ഈ വാഹനങ്ങളുടെ ആയുസ് ഇനി വെറും ഒന്നരവര്‍ഷം മാത്രം!

By Web TeamFirst Published Oct 24, 2018, 4:14 PM IST
Highlights

2020 മാര്‍ച്ച് 31 ശേഷം ഭാരത് സ്റ്റേജ് നാല് വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ല. ഇതു സംബന്ധിച്ച് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വാഹന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. 
 

ദില്ലി: 2020 മാര്‍ച്ച് 31 ശേഷം ഭാരത് സ്റ്റേജ് നാല് വാഹനങ്ങള്‍ രാജ്യത്ത് വില്‍ക്കാനാവില്ല. ഇതു സംബന്ധിച്ച് സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. തീരുമാനം നടപ്പാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വാഹന നിര്‍മാതാക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളി. 

2020 ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് വില്‍ക്കുന്ന വാഹനങ്ങള്‍ ഭാരത് സ്റ്റേജ്-6 നിലവാരത്തിലുള്ളവയായിരിക്കണമെന്നാണ് കോടതി ഉത്തരവ്.  മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കോടതിയുടെ നിര്‍ണായക തീരുമാനം. രാജ്യത്തെ നഗരങ്ങളില്‍ വായുമലിനീകരണത്തിന്റെ തോത് ക്രമാതീതമായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇത് കണക്കിലെടുത്ത് വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിനുകള്‍ നല്‍കണമെന്ന് സുപ്രിം കോടതി മുമ്പ് നിര്‍ദേശിച്ചിരുന്നു. 

രാജ്യത്ത് വാഹന എഞ്ചിനില്‍ നിന്നും ബഹിര്‍ഗമിക്കുന്ന മലിനീകരണ വായുവിന്‍റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ്. ഇതിന്‍റെ ചുരുക്കെഴുത്താണ് ബി എസ്. പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ പുറം തള്ളുന്ന പുകയില്‍ അടങ്ങിയ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് നിലവാര പരിധി നടപ്പാക്കുക. ബിഎസ് 1-ല്‍ തുടങ്ങി നിലവില്‍ ഇത് ബിഎസ് 4-ല്‍ എത്തി നില്‍ക്കുന്നു. 2017 ഏപ്രില്‍ 1 മുതല്‍ ബിഎസ് 3 എഞ്ചിന്‍ നിലവാരത്തിലുള്ള വാഹനങ്ങള്‍ സുപ്രീം കോടതി ഉത്തരവനുസരിച്ച് രാജ്യത്ത് വില്‍ക്കാനാവില്ല. 

ബി.എസ്.-3 വാഹനങ്ങളെ അപേക്ഷിച്ച് ബി.എസ്.-4 വാഹനങ്ങള്‍ പുറംതള്ളുന്ന പുകയില്‍ നിന്നുള്ള മലിനീകരണം 80 ശതമാനം കുറവായിരുന്നു. കാര്‍ബണ്‍ മോണോക്സൈഡ്, ഹൈഡ്രോ കാര്‍ബണ്‍സ്, നൈട്രജന്‍ ഓക്സൈഡ് എന്നീ വിഷപദാര്‍ത്ഥങ്ങളുടെ അളവു കുറയ്ക്കുന്നതു വഴിയാണ് മലിനീകരണം നിയന്ത്രിക്കുന്നത്. ബിഎസ്-6 വരുന്നതോടെ ഈ തോത് വീണ്ടും കുറയുമെന്നാണ് വിലയിരുത്തല്‍.

1991ലാണ് ആദ്യമായി ഇന്ത്യയിൽ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ നിലവിൽവന്നത്. ആദ്യം പെട്രോൾ വാഹനങ്ങൾക്കായിരുന്നു. തൊട്ടടുത്ത വർഷം ഡീസൽ എൻജിനുകൾക്കുള്ള ചട്ടങ്ങൾ നിലവിൽവന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.

ചട്ടങ്ങൾ പ്രകാരം ഓരോ സ്റ്റേജിലുമുള്ള വാഹനങ്ങളിൽനിന്നു ബഹിർഗമിക്കുന്ന വാതകങ്ങൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. കാർബൺ മോണോക്സൈഡ്, ഹൈഡ്രോ കാർബണുകൾ, സൂക്ഷ്മ ഘടകങ്ങൾ എന്നിവയുടെ അളവുകളാണ് ഓരോ വിഭാഗത്തിലും പറയുന്നത്.

1998വരെ ആദ്യം രൂപീകരിച്ച മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു രാജ്യത്തെ വാഹനനിര്‍മ്മാണം. എന്നാല്‍ 2000ത്തിലാണ് യൂറോപ്യൻ യൂണിയന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള ഭാരത് സ്റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് രൂപപ്പെടുത്തുന്നത്. തൊട്ടടുത്ത വര്‍ഷം ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെയാണ് രാജ്യവ്യാപകമായി ബിഎസ് 2 നടപ്പാക്കിയത്. 2010-ലാണ് ബിഎസ് 3 നിലവാരത്തിലെക്കെത്തുന്നത്.
2020 മുതൽ നടപ്പാക്കാനുദ്ദേശിക്കുന്ന ബിഎസ്-6 ചട്ടങ്ങൾ ബിഎസ്-4 ചട്ടങ്ങളേക്കാൾ കർശനമായിരിക്കും.

ഇന്ത്യയില്‍ മലിനീകരണ തോത് വളരെക്കൂടുതലായതിനാല്‍ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ബിഎസ് 5 നിലവാരത്തില്‍ തൊടാതെയാണ് ഒറ്റയടിക്ക് ബിഎസ് 6-ലേക്ക് കടക്കുന്നത്. അതോടെ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും വര്‍ധിക്കേണ്ടതുണ്ട്. നിലവിലുള്ള ബിഎസ് 4 നിലവാരമുള്ള ഇന്ധനം 2010-ലാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. എണ്ണ കമ്പനികള്‍ക്കും സര്‍ക്കാറിനും വന്‍ മുടക്കു മുതല്‍ ഇന്ധന നിലവാരം വര്‍ധിപ്പിക്കാന്‍ ആവശ്യമായതിനാല്‍ 2020-ഓടെ ബിഎസ് 6 നടപ്പാക്കുക എന്നത് വളരെ ശ്രമകരമായ ദൗത്യമാണെന്ന് ചുരുക്കം.

click me!