോകാൻ ബുദ്ധിമുട്ടാവുമെന്ന മുന്നറിയിപ്പും അദ്ദേഹം തന്നു .

ഞാൻ ആദ്യമായാണ് കയാക്ക് പോലെ ഒരു സാധനത്തിൽ കയറുന്നത് . തോണിയിൽ ആദ്യമായി കയറിയത് ഇടുക്കി യാത്രയിലാണ് . കുറെ നേരം അതും പൊക്കി പിടിച്ചു വെള്ളത്തിലൂടെ നടക്കേണ്ടി വന്നു . അവസാനം ഫയാസിന്റെ കുറച്ചു നേരത്തെ ട്രെയിനിങ്ങോട് കൂടെ ഞാനും കയാക്ക് തുഴയാൻ പഠിച്ചു.

കാണുമ്പോ ഇപ്പോള്‍ ശരിയാക്കിത്തരാം എന്ന് പറയുമെങ്കിലും ഇത്തിരി പാട് തന്നെയാണ്. കണ്ണിന് മുന്നിലൂടെ മിന്നായം വേഗത്തിൽ പോയ പലനിറ മീനുകൾ . തിരണ്ടി വന്നു കിടന്ന വലിയ ആഴങ്ങൾ , വെള്ളം എങ്ങാനും ഒറ്റയടിക്ക് പൊങ്ങി വരുമോ എന്ന ഭയം എല്ലാം മനസിലുണ്ടായിരുന്നു. ഫയാസ് വെല്‍ട്രെയിന്‍ഡ് പോലീസ് ഓഫീസറാണ്. അവനുള്ളത്‌ മാത്രമാണ് എന്റെ ധൈര്യം .

കുറെ ദൂരം കാണുന്ന പച്ചപ്പ്‌ നിറഞ്ഞൊരു തുരുത്തായിരുന്നു ലക്ഷ്യം. പലയിടത്തും ചെറു പാറകൾ ഉണ്ടായിരുന്നു. ഫോട്ടോ എടുക്കാൻ എന്നെ അവിടെ ഇറക്കി ഫയാസ് കുറെ ദൂരം തുഴഞ്ഞു പോയൊക്കെ പല രീതിയിൽ ഫോട്ടോഷൂട്ട് നടത്തി . അവനെ ദ്വീപിലെ മാണിക്യം എന്ന് പറഞ്ഞത് ഇതുകൊണ്ടൊക്കെ തന്നെയാണ് . ഇത്രയും ആത്മാർത്ഥതയുള്ള സ്നേഹമുള്ള ഒരാളെ എന്റെ സൗഹൃദവലയത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല .

കുറച്ചു സമയത്തിന് ശേഷം തുരുത്തിലെത്തി. പേരറിയാത്ത എന്തോ വള്ളിച്ചെടികൾ കൊണ്ട് ഇടതൂർന്നു നിൽക്കുന്ന കുറച്ചു സ്ഥലം. ദ്വീപിലെത്തി ആദ്യമായി ഭയം തോന്നിയത് അവിടെ എത്തിയപ്പോഴാണ് . നമ്മുടെ ഞണ്ടു പോലെ ഒരു ജന്തു . എല്ലായിടത്തും അത് മാത്രം. എന്തെങ്കിലും തട്ടിയാൽ ആമ ഉൾവലിയുന്ന പോലെ കൊമ്പും കാലുമെല്ലാം ഉള്ളിലേക്ക് വലിക്കും .

കടിക്കുമെന്ന് ഫയാസ് പറഞ്ഞെങ്കിലും പേടിക്കാൻ ഒന്നുമില്ലെന്നും പറഞ്ഞു .കൈ കൊണ്ട് എടുത്തതു കാണിച്ചെങ്കിലും എനിക്കെന്തോ നല്ല പേടി ആയിരുന്നു. ആളൊഴിഞ്ഞ തുരുത്തിൽ വല്ലാത്തൊരു അന്തരീക്ഷമാണ്. അവിടുത്തെ ശാന്തതക്ക് എന്തോ വല്ലാത്തൊരു ഭീകരത. എനിക്ക് മനസ്സ് കൊണ്ട് എത്രയും പെട്ടെന്ന് അവിടം വിട്ടു പോരാൻ തോന്നി , അസ്തമയ സൂര്യനെ സാക്ഷി നിർത്തി കുറച്ചു ഫോട്ടോസ് എടുത്തു വീണ്ടും കരയിലേക്ക്. തിരിച്ചു വരുമ്പോഴേക്കും ഞാൻ നല്ലൊരു കയാക്കിങ് എക്സ്പെർട് ആയിരിക്കുന്നു .

