
സ്വീഡിഷ് വാഹനനിര്‍മ്മാതാക്കാളായ വോള്‍വോയുടെ പുത്തന്‍ ആഢംബര എസ്‌യുവി എക്‌സ്‌സി 60 ആണ് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കാര്‍. ഒപ്പം ഏറ്റവും മികച്ച ഓഫ്-റോഡര്‍ എന്ന പുരസ്‌കാരവും വോള്‍വോ XC60 സ്വന്തമാക്കിയത് കഴിഞ്ഞ വർഷമാണ്. സുരക്ഷാ ഏജന്‍സിയായ യൂറോ എന്‍സിഎപി നടത്തിയ ക്രാഷ് ടെസ്റ്റുകളില്‍ അഞ്ചില്‍ അഞ്ചു സ്റ്റാറും നേടിയാണ് XC60 ഈ നേട്ടത്തിലേക്ക് ഓടിക്കയറിയത്. ഈ വാഹനം ഇപ്പോള്‍ മലയാള വാഹനലോകത്തും സിനിമാ ലോകത്തും നിറയുന്നത് നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജുവിന്‍റെ ഗാരേജിലെത്തിയതോടെയാണ്. ഏകദേശം 55.90 ലക്ഷം രൂപ എക്‌സ് ഷോറൂം വിലയുള്ള വാഹനം കഴിഞ്ഞദിവസമാണ് മണിയന്‍പിള്ള രാജു സ്വന്തമാക്കിയത്. അദ്ദേഹം വാഹനം സ്വന്തമാക്കുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മിഡ്-സൈസ്ഡ് എസ്‌യുവിയായ എക്‌സ്‌സി 60 കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയില്‍ അവതരിക്കുന്നത്. അത്യാധുനിക സംവിധാനങ്ങളെല്ലാം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണെന്നതാണ് വാഹനത്തിന്‍റെ ഏറ്റവും വലിയ പ്രത്യേകത. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ മുതിര്‍ന്ന യാത്രക്കാര്‍ക്ക് 98 ശതമാനം സുരക്ഷയാണ് വോള്‍വോ XC60 വാഗ്ദാനം ചെയ്യുന്നത്.
എബിഎസ്, സീറ്റ് ബെല്‍റ്റ്, സ്റ്റീര്‍ അസിസ്റ്റ് എന്നിങ്ങനെ സ്റ്റാന്റേഡ് ഫീച്ചേഴ്സിന് പുറമെ വോള്‍വോയുടെ റഡാര്‍ അധിഷ്ഠിത ബ്ലൈന്റ് സ്പോട്ട് ഇന്‍ഡിക്കേഷന്‍ സിസ്റ്റം, പൈലറ്റ് അസിസ്റ്റ്, ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റവും വാഹനത്തിലുണ്ട്. പൈലറ്റ് അസിസ്റ്റ് മുന്നിലെയും പിന്നിലെയും വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കാന്‍ സഹായിക്കും. ഒപ്പം ലൈന്‍ മിറ്റിഗേഷന്‍ സിസ്റ്റം 130 കിലോമീറ്റര്‍ വേഗതയില്‍ പോകുമ്പോള്‍ പോലും XC 60 ലെ ലൈന്‍ മാറാതെ സഹായിക്കും.
1969 സിസി എഞ്ചിനാണ് എക്‌സ്‌സി 60ന് കരുത്ത് പകരുന്നത്. ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 4000 ആര്‍പിഎമ്മില്‍ 233 ബിഎച്ച്പി കരുത്ത് പകരും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ജഗ്വാര്‍ എഫ് പേസ്, ബെന്‍സ് ജിഎല്‍സി, ബിഎംഡബ്യു എക്‌സ്3, ഔഡി ക്യു5 എന്നിവയാണ് എക്‌സ്‌സി 60ന് നിലവില്‍ ഇന്ത്യയിലെ എതിരാളികള്‍.