മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി തടയാനുള്ള കേന്ദ്ര പദ്ധതി മുടക്കാന്‍ നീക്കം

By Web TeamFirst Published Jan 2, 2019, 11:59 AM IST
Highlights

മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന 'വാഹന്‍ സാരഥി' സോഫ്റ്റ്​വെയർ സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കാതിരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ അഴിമതി തടയാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്ന 'വാഹന്‍ സാരഥി' സോഫ്റ്റ്​വെയർ സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കാതിരിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. സോഫ്റ്റ്​വെയറിലെ വാഹന്‍ ഒഴിവാക്കി സാരഥി മാത്രം നടപ്പാക്കാനാണ് ശ്രമമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

വാഹന രജിസ്ട്രേഷന്‍ സേവനങ്ങളും (വാഹന്‍), ഡ്രൈവിങ് ലൈസന്‍സ് ഇടപാടുകളും (സാരഥി) ഏകോപിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് വാഹന്‍ സാരഥി. രാജ്യത്തെ ലൈസന്‍സിങ് സംവിധാനത്തിലും വാഹനയിടപാട് രംഗത്തും അഴിമതി തടയാനും സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

വാഹന്‍ സാരഥി പൂര്‍ണമായി നടപ്പായാല്‍ പൊതുജനങ്ങള്‍ക്ക് ഏജന്റുമാരുടെ സഹായമില്ലാതെ അപേക്ഷകള്‍ സമര്‍പ്പിക്കാനും അപേക്ഷയുടെ സ്ഥിതി അറിയാനും സാധിക്കും. വാഹന്‍ നിലവില്‍വന്നാല്‍ പെര്‍മിറ്റുകള്‍ക്കടക്കം ആളുകള്‍ക്ക് ആര്‍.ടി. ഓഫീസുകളിലേക്ക് പോകേണ്ടിവരില്ല. 

ഇവയെല്ലാം സ്വന്തം കംപ്യൂട്ടറില്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും. അതുകൊണ്ടു തന്നെ നിശ്ചിത സമയപരിധിയില്‍ ഏല്‍പ്പിക്കപ്പെട്ട ജോലിചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാകും. വാഹനം സംബന്ധിച്ച രേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ ലോക്കര്‍ സമ്പ്രദായത്തിന്റെ പ്രയോജനവും പൂര്‍ണമായി ലഭിക്കും.

ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുകയാണ് സാരഥിയുടെ ലക്ഷ്യം. ഇതിന്‍റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഡ്രൈവിങ് ലൈസന്‍സുകളും പ്ലാസ്റ്റിക്ക് കാര്‍ഡുകളാക്കുന്ന പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ആര്‍.ടി.ഒ. ഓഫീസുകളിലും നടപ്പാക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഓണ്‍ലൈന്‍ ലൈസന്‍സ് നടപടികളിലെ ക്രമക്കേടുകള്‍ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഏകീകൃത വെബ് അധിഷ്ടിത സോഫ്റ്റ്വേറായ 'സാരഥി' തയ്യാറാക്കിയത്.  'സാരഥി' വഴി നല്‍കുന്ന ഡ്രൈവിങ് ലൈസന്‍സുകള്‍ക്ക് കേന്ദ്രീകൃത നമ്പര്‍ സംവിധാനം ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. എവിടെനിന്ന് വേണമെങ്കിലും ലൈസന്‍സിന്റെ ആധികാരികത പരിശോധിക്കാം. 

എന്നാല്‍ 'വാഹന്‍ സാരഥി' സോഫ്റ്റ്വേറിലേക്ക് മാറുമ്പോള്‍ നിരവധി ക്ലറിക്കല്‍, ഓഫീസ് സൂപ്പര്‍വൈസറി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ അധികമാവുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ മറ്റ് ജോലികളില്‍ നിയോഗിച്ച് നിലനിര്‍ത്താനും വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയുമെന്ന് ഉദ്യോഗസ്ഥരുടെ സംഘടന പറയുന്നു.

രാജ്യത്തെ ഇരുപത്തിയഞ്ചോളം സംസ്ഥാനങ്ങളിലെ മോട്ടോര്‍ വാഹനവകുപ്പുകള്‍ വാഹന്‍ സാരഥി സോഫ്റ്റ്വേറിലേക്ക് മാറി. കേരളത്തില്‍ ഇരുപതോളം ആര്‍.ടി.ഓഫീസുകളില്‍ സാരഥി മാത്രം നടപ്പാക്കി. മറ്റിടങ്ങളില്‍ ഈവര്‍ഷം നടപ്പാക്കുമെന്നാണ് പറയുന്നത്. ഇതിനെതിരെ വകുപ്പിലെ ഉദ്യോഗസ്ഥരില്‍ നിന്നുതന്നെയാണ് എതിര്‍പ്പുയരുന്നത്.  
 

click me!