ടൊയോട്ട ഗ്ലാൻസയ്ക്ക് ആഗസ്റ്റ് മാസത്തിൽ ₹70,000 വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 1.2 ലിറ്റർ പെട്രോൾ, സിഎൻജി എഞ്ചിൻ ഓപ്ഷനുകളുള്ള ഈ പ്രീമിയം ഹാച്ച്ബാക്ക് മികച്ച മൈലേജും 6 എയർബാഗുകൾ പോലുള്ള സുരക്ഷാ ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിൽ ശ്രദ്ധേയമായ മോഡലായ ടൊയോട്ട ഗ്ലാൻസയ്ക്ക് ആഗസ്റ്റ് മാസത്തിൽ വൻ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കമ്പനി. മാരുതി സുസുക്കി ബലേനോയുമായി നേരിട്ട് മത്സരിക്കുന്ന ഗ്ലാൻസയ്ക്ക് ഈ മാസം ഉപഭോക്താക്കൾക്ക് പരമാവധി 70,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ടൊയോട്ട ഇതര വാഹനങ്ങൾ ഗ്ലാൻസയിലേക്ക് മാറ്റുന്ന ഉപഭോക്താക്കൾക്ക് 40,000 രൂപ അധിക എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കും. ഇതിന് പുറമെ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും സർക്കാർ ജീവനക്കാർക്കും ഗ്രാമീണ ഉപഭോക്താക്കൾക്കും 5,000 രൂപ അധിക ആനുകൂല്യവും ലഭ്യമാണ്. ഇതോടെ ആകെ ആനുകൂല്യം 70,000 രൂപ വരെയാകും. സാധാരണ ഓഫർ പദ്ധതിയിൽ പരമാവധി 65,000 രൂപ വരെയാണ് ലഭിക്കുക. ടൊയോട്ട ഗ്ലാൻസയുടെ പ്രാരംഭ എക്സ്-ഷോറൂം വില 6.46 രൂപ ലക്ഷം രൂപയാണ്.
1.2 ലിറ്റർ പെട്രോൾ എൻജിനുമായി ഗ്ലാൻസ
എൻജിൻ വിഭാഗത്തിൽ ടൊയോട്ട ഗ്ലാൻസയിൽ 1.2 ലിറ്റർ എൻ.എ. പെട്രോൾ എൻജിനാണ് ലഭിക്കുന്നത്. ഫാക്ടറി ഘടിപ്പിച്ച സി.എൻ.ജി. കിറ്റ് ഓപ്ഷനും വാഹനത്തിനുണ്ട്. പെട്രോൾ പതിപ്പ് 5 സ്പീഡ് മാനുവൽ, എ.എം.ടി. ഗിയർബോക്സ് ഓപ്ഷനുകളിലാണ് ലഭിക്കുന്നത്. ഇത് 89 ബി.എച്ച്.പി. കരുത്തും 113 എൻ.എം. ടോർക്കും നൽകുന്നു. സി.എൻ.ജി. പതിപ്പ് മാനുവൽ ഗിയർബോക്സിനൊപ്പം മാത്രമാണ് ലഭിക്കുന്നത്. സി.എൻ.ജി. മോഡിൽ എൻജിൻ 76 ബി.എച്ച്.പി. കരുത്തും 98.5 എൻ.എം. ടോർക്കുമാണ് ഉൽപ്പാദിപ്പിക്കുന്നത്.
30.61 കിലോമീറ്റർ വരെ മൈലേജ്
ഇന്ധനക്ഷമതയുടെ കാര്യത്തിൽ ഗ്ലാൻസ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 1.2 ലിറ്റർ പെട്രോൾ മാനുവൽ, എ.എം.ടി. പതിപ്പുകൾക്ക് ലിറ്ററിന് 22.3 കിലോമീറ്റർ മൈലേജാണ് ലഭിക്കുന്നത്. പെട്രോൾ-സി.എൻ.ജി. മാനുവൽ പതിപ്പ് ലിറ്ററിന് 30.61 കിലോമീറ്റർ വരെ മൈലേജ് നൽകുന്നു. എ.ആർ.എ.ഐ. സാക്ഷ്യപ്പെടുത്തിയ കണക്കുകളാണിത്.
ബലേനോ, ആൾട്രോസ്, ഐ20 എന്നിവയ്ക്ക് എതിരാളി
ടൊയോട്ട ഗ്ലാൻസ ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി ഐ20 തുടങ്ങിയ പ്രീമിയം ഹാച്ച്ബാക്കുകളുമായാണ് മത്സരിക്കുന്നത്. മികച്ച മൈലേജ്, കുറഞ്ഞ പരിപാലന ചെലവ്, ടൊയോട്ടയുടെ വിശ്വാസ്യത എന്നിവയാണ് വാഹനത്തിന്റെ പ്രധാന ആകർഷണങ്ങൾ.
ആധുനിക ഡിസൈനും പ്രീമിയം ഫീച്ചറുകളും
പുറത്തളത്തിൽ എൽ.ഇ.ഡി. ഡേടൈം റണ്ണിങ് ലാമ്പുകളോടുകൂടിയ എൽ.ഇ.ഡി. പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽ.ഇ.ഡി. ഫോഗ് ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ ലഭിക്കുന്നു. വീതിയേറിയ ട്രപസോയിഡൽ ലോവർ ഗ്രിൽ, ടൊയോട്ടയുടെ സിഗ്നേച്ചർ ഫ്രണ്ട് ഫാസിയ, സ്റ്റൈലിഷ് എൽ.ഇ.ഡി. ടെയിൽ ലാമ്പുകൾ എന്നിവ വാഹനത്തിന് ആകർഷകമായ രൂപം നൽകുന്നു.
ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീനും നിരവധി സ്‍മാർട്ട് ഫീച്ചറുകളും
അകത്തളത്തിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9 ഇഞ്ച് സ്മാർട്ട് പ്ലേകാസ്റ്റ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനം നൽകിയിട്ടുണ്ട്. ഹെഡ്-അപ്പ് ഡിസ്‌പ്ലേ, വോയ്‌സ് അസിസ്റ്റന്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എ.സി. വെന്റുകൾ, ക്രൂയിസ് കൺട്രോൾ, കീലെസ് എൻട്രി, എൻജിൻ സ്റ്റാർട്ട്/സ്റ്റോപ്പ് ബട്ടൺ തുടങ്ങിയ ഫീച്ചറുകളും ലഭ്യമാണ്.
ആറ് എയർബാഗുകളുമായി സുരക്ഷ
സുരക്ഷാ സംവിധാനങ്ങളിൽ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇ.ബി.ഡി. സഹിതമുള്ള എ.ബി.എസ്., വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, പിൻ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വില, ഫീച്ചറുകൾ, മൈലേജ് എന്നിവയുടെ സംയോജനത്തിലൂടെ മാരുതി ബലേനോ ഉപഭോക്താക്കളെയും കൂടുതൽ കുടുംബ ഉപഭോക്താക്കളെയും ആകർഷിക്കുകയാണ് ടൊയോട്ട ഗ്ലാൻസയുടെ ലക്ഷ്യം.
ശ്രദ്ധിക്കുക, വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.


