വഴക്കിനിടെ കാറിനു മുകളില്‍ കയറിയ ആളുമായി എതിരാളി കുതിച്ചു പാഞ്ഞു; തലയില്‍ കൈവച്ച് ജനം!

By Web TeamFirst Published Nov 11, 2018, 12:26 PM IST
Highlights

നിരത്തില്‍, രണ്ടു കാറുകളുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്ക് കലാശിച്ചത് സിനിമകളെ വെല്ലുന്ന തരത്തില്‍ ശ്വാസംനിലച്ചു പോകുന്ന സംഭവത്തിന്. ഇടിച്ചുതെറിപ്പിക്കാന്‍ വന്ന കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ബോണറ്റില്‍ ചാടിക്കയറിയ എതിരാളിയായ യുവാവിനെയും കൊണ്ട് ആറു കിലോമീറ്ററോളം ദൂരം കാര്‍ പാഞ്ഞത് 80 കിലോമീറ്ററിലധികം വേഗതയില്‍. 

ഗാസിയാബാദ്: നിരത്തില്‍, രണ്ടു കാറുകളുടെ ഡ്രൈവര്‍മാര്‍ തമ്മിലുള്ള വഴക്ക് കലാശിച്ചത് സിനിമകളെ വെല്ലുന്ന തരത്തില്‍ ശ്വാസംനിലച്ചു പോകുന്ന സംഭവത്തിന്. ഇടിച്ചുതെറിപ്പിക്കാന്‍ വന്ന കാറില്‍ നിന്ന് രക്ഷപ്പെടാന്‍ ബോണറ്റില്‍ ചാടിക്കയറിയ എതിരാളിയായ യുവാവിനെയും കൊണ്ട് ആറു കിലോമീറ്ററോളം ദൂരം കാര്‍ പാഞ്ഞത് 80 കിലോമീറ്ററിലധികം വേഗതയില്‍. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗാസിയബാദ് നഗരത്തിലാണ് ജനങ്ങളെ നടുക്കിയ സംഭവം. രാകേഷ് ദിവാന്‍ എന്ന 35 കാരനാണ് ജീവന്‍ പണയംവച്ച് സെന്‍ എസ്റ്റിലോ കാറിനു മുകളില്‍ കിടന്നത്. റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ചേര്‍ന്നാണ് ഭീതിപരത്തി പാഞ്ഞ കാര്‍ പിടിച്ചുനിര്‍ത്തി മുളകില്‍ കിടന്ന ആളെ രക്ഷപ്പെടുത്തിയത്. രാകേഷ് ദിവാന്‍ വച്ച് അപകടകരമായ വിധത്തില്‍ കാര്‍ ഓടിച്ച സെന്‍ എസ്റ്റിലോ ഡ്രൈവര്‍ ഭുവന്‍ കുമാര്‍ ശര്‍മ്മ (30)യെ പോലീസ് അറസ്റ്റു ചെയ്തു.

വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ നടന്ന സംഭവത്തെ കുറിച്ച് രാജേഷ് ദിവാന്‍ പറയുന്നത് ഇങ്ങനെ. സുഹൃത്തിനെ കാണാനാണ് തന്‍റെ സ്വിഫ്ട് ഡിസൈറില്‍ ഗാസിയാബാദില്‍ എത്തിയത്. സാഹിബാബാദില്‍ ട്രാഫിക് സിഗ്നല്‍ കിടക്കുന്നതിനിടെ സെന്‍ എസ്റ്റിലോയില്‍ എത്തിയ ആള്‍ തന്‍റെ കാറില്‍ ഇടിച്ചു. തുടര്‍ന്ന് റിവേഴ്‌സ് എടുത്ത് അയാള്‍ ഓടിച്ചുപോയി. പിന്തുടര്‍ന്ന തന്നെ കബളിപ്പിച്ച് അയാള്‍ കടന്നുകയളാന്‍ ശ്രമിച്ചെങ്കിലും രാജ് നഗര്‍ എക്‌സ്റ്റന്‍ഷനു സമീപം അയാളുടെ കാറിനെ മറികടന്നു.

ഭുവന്‍ കുമാറായിരുന്നു കാറോടിച്ചിരുന്നത്. കാറിനു മുന്നില്‍ തന്റെ കാര്‍ നിത്തി അയാളോട് കാറില്‍ നിന്ന് ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ തന്റെ നേരെ കാറോടിച്ചുവന്നു. രക്ഷപ്പെടാന്‍ ബോണറ്റിലേക്ക് ചാടിക്കയറിയ തന്നെയും കൊണ്ട് കുതിച്ചുപായുകയാണെന്ന് കണ്ടതോടെ റൂഫിലേക്ക് കയറി പിടിച്ചുകിടക്കുകയായിരുന്നു. ഈ സമയം കാര്‍ 80 കിലോമീറ്റര്‍ വേഗതയിലാണ് പാഞ്ഞുപോയതെന്നും രാജേഷ് പറയുന്നു.

കാര്‍ നിര്‍ത്തിക്കുന്നതിനു വേണ്ടി പല തവണ കാല്‍മുട്ടുകൊണ്ട് വിന്‍ഡ്‌സ്‌ക്രീനില്‍ ഇടിച്ചെങ്കിലും ഭുവന്‍ കുമാര്‍ കാര്‍ നിര്‍ത്താന്‍ തയ്യാറായില്ല. ഇവരെ പിന്തുടര്‍ന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ മീററ്റിനു സമീപം ട്രാഫിക് കുരുക്കില്‍ കാര്‍ നിര്‍ത്തിയതോടെ ഭുവന്‍ കുമാറിനെ പിടികൂടി കൈകാര്യം ചെയ്തശേഷം പോലീസിന് കൈമാറുകയായിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമം, പൊതുനിരത്തില്‍ അപകടരമായ വിധത്തില്‍ വാഹനമോടിക്കല്‍, നാശനഷ്ടമുണ്ടാക്കല്‍, മറ്റുള്ളവരുടെ ജീവന് ഭീഷണിയുണ്ടാക്കുന്ന വിധത്തില്‍ പെരുമാറി തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!