ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ 'ടിക്ക്-ടിക്ക്' ശബ്ദം കേള്‍ക്കുന്നതിനു പിന്നില്‍

By Web TeamFirst Published Nov 11, 2018, 11:02 AM IST
Highlights

വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ അഥവാ ടേണ്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന 'ടിക്ക്-ടിക്ക്' ശബ്ദത്തെക്കുറിച്ച് നമ്മളില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.  എന്തുകൊണ്ടാണ് ഈ ശബ്ദം ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? 

വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍ അഥവാ ടേണ്‍ സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കേള്‍ക്കുന്ന 'ടിക്ക്-ടിക്ക്' ശബ്ദത്തെക്കുറിച്ച് നമ്മളില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും.  എന്തുകൊണ്ടാണ് ഈ ശബ്ദം ഉണ്ടാകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കാറുകളില്‍ ശബ്ദം പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുന്ന നിര്‍മ്മാതാക്കള്‍ എന്തുകൊണ്ടാണ് ഈ ഇന്‍ഡിക്കേറ്റര്‍ ശബ്ദം ഒഴിവാക്കാത്തതെന്ന ചിലരെങ്കിലും ആലോചിച്ചിട്ടുണ്ടാകും. ഫ്‌ളാഷറിലെ ബൈ-മെറ്റാലിക് സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററില്‍ ക്ലിക്ക്-ക്ലിക്ക് ശബ്ദം എന്നാണ് ഒറ്റവാക്കിലുത്തരം.

ഇത് വിശദീകരിക്കുന്നതിനു മുമ്പ് ഇന്‍ഡിക്കേറ്ററുകളുടെ ചരിത്രം അറിയുന്നതും രസകരമായിരിക്കും. 1920 കളുടെ ആരംഭത്തില്‍ തന്നെ കാറുകളില്‍ വ്യത്യസ്ത തരത്തിലുള്ള മെക്കാനിക്കല്‍ ഇന്‍ഡിക്കേറ്റര്‍ സിഗ്നലുകള്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ നിങ്ങള്‍ കേള്‍ക്കുന്ന ടിക്ക്-ടിക്ക് ശബ്ദം രൂപം കൊള്ളുന്നത് 1930 കളുടെ തുടക്കത്തിലാണ്.

ജോസഫ് ബെല്ലാണ് കാറുകളില്‍ മിന്നിത്തെളിയുന്ന ഫ്‌ളാഷറുകളെ ഉപയോഗിക്കാമെന്ന ആശയം മുന്നോട്ട് വെച്ചത്. 1930 കളുടെ അവസാനത്തോടെ അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കളായ ബ്യൂയിക്ക്, തങ്ങളുടെ കാറുകളില്‍ ഫ്‌ളാഷിംഗ് ടേണ്‍ സിഗ്നലുകളെ പതിവായി നല്‍കി തുടങ്ങി. ബ്യൂയിക്കിന് പിന്നാലെ മറ്റ് കാര്‍ നിര്‍മ്മാതാക്കളും ഇതേ രീതി പിന്തുടര്‍ന്നു. തുടര്‍ന്ന് 1950 ഓടെ ഇന്‍ഡിക്കേറ്റര്‍/ടേണ്‍ സിഗ്നലുകള്‍ കാറുകളില്‍ നിര്‍ബന്ധമായി മാറി. അന്ന് മുതല്‍ ഇന്ന് വരെ ഇന്‍ഡിക്കേറ്ററുകള്‍ക്കൊപ്പം ഈ ശബ്ദമുണ്ട്.

തെര്‍മല്‍ സ്‌റ്റൈല്‍ ഫ്‌ളാഷറുകള്‍ ഇന്‍ഡിക്കേറ്റര്‍ ബള്‍ബുകളിലേക്ക് വൈദ്യുതി കടത്തി വിടുന്നതിനായി തെര്‍മല്‍ സ്റ്റൈല്‍ ഫ്‌ളാഷറുകളെയാണ് തുടക്കകാലത്ത് കാറുകളില്‍ ഉപയോഗിച്ചിരുന്നത്. ഫ്‌ളാഷറിലെ ബൈ-മെറ്റാലിക് സ്പ്രിങ്ങാണ് ബള്‍ബിലേക്ക് ചെറിയ ഇടവേളകളില്‍ വൈദ്യുതി കടത്തി വിടാന്‍ ഉപയോഗിക്കുന്നത്. ഈ സ്പ്രിങ്ങ് ചൂടാവുകയും തണുക്കുകയും ചെയ്യുന്നതിന്റെ ഫലമായാണ് ഇന്‍ഡിക്കേറ്ററിലെ ക്ലിക്ക്-ക്ലിക്ക് ശബ്ദം.

എന്നാല്‍ തെര്‍മല്‍ സ്റ്റൈല്‍ ഫ്‌ളാഷറുകളില്‍ നിന്നും ഇലക്ട്രോണിക് സ്‌റ്റൈല്‍ ഫ്‌ളാഷറുകളിലേക്ക് ചുവട് മാറിയിട്ടും ഈ ശബ്ദം തുടര്‍ന്നു. ഇപ്പോള്‍ കേള്‍ക്കുന്ന ക്ലിക്ക്-ക്ലിക്ക് ശബ്ദത്തിന് കാരണം ഇലക്ട്രോണിക് സ്‌റ്റൈല്‍ ഫ്‌ളാഷറുകളാണ്. ചെറിയ ചിപ്പ് മുഖേനയാണ് ഈ ഫ്‌ളാഷറുകള്‍ പ്രവര്‍ത്തിക്കുന്നത്.
 

click me!