മിനിക്കോയ് ദ്വീപുകാരുടെ ഭാഷ നമുക്കൊരിക്കലും മനസിലാകില്ല. മലയാളം പറയുന്ന ഭൂരിഭാഗം പേരും മറ്റുദ്വീപുകാരാണ് . റാഷിയുടെ അളിയൻ , പെങ്ങൾ , ഇക്ക തുടങ്ങി ഒരുപാടു പേര് മിനിക്കോയ് വന്നു ജോലി ചെയ്തു ജീവിക്കുന്നുണ്ട് . ഇത്രയും പറഞ്ഞത് ഒരാളെ പരിചയപ്പെടുത്താനാണ് . ഷഫീക് - റാഷിയുടെ അളിയനാണ് . ജോലി സ്‌കൂബാ ഡൈവർ. രാവിലെ പുള്ളിയെ കണ്ടപ്പോൾ ഇന്ന് നല്ല തിരക്കാകും നാളേക്ക് സ്‌കൂബാ ചെയ്യാം, അതുവരെ മറ്റുസ്ഥലങ്ങൾ കണ്ടു വരൂ എന്നാണ് പറഞ്ഞിരുന്നത്. ലൈറ്റ് ഹൗസ് കാഴ്ചകൾ കണ്ടിറങ്ങുമ്പോഴേക്കും അളിയന്റെ ഫോൺ വന്നിരുന്നു എത്രയും വേഗം ചെല്ലാൻ.

20 bed എന്ന പേരിൽ അറിയപ്പെടുന്ന പ്രദേശമാണ് മിനിക്കോയ് ടൂറിസത്തിന്റെ പ്രധാന ഭാഗം . സ്‌കൂബാ ഡൈവിങ് , സ്‌നോർക്കലിംഗ്, കയാക്കിങ് , തുടങ്ങി എല്ലാറ്റിന്റെയും തുടക്കം ഇവിടെ നിന്നാണ്. മനോഹരമായ റിസോർട്ടുകൾ. റിസോർട്ടിൽ എത്തി പൈസ അടച്ചു ട്രെയിനിങ് ക്ലാസ് അറ്റൻഡ് ചെയ്യാൻ ഇരുന്നു. 2000 രൂപയാണ് ചാർജ്. വെല്‍ ട്രെയിന്‍ഡായിട്ടുള്ള ആളുകളാണ് ക്ലാസ് തരുന്നതും നമ്മളെ കടലാഴങ്ങളുടെ മാന്ത്രിക കാഴ്ചകളിലേക്ക് കൊണ്ട് പോകുന്നതും. ഷഫീക് അളിയനോട് ആദ്യമേ ഞാൻ പറഞ്ഞിരുന്നു എന്റെ കൂടെ വരുന്നത് അളിയൻ തന്നെ ആവണമെന്ന്. എനിക്ക് നീന്താൻ അറിയില്ല അതിന്റെ ആവശ്യം സ്‌കൂബാക്ക് ഇല്ലെങ്കിലും ഉളിൽ പേടിയുണ്ടായിരുന്നു .

ശ്വാസം എടുക്കേണ്ട രീതികളും കടലിനടിയിൽ വെച്ച് ആശയവിനിമയം നടത്തേണ്ട ഹാൻഡ് സിഗ്‌നലുകളെ പറ്റിയും ക്ലാസ്സിൽ പറഞ്ഞു തന്നു. നല്ല ഭാരമുള്ള ഒരു ബെൽറ്റും ഓക്‌സിജനും മാസ്കും എല്ലാം ദേഹത്തു ഫിറ്റ് ചെയ്തു ഒന്ന് രണ്ടു തവണ ഷഫീക്ക് അളിയൻ എന്നെ വെള്ളത്തിൽ മുക്കി എടുത്തു . കടലിലേക്ക് പോകും മുൻപ് എല്ലാവര്‍ക്കും ആദ്യം നടത്തുന്ന ടെസ്റ്റാണത് . സമയം കിട്ടുമ്പോഴെല്ലാം റിസോർട്ടും ചുറ്റുവട്ടവും എന്റെ ക്യാമറ ഫ്ലാഷുകൾ ഒപ്പിയെടുത്തു .

തൃശൂരില്‍ നിന്നുള്ള രണ്ടു ഫാമിലി ഉണ്ടായിരുന്നു കൂടെ . ഞാനടക്കം അഞ്ചുപേരാണ് ഉണ്ടായിരുന്നത് . ഓരോരുത്തർക്കും ഓരോ പ്രൊഫഷണൽ ഡൈവർ കൂടെ ഉണ്ടാകും . പാക്കേജിൽ ഉൾപ്പെട്ട അവരുടെ കാമറയ്ക്ക് എന്തോ കുഴപ്പം കാരണം അവർക്ക് ആർക്കും കടൽ കാഴ്ചകൾ ഒപ്പിയെടുക്കാൻ കഴിഞ്ഞില്ല . എന്റെ കയ്യിലുള്ള കാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യാൻ അവർ മറ്റൊരാളെ കൂടെ ഏർപ്പെടുത്തി തന്നു.