നാളെ എനിക്ക് ദ്വീപിനോട് വിട പറയണം. നാളത്തെ ഷിപ്പ് മിസ് ആയാൽ പിന്നെ ഏഴു ദിവസങ്ങൾക്ക് ശേഷമാണ് അടുത്ത ഷിപ്പ് ,വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ള ടിക്കറ്റ് ശരിയാവുമെന്ന് തന്നെയാണ് പ്രതീക്ഷ. വൈകുന്നേരം എല്ലാവരും ഒന്നൂടെ ഒത്തുകൂടി .

സ്കൂബ വീഡിയോസ് എടുത്ത സുഹൃത്തും റാഷിയും ഷഫീക് അളിയനും ഫയാസും അനീസും എല്ലാവരും .ഒറ്റക്ക് ദ്വീപിൽ എത്തിയ ഞാൻ ഇപ്പോള്‍ സ്നേഹബന്ധങ്ങൾ കൊണ്ട് സമ്പന്നനായിരിക്കുന്നു. അടുത്ത തവണ വരുമ്പോള്‍ കൂടെ ഒരു മൊഞ്ചത്തി കൂടെ ഉണ്ടായിക്കോട്ടെ എന്ന് അനീസ് മാഷ് പറഞ്ഞു. പലപല വിശേഷങ്ങൾക്ക് ശേഷം എല്ലാരും പിരിഞ്ഞു , ഞാനും റാഷിയും ഫയാസും കൂടെ രാത്രി ഒരുതവണ കൂടെ ഒരു റൈഡ് പോയി .കുറച്ചു പേര് ചൂണ്ടലിട്ടു മീൻ പിടിക്കുന്നത് കണ്ടു . രസകരമായി തോന്നിയത് പിടിച്ച മീൻ അവർ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ അതിനെ വീണ്ടും കടലിലേക്ക് തന്നെ എറിയുന്നു. കുറെ നേരം എല്ലാം നോക്കിനിന്നു മടങ്ങി .

നാളെ ഉച്ചക്കാണ് ഷിപ്പ് . ഫയാസിന് ഡ്യൂട്ടി ഷിപ്പ് വരുന്നിടത്താണ് . ആന്ദ്രോത്തിൽ നിന്നുമുള്ള ഷിപ്പാണ്. രാവിലെ അവൻ ഡ്യൂട്ടിക്ക് പോകുന്നത് കൊണ്ട് ബൈക്ക് എന്നെ ഏൽപ്പിച്ചു .ഒരു കുപ്പി പെട്രോളും തന്നു .പെട്രോളിന് 130 രൂപയാണ് ലിറ്ററിന് വില. അതെന്നെ ശരിക്കുമോന്നു ഞെട്ടിച്ചു . ഫ്രൂട്സിനും ഇതുപോലെ വിലകൂടുതലാണ് .

രാവിലെ നേരത്തെ എണീറ്റു. ഇന്നീ മണ്ണിനോട് വിട പറയും . എന്തോ ഒരു മടി അലട്ടി. കുറച്ചു നേരം ഉമ്മറത്തു വന്നിരുന്നു. അയൽവാസികളോട് എല്ലാം ഇന്ന് പോവുമെന്ന് പറഞ്ഞു . ഇനിയും വരണം എന്ന് മറുപടി പറഞ്ഞു കരയിലുള്ളവരോടുള്ള അവരുടെ സ്നേഹം അറിയിച്ചു . അവർക്ക് സ്നേഹിക്കാൻ മാത്രേ അറിയൂ.

