ബിഗ് ബോസ് വീട്ടില്‍നിന്ന് ആദ്യം പടിയിറങ്ങുന്നത്  ഇവരില്‍ ആര്?

By Sunitha DevadasFirst Published Jan 14, 2020, 4:57 PM IST
Highlights

ബിഗ് ബോസ് റിവ്യൂ. സുനിതാ ദേവദാസ്. ആദ്യ എലിമിനേഷനില്‍ ആരു പുറത്തുപോവും? 

ഇവരില്‍ ആരാവും പുറത്തുപോവുക?  എന്തൊക്കെയാണിവരുടെ വ്യക്തിപരമായ ശക്തിയും ദൗര്‍ബല്യവും? എന്താണിവര്‍ക്ക് പുറത്തു നിന്ന് കിട്ടാന്‍ പോകുന്ന സപ്പോര്‍ട്ട്?

 

 

ബിഗ് ബോസ് സീസണ്‍ രണ്ടിലെ ആദ്യ എലിമിനേഷന്‍ നടക്കാന്‍ പോകുകയാണ്. എട്ടു വോട്ടുമായി സോമദാസ്, ഏഴു വോട്ടുമായി രജിത് കുമാര്‍,  ആറു വോട്ടുമായി രാജിനി ചാണ്ടി, നാലു വോട്ടുമായി എലീന പടിക്കല്‍, മൂന്നു വോട്ടുമായി സുജോ മാത്യു എന്നിവരും രണ്ടു വോട്ടുമായി അലസാന്‍ഡ്രയുമാണ് എലിമിനേഷന്‍ പട്ടികയില്‍ വന്നത്. ഇവരില്‍ ആരാവും പുറത്തുപോവുക?  എന്തൊക്കെയാണിവരുടെ വ്യക്തിപരമായ ശക്തിയും ദൗര്‍ബല്യവും? എന്താണിവര്‍ക്ക് പുറത്തു നിന്ന് കിട്ടാന്‍ പോകുന്ന സപ്പോര്‍ട്ട്?

കഴിഞ്ഞ ഒരാഴ്ചത്തെ പ്രകടനം വച്ച് ഇക്കാര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, സോമദാസ്, രാജിനി ചാണ്ടി, സുജോ മാത്യു എന്നിവരാണ് ഇത്തവണ പുറത്താവാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികള്‍. ഇതില്‍ ആരാണ് വീടിനുള്ളില്‍ കളിക്ക് ചൂടും ചൂരും പകരുന്നതെന്നു പ്രേക്ഷകര്‍ തീരുമാനിക്കും. ഉണ്ടായാലും ഇല്ലെങ്കിലും പ്രത്യേകിച്ചൊന്നുമില്ല എന്ന് പ്രേക്ഷകര്‍ക്ക് തോന്നുന്ന വ്യക്തി  അടുത്താഴ്ച പുറത്തേക്ക് പോകും.  

 


രജിത് കുമാര്‍
ഷോയില്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ താല്‍പ്പര്യമില്ലാത്തവര്‍ പോലും ഇപ്പോള്‍ രജിത് കുമാര്‍ പുറത്തു പോകണം എന്നാഗ്രഹിക്കുന്നില്ല. ഒരാഴ്ച കൊണ്ട് രജിത് കുമാറിന് വലിയ ഫാന്‍ ബേസ് ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് എന്നതാണ് അത്ഭുതകരമായ വസ്തുത. ഷോയുടെ ആദ്യദിനം മുതല്‍ കളിയെ ലീഡ് ചെയ്യുന്നത് രജിത്കുമാറാണ്. സ്‌ക്രീന്‍ സ്പെയ്സ് അദ്ദേഹം എടുത്തു കഴിഞ്ഞു ബാക്കിയുള്ളതാണ് മറ്റുള്ള 16 പേരും കൂടി പങ്കിട്ടെടുക്കുന്നത്. വീട്ടിലെ മുഴുവന്‍ സ്ത്രീകളുടെയും ഫെമിനിസ്റ്റ് ആശയമുള്ള പുരുഷന്‍മാരുടെയും കണ്ണിലെ കരടായി രജിത്കുമാര്‍ മാറിയെങ്കിലും പ്രേക്ഷകരിലെ വലിയൊരു വിഭാഗത്തെ അദ്ദേഹത്തിന് സ്വാധീനിക്കാന്‍ കഴിയുന്നുണ്ട്.