ഒരു പ്ലാസ്റ്റിക് ടിന്നുകൾ കൂട്ടി വെച്ച (ശരിക്കുമുള്ള പേര് അറിയില്ല ഫോട്ടോ നോക്കിയാൽ അറിയാം ) ഉണ്ടാക്കിയ ഒരു ഓറഞ്ചു കളർ സാധനത്തിൽ എല്ലാവരെയും ഇരുത്തി ഒരു ചെറു ബോട്ട് ഞങളെ വലിച്ചു മുന്നിൽ പോയി. തീരെ ആഴം കുറഞ്ഞ പച്ചകടലിലൂടെ ഏകദേശം ഇരുപത് മിനിറ്റോളം യാത്ര ചെയ്ത എത്തിയ സ്ഥലത്താണ് നമ്മളെ അവർ കടലാഴങ്ങളിലെക്ക് കൊണ്ടു പോകുന്നത് .

അതുവരെ ആഴം കുറഞ്ഞു പച്ച നിറത്തിൽ കണ്ട കടലിന്റെ നിറവും ഭാവവും മാറുന്നതാണ് കണ്ടത് . കരിനീല കളറിലേക്ക് വെള്ളവും കൂടെ ആഴവും കൂടിയിരിക്കുന്നു. ക്യാമറയുടെ പ്രവർത്തനങ്ങൾ അവർ അറേഞ്ച് ചെയ്‌ത്‌ തന്ന ആൾക്ക് പറഞ്ഞു കൊടുത്തു. എന്നെക്കൊണ്ട് പോകുന്ന ഷഫീഖ് അളിയന്റെ കയ്യും പിടിച്ചു ഞാൻ പതുക്കെ ദൈവത്തിന്റെ കാൻവാസിലെ മാന്ത്രിക ലോകം കാണാൻ നടന്നിറങ്ങി.

നീന്തൽ ഒട്ടും വശമില്ലാത്ത എന്നെയും വലിച്ചു ഷഫീക് ആഴങ്ങളിലെക്ക് നീന്തിയിറങ്ങി . ആദ്യത്തെ അഞ്ചു മിനിറ്റിൽ തന്നെ ശക്തമായ ചെവി വേദന അനുഭവപ്പെട്ടു . തലയെല്ലാം കൂടെ പൊട്ടിത്തെറിക്കും എന്ന് തോന്നിയപ്പോള്‍ സിഗ്നൽ കൊടുത്തു മുകളിലേക്ക് വന്നു. കുറച്ചു നേരം ശ്വാസമെടുത്തു ഒന്നുകൂടെ ശ്വസോച്ഛാസ രീതികൾ മനസ്സിലാക്കി വീണ്ടും ഇറങ്ങി. പിന്നീടങ്ങോട്ട് കിട്ടിയ നിമിഷങ്ങൾ എഴുതി നിങ്ങളെ അറിയിക്കാൻ എനിക്ക് അറിയില്ല.

ഒരാൾക്ക് ഇരുപത് മിനിറ്റാണ് സ്കൂബ അനുവദിക്കുന്ന സമയം . കൂടെ ഉണ്ടായിരുന്ന ഫാമിലിയിലെ സ്ത്രീകൾ പലതവണ മുകളിലേക്ക് പോവേണ്ടി വന്ന കാരണം അവർക്ക് ഡിലെ വന്ന സമയം കൂടെ കൂട്ടി ഏകദേശം 30 മിനിറ്റോളം ആ സുന്ദര ലോകത്തു എനിക്ക് കിട്ടി. ലക്ഷദ്വീപ് സൗഹൃദത്തിന്റെ മറ്റൊരു സ്നേഹ ഭാവം ആയിരുന്നു അപ്പോള്‍ കിട്ടിയത് . അവർ ഒരിക്കലും ഒരു അന്യനെ പോലെ നമ്മളെ ട്രീറ്റ് ചെയ്യില്ല. വളരെയധികം ആത്മാർത്ഥയുള്ളവരാണ്.

എല്ലാം കഴിഞ്ഞു മുകളിലേക്ക് പൊങ്ങി വന്നിട്ടും കടലാഴങ്ങൾ കണ്ണിൽ നിന്നും പോയില്ലായിരുന്നു . ഏതെങ്കിലും രീതിയിൽ ഒരു അവസരം കിട്ടുകയായെങ്കിൽ ജീവിതത്തില്‍ ഒരിക്കലെങ്കിലും പോയിരിക്കണം ഈ മണ്ണിലേക്ക് . സ്‌കൂബാ ഡൈവിങ്ങിനു ഏറ്റവും ഉചിതമായ സ്ഥലവും ലക്ഷദ്വീപാണ് . അത്രയും ക്രിസ്റ്റൽ ക്ലിയറാണ് വെള്ളം. അതില്‍ മാലിന്യത്തിന്റെ ഒരു അംശം പോലുമില്ല എന്നത് കാഴ്ചകൾ കൂടുതൽ സുതാര്യമാകുന്നു. നാഷ്ണൽ ജോഗ്രഫിയിൽ മാത്രം കണ്ടു പരിചതമായ ഒരു ലോകം കണ്ട നിർവൃതിയോടെ വീണ്ടും കരയിലേക്ക് .