ആന്ദ്രോത്തിൽ നിന്നും വന്ന ഷിപ്പിൽ ഒരു നിലമ്പൂരുകാരൻ ഉണ്ട് . തിരിച്ചു പോകുമ്പോൾ കൂട്ടിനു പുള്ളി കൂടെ ഉണ്ടാവും. ആന്ദ്രോത്തിലെ ഒരു ഹോട്ടലിലെ ജോലിക്കാരനാണ് . ഫയാസിന്റെ സുഹൃത്ത്. അയാൾ ആദ്യമായാണ് മിനിക്കോയിൽ . ദ്വീപ് കാണാൻ വന്ന എനിക്ക് അവസാന ദിവസം ദ്വീപ് കാണിച്ചു കൊടുക്കേണ്ട ഡ്യൂട്ടി ആയി. ഒരിക്കൽ കൂടെ ഞാൻ ദ്വീപിന്റെ എല്ലാ ഭാഗങ്ങളും കണ്ടു. സ്വന്തം നാട് പോലെ പരിചിതയിരിക്കുന്നു ഓരോ വഴികളും.

ഉച്ചക്ക് ഭക്ഷണം ഫയാസിന്റെ വീട്ടിൽ റെഡി ആക്കിയിരുന്നു . അവന്‍റെ ഉമ്മയുടെ കൈപ്പുണ്യം ചേർന്ന നല്ല ചൂര ബിരിയാണി കുറച്ചു കഴിച്ചു ജെട്ടിയിലേക്ക് . എൻട്രൻസിൽ തന്നെ ഫയാസ് ഉണ്ടായിരുന്നു. പേപ്പർസ് എല്ലാം നോക്കി ക്ലിയറൻസ് തന്നു .  പോകുന്നത് ലഗൂൺ എന്ന ചെറുഷിപ്പിലാണ് . നാനൂറ് രൂപ മാത്രമേ ടിക്കറ്റ് ചാർജ് വന്നുള്ളൂ. ബങ്ക് ക്ലാസ് ആണ് . കൂടുതൽ വൃത്തിയും ലക്ഷറിയും ഈ കപ്പലിൽ ഫീൽ ചെയ്തു . നിലമ്പൂരുകാരന്റെ ദ്വീപ് വിശേഷങ്ങളും കേട്ട് മടക്കം .

കുറച്ചു ദിവസങ്ങൾ പൊന്നുപോലെ നോക്കിയ ദ്വീപിലെ മാണിക്യങ്ങളോട് ,സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു ജനതയോട് . പൂർണ്ണ മനസോടെ ഒരാൾക്കും ദ്വീപിനോട് വിടപറയാൻ കഴിയില്ല . "ആ പ്രകൃതിയെ നെഞ്ചിൽ പകർത്തി ഞാൻ എടുത്തുവിട്ട ദീർഘനിശ്വാസങ്ങളുടെ കൂടെ പുറംതള്ളപ്പെട്ടത് അടക്കിപ്പിടിച്ച എന്റെ നൊമ്പരങ്ങളുടെ, വേദനകളുടെ ,മറവി മറന്ന ചില ഓർമ്മകളുടെ, ഭാണ്ഡക്കെട്ടുകളായിരുന്നു. ഞാൻ രാത്രി വന്നിരുന്ന കടൽപ്പാലവും നിറങ്ങൾ മാറി അത്ഭുതം കാണിച്ചിരുന്നു കടലോരങ്ങളും എല്ലാം കണ്ണിൽ നിന്നും മാഞ്ഞു തുടങ്ങുന്നു . വിട വീണ്ടും വരാമെന്ന പ്രതീക്ഷയോടെ.

ആദ്യഭാഗം: വനിതകളുടെ ദ്വീപിലേക്കൊരു ഏകാന്തയാത്ര

രണ്ടാംഭാഗം: അന്നേരം ഞാന്‍ അനാര്‍ക്കലി സിനിമ ഓര്‍ത്തു

മൂന്നാംഭാഗം: കടലാഴങ്ങളിലേക്കൊരു ഡൈവിംഗ്

PREV

ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ  Newly launched cars reviews in Malayalam  തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.

 

click me!

Recommended Stories

മഹീന്ദ്ര XEV 9e സിനലക്സ് എഡിഷൻ ബുക്കിംഗ് ആരംഭിച്ചു
യെസ്‍ഡി റെഡ് വുൾഫ്: ചുവപ്പൻ കരുത്തൻ നിരത്തിലേക്ക്