'പറക്കും ബൈക്ക്' റെഡി; ദുബായി പൊലീസ് ഇനി ബൈക്കില്‍ പറന്നിറങ്ങും!

By Web TeamFirst Published Nov 10, 2018, 3:28 PM IST
Highlights

ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി  സിനിമാ സ്റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും.  ഇതിനായി ഹോവർ ബൈക്കുകൾ എന്ന പറക്കും ബൈക്കുകളാണ്പൊലീസിനായി ഒരുങ്ങുന്നത്.

ദുബായി പോലീസ് വീണ്ടും സ്മാര്‍ട്ടാകുന്നു. ലംബോര്‍ഗിനി അടക്കമുള്ള അത്യാധുനിക വാഹനങ്ങളുമായി നിരത്തിലൂടെ ചീറിപ്പായുന്ന പോലീസ് ഇനി  സിനിമാ സ്റ്റൈലില്‍ ആകാശത്തു നിന്നും പറന്നുമിറങ്ങും.  ഇതിനായി ഹോവർ ബൈക്കുകൾ എന്ന പറക്കും ബൈക്കുകളാണ്പൊലീസിനായി ഒരുങ്ങുന്നത്. 2020 ഓടെ ഇതു സേനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വർഷം ബൈക്കിന്റെ മോഡൽ പ്രദർശിപ്പിച്ചിരുന്നു. അടിയന്തര സന്ദർഭങ്ങളിൽ അതിവേഗം ലക്ഷ്യത്തിലെത്താനും നിരീക്ഷണത്തിനുമെല്ലാം ഇത് ഉപയോഗിക്കാനാകും. ചെറുതായതിനാൽ എവിടെയും പറന്നിറങ്ങാനുമാകും. 

കാഴ്ചയിൽ ഡ്രോണിന്റെയും ബൈക്കിന്റയും സങ്കരരൂപമായ സ്കോർപിയൻ-3 എന്ന ഹോവർ ബൈക്ക് നിര്‍മ്മിക്കുന്നത് കാലിഫോർണിയയിലെ ഹോവർ സർഫ് എന്ന കമ്പനിയാണ്. ദുബായ് പൊലീസിനു മാത്രമായി രൂപകൽപന ചെയ്ത മോഡലാണിതെന്നാണ് റിപ്പോര്‍ട്ട്. രണ്ടു രീതിയിൽ പ്രവർത്തിപ്പിക്കാനാകുമെന്നതാണ് ബൈക്കിന്‍റെ പ്രധാന പ്രത്യേകത.  

114 കിലോഗ്രാം ഭാരമുള്ള ബൈക്കിനു കാർബൺ ഫൈബർ കൊണ്ടുള്ള ചട്ടക്കൂടാണുള്ളത്.  വാഹനത്തിന്‍റെ സീറ്റിനും ഹാൻഡിലിനുമെല്ലാം ബൈക്കിനോടാണ് സാമ്യം. 4 റോട്ടറുകളുണ്ട്. മണിക്കൂറിൽ 96 കിലോമീറ്റർ വേഗത്തിൽ പോകാം. 6000 മീറ്റർ വരെ ഉയരത്തിൽ പോകാനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബൈക്ക് പോലെ യാത്രികനു സ്വയം ഓടിച്ചുപോകാം. ഭൂമിയിൽനിന്നു നിയന്ത്രിക്കാനും ബൈക്കില്‍ സംവിധാനമുണ്ട്. ഇതുപയോഗിച്ച് ബൈക്കിന്‍റെ സഞ്ചാരപഥം നിരീക്ഷിക്കാനും അടിയന്തര ഘട്ടത്തിൽ താഴെയിറക്കാനും കഴിയും. ഹെൽമറ്റ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഇതിലുണ്ടാകും. 

പറക്കും ബൈക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഓഫിസർമാർക്കു പരിശീലനം ആരംഭിച്ചതായാണ് സൂചന. ഏതാനും മാസങ്ങൾക്കുള്ളിൽ ആദ്യ ബൈക്കുകൾ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പറക്കും ബൈക്കുകളെത്തുന്നതോടെ റോഡപകടങ്ങള്‍ നടന്നാല്‍ ഗതാഗത തടസം പിന്നിട്ടെത്തുന്നതിനുള്ള താമസം ഒഴിവാകും. പൊലീസിന്‍റെ കണ്ണുവെട്ടിച്ചു കടക്കുന്നവരെ ഇനി നിമിഷങ്ങള്‍ക്കകം ദുബായി പോലീസ്  പറന്നു പിടിക്കുകയും ചെയ്യും.

click me!