ഗ്രാമക്കാഴ്ചകൾ
റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി വൈകുന്നേരത്തോടെ ബൈക്കുമെടുത്ത് കറങ്ങാനിറങ്ങി. എല്ലാത്തവണയും ബൈക്ക് ഓടിച്ചത് ഞാനാണ്. നല്ല രസമാണ് അവിടെ ബൈക്ക് ഓടിക്കാൻ. ബാലരമയിലൊക്കെ മുയലിനും എലിക്കും അമ്മയുടെ അടുത്തേക്ക് എത്താനുള്ള വഴി കാണിച്ചു കൊടുക്കുന്നത് കളിച്ചിട്ടില്ലേ അതെ രസമാണ് അവിടുത്തെ തെരുവുകളിലൂടെ ബൈക്കോടിക്കാന്‍. കഷിടിച്ചു ഒരു ഓംനി വാൻ കടന്നു പോകുന്ന വഴികൾ .

വീടുകളിൽ സ്ത്രീകളെയാണ് കൂടുതൽ കണ്ടത്. പുരുഷന്മാർ അധികവും കടലിലും കപ്പലിലും ജോലിക്ക് പോകുന്നവർ. ചെറുതും വലുതുമായ വീടുകൾ അടക്കി വെച്ച പോലെ . ഒരു മതിലിന്റെ തടസ്സം പോലും വീടുകൾ തമ്മിൽ കണ്ടില്ല . പോലീസ് കേസുകൾ ഇല്ലാത്ത, മോഷണമോ പീഡനമോ, കൊലപാതകമോ ഭൂമി തർക്കങ്ങളോ ഒന്നുമില്ലാത്ത ഒരു ജനത. കൊതിച്ചു പോകും അങ്ങനെ ഒരു നാട് . ആകെയുള്ള ഒന്നുരണ്ടു കടകളിൽ എല്ലാം സ്ത്രീകളാണ് .

കാഴ്ചകള്‍ കണ്ട് ഓരോ ചായയും കുടിച്ചു റൂമിലേക്ക്. സ്കൂബ ചെയ്യുമ്പോള്‍ എടുത്ത വീഡിയോകളും ഫോട്ടോസും കാണാൻ ഡ്യൂട്ടി കഴിഞ്ഞു ഷഫീക് അളിയനും എല്ലാമെടുത്തു തന്ന അവരുടെ സ്റ്റാഫും കോട്ടേഴ്സിൽ വന്നിരുന്നു. കുറച്ചുനേരം മൂക്കുതലക്കാരന്റെയും ദ്വീപുകാരന്റെയും കത്തിവെക്കലുകളും കടൽക്കാഴ്ചകളുടെ വിവരണവുമായി എല്ലാരും കൂടെയിരുന്നു .

തരക്കേടില്ലാത്ത ക്ഷീണമുണ്ട്. റാഷിദ് നാളെ ഡ്യൂട്ടിക്ക് പോവും വൈകുന്നേരം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു. പോലീസുകാരൻ ഫയാസ് നാളെ ലീവെടുത്തിട്ടുണ്ട് എന്നും കയാക്കിങ്ങും കുറച്ചു ബീച്ച് കാഴ്ചകളും നാളെ കാണാം എന്നുറപ്പ് തന്നു ഒരു സൈക്കിളും തന്നിട്ട് പോയി. പെട്ടെന്ന് തന്നെ ഉറങ്ങാൻ എനിക്ക് കഴിയില്ലായിരുന്നു. ബാക്കിയുള്ള പുളിയച്ചാറും മാങ്ങാത്തോലും എടുത്തു പോക്കറ്റിലിട്ട് സൈക്കിളുമെടുത്തു ഞാൻ വീണ്ടും ദ്വീപിന്റെ ഇടവഴികളിലൂടെ. രാത്രയിലെപ്പോഴോ മരണത്തിന്റെ ഗന്ധമുള്ളൊരു കാറ്റെന്നെ തഴുകിയിരുന്നു.

നാളെ അവസാനഭാഗം: ആളൊഴിഞ്ഞ ആ തുരുത്തിലെ ഭീകരജീവികള്‍

ആദ്യഭാഗം: വനിതകളുടെ ദ്വീപിലേക്കൊരു ഏകാന്തയാത്ര

രണ്ടാംഭാഗം: അന്നേരം ഞാന്‍ അനാര്‍ക്കലി സിനിമ ഓര്‍ത്തു