
രാജ്യത്തെ ഏറ്റവും മികച്ച ട്രെക്കിംഗ് കേന്ദ്രങ്ങളിലൊന്നാണ് പക്ഷിപാതാളം. വയനാട്ടിലെ ബ്രഹ്മഗിരി കുന്നുകളിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. തിരുനെല്ലിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ സഞ്ചരിച്ചാൽ പക്ഷിപാതാളത്തിലെത്താം. വിവിധയിനം പക്ഷികളുടെ ഒരു മികച്ച ആവാസകേന്ദ്രം കൂടിയാണിത്.
സമുദ്രനിരപ്പിൽ നിന്ന് 1,740 മീറ്റർ ഉയരത്തിലാണ് പക്ഷിപാതാളം സ്ഥിതി ചെയ്യുന്നത്. സാഹസിക വിനോദസഞ്ചാരികൾക്കും പക്ഷിശാസ്ത്രജ്ഞർക്കും പ്രകൃതിസ്‌നേഹികൾക്കും ഒരുപോലെ പ്രിയപ്പെട്ടയിടമാണിത്. പക്ഷിപാതാളവുമായി ബന്ധപ്പെട്ട് പുരാണങ്ങളിൽ നിരവധി കഥകളുണ്ട്. പക്ഷികളുടെ രാജാവായ ഗരുഡൻ പക്ഷിപാതാളത്തിൽ തന്റെ പ്രജകൾക്ക് കാവൽ നിൽക്കുന്നുണ്ടെന്നാണ് വിശ്വാസം. മഹാഭാരതത്തിലും രാമായണത്തിലും പക്ഷിപാതാളത്തെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്. വനവാസകാലത്ത് പഞ്ചപാണ്ഡവൻമാർ ഇവിടെയുള്ള ഗുഹകൾ ഉപയോഗിച്ചിരുന്നതായും ശ്രീരാമനും സഹോദരൻ ലക്ഷ്മണനും അവരുടെ വനവാസകാലത്ത് ഇവിടെ എത്തിയിരുന്നതായും പുരാണങ്ങളിൽ പറയപ്പെടുന്നു.
ഇടതൂർന്ന കാടുകൾ താണ്ടി, കുത്തനെയുള്ള കുന്നുകൾ കയറി, ഇടുങ്ങിയ പാറക്കെടുക്കളിലൂടെ നടന്ന് ദുർഘടമായ ട്രെക്കിംഗിനൊടുവിലാണ് പക്ഷിപാതാളത്തിലെത്താൻ കഴിയുക. തിരുനെല്ലിയിൽ നിന്നാണ് ട്രെക്കിംഗ് ആരംഭിക്കുക. ഒരു ദിശയിലേയ്ക്ക് മാത്രം 3 മുതൽ 4 മണിക്കൂർ വരെ ട്രെക്ക് ചെയ്യേണ്ടി വരും. 'എഡിബിൾ നെസ്റ്റ് സ്വിഫ്റ്റ്ലെറ്റ്' പോലുള്ള അപൂർവ പക്ഷികളെ ഇവിടെ കാണാമെന്നതിനാൽ പക്ഷിനിരീക്ഷകർക്ക് ഏറെ അനുയോജ്യമായ ഇടമാണ് പക്ഷിപാതാളം. മലബാർ അണ്ണാൻ, കാട്ടുപോത്തുകൾ, ആനകൾ എന്നിവയും ഇവിടെയുണ്ട്. ചുറ്റുമുള്ള വനങ്ങളുടെ വിശാലമായ കാഴ്ച കാണാൻ കഴിയുന്ന ഒരു ക്ഷേത്രം, വാച്ച് ടവർ, ഗരുഡപ്പാറ, പാപനാശിനി അരുവി എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.
ഏറ്റവും പുതിയ Automobile News, ഏറ്റവും പുതിയ Electric Vehicles, Newly launched cars in india, Bike Reviews in Malayalam , Car Reviews in Malayalam , തുടങ്ങിയവ മലയാളത്തിൽ അറിയാൻ Asianet News Malayalam. കാറുകൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ, ഓട്ടോ ടെക്നോളജി തുടങ്ങിയ മേഖലകളിലെ പുതിയ ട്രെൻഡുകളും അപ്‌ഡേറ്റുകളും ഒരൊറ്റ ക്ലിക്കിൽ.