നിലനില്‍ക്കാനുള്ള കാരണം: വലിയ ഫാന്‍ ബേസ്, കളിയില്‍ നിറഞ്ഞു നില്‍ക്കുന്നു.
പുറത്താകാനുള്ള കാരണം: നിരന്തരമുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍, പെരുമാറ്റങ്ങള്‍

 


 

എലീന പടിക്കല്‍
ഫേക്ക് എന്ന് ഒരാഴ്ച കൊണ്ട് ബിഗ് ബോസ് വീട്ടിലുള്ളവര്‍ വിധിയെഴുതിയ മത്സരാര്‍ത്ഥി. രാജിനി ചാണ്ടി ഒഴികെ വീട്ടിലെ ഒരു വനിതാ മത്സരാര്‍ഥിയുമായും അടുപ്പമുണ്ടാക്കാന്‍ എലീനക്ക് ഇത് വരെ കഴിഞ്ഞില്ല. രജിത് കുമാറും രാജിനി ചാണ്ടിയും ഒക്കെയാണ് എലീനയുടെ ആശ്വാസകേന്ദ്രങ്ങള്‍. പുറത്തു അത്യാവശ്യം ഫാന്‍ ബേസ് ഉള്ളത് കൊണ്ട് എലിമിനേഷന്‍ സാദ്ധ്യത ഇത്തവണ കുറവാണ്. എന്നാല്‍ വീട്ടിനകത്തുള്ളവര്‍ എലീനയെ ടാര്‍ഗറ്റ് ചെയ്തു കഴിഞ്ഞു. മുന്നോട്ടുള്ള നിലനില്‍പ്പ് അത്ര സുഖകരമാവില്ല.

നിലനില്‍ക്കാനുള്ള കാരണം: ശക്തമായ ഫാന്‍ ബേസ്
പുറത്താകാനുള്ള കാരണം: സത്യസന്ധമായ വ്യക്തിത്വം പുറത്തെടുക്കാനും വീടിനുള്ളിലുള്ളവരുടെ ഇഷ്ടം പിടിച്ചു പറ്റാനും കഴിഞ്ഞില്ല

 


 

അലസാന്‍ഡ്ര
ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാള്‍. ഒരാഴ്ച കൊണ്ട് ഫാന്‍ബേസ് ഉണ്ടാക്കാന്‍ സാധിച്ചു. വീടിനകത്തും തന്റേതായ ഇടം കണ്ടെത്തി. കുറച്ചു ശത്രുക്കളെയും കൂടുതല്‍ മിത്രങ്ങളെയും വീടിനുള്ളില്‍ ഉണ്ടാക്കി എടുത്തിട്ടുണ്ട്. ഗെയിമില്‍ തന്റെ ഇടം രേഖപ്പെടുത്താന്‍ അലസാന്‍ഡ്രയ്ക്ക് ഒരാഴ്ച കൊണ്ട് കഴിഞ്ഞു. സുജോയുമായുള്ള ചുറ്റിക്കളികളും യുവത്വത്തിന്റെ പ്രസരിപ്പ് നിറഞ്ഞു നില്‍ക്കുന്ന പെരുമാറ്റങ്ങളും പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. 

നിലനില്‍ക്കാനുള്ള കാരണം: വളരെ പെട്ടെന്ന് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റാന്‍ കഴിഞ്ഞു
പുറത്താകാനുള്ള കാരണം: വീടിനുള്ളില്‍ ശത്രുക്കളെ ഉണ്ടാക്കി.

 


 

സുജോ മാത്യു
വളരെ ദുര്‍ബലനായ മത്സരാര്‍ത്ഥിയായിട്ടായിരുന്നു രംഗപ്രവേശം. പിന്നീട് രജിത്കുമാറുമായുണ്ടായ സംഭാഷണങ്ങളിലൂടെ സ്‌ക്രീന്‍ സ്പെയ്സ് പിടിച്ചു. അലസാന്‍ഡ്രയെ പ്രൊപ്പോസ് ചെയ്തതുവഴി ഒരു പ്രണയത്തിനുള്ള സാധ്യതയുണ്ടോ എന്നപ്രതീക്ഷ പ്രേക്ഷകന് നല്‍കി. എലീനയെ ആണോ അലസാന്‍ഡ്രയെ ആണോ പ്രണയിക്കുക എന്ന കണ്‍ഫ്യുഷന്‍ പ്രേക്ഷകന് നല്‍കി.

എങ്കിലും തെസ്‌നി ഖാന്‍ പറഞ്ഞത് പോലെ, സുജോയുടെ പ്രധാന പ്രശ്‌നം തന്റെ മസിലും പ്രോട്ടീന്‍ പൗഡറും തന്നെയാണ്. വേറെ യാതൊരു ചിന്തയുമില്ല. അങ്ങനെയൊരാളെ കളിയില്‍ നില നിര്‍ത്തേണ്ടതുണ്ടോ എന്ന് പ്രേക്ഷകര്‍ ചിന്തിച്ചാല്‍ അത്ഭുതപ്പെടാനില്ല.

നിലനില്‍ക്കാനുള്ള കാരണം: ഒരു പ്രണയം ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്ന പ്രേക്ഷകരുടെ സംശയം
പുറത്താകാനുള്ള കാരണം: കളിയില്‍ പ്രത്യേകിച്ച് ഒന്നും സംഭാവന ചെയ്യുന്നില്ല

 

 

രാജിനി ചാണ്ടി
 ശക്തയായ മത്സരാര്‍ത്ഥി ആവുമെന്നൊരു സൂചന തുടക്കത്തില്‍ നല്‍കിയെങ്കിലും ആദ്യ ആഴ്ചയില്‍ ചെറിയൊരു സേഫ് സോണ്‍ ഉണ്ടാക്കി എലീനയെ കൂട്ടുപിടിച്ച് ആ സേഫ് സോണിലേക്ക് ഒതുങ്ങുന്ന രാജിനി ചാണ്ടിയെയാണ് പ്രേക്ഷകര്‍ കണ്ടത്. വീട്ടിലെ ഭൂരിഭാഗം മത്സരാര്‍ഥികളുമായും വ്യക്തമായ അകലം രാജിനി പാലിക്കുന്നുണ്ട്. വ്യക്തിപരമായി ഇഷ്ടമുള്ള അപൂര്‍വം ചിലരുമായി മാത്രമാണ് സംസാരം. താല്പര്യമില്ലാത്തവരോട് സംസാരിക്കാന്‍ ഉപയോഗിക്കുന്ന മയമില്ലാത്ത ഭാഷ ഇതിനകം വീടിനുള്ളില്‍ ചര്‍ച്ചയായി കഴിഞ്ഞു. പക്ഷപാതിത്വം കാണിക്കുന്നു, പ്രായത്തിന്റെ പക്വത കാണിക്കുന്നില്ല എന്നതാണ് വീടിനുള്ളിലുള്ളവര്‍ക്കുള്ള പ്രധാന പരാതി. കളിയിലും പ്രത്യേകിച്ചൊന്നും സംഭാവന നല്‍കുന്നില്ല. അതിനാല്‍ പ്രേക്ഷകനെ സംബന്ധിച്ച് രാജിനി ചാണ്ടി നിന്നാലും പോയാലും ഒന്നും ഒരു മാറ്റവുമില്ല. 

നിലനില്‍ക്കാനുള്ള കാരണം: വീടിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുമെന്ന സാദ്ധ്യത 
പുറത്താകാനുള്ള കാരണം: ഫാന്‍ ബേസില്ല

 

സോമദാസ്
വീട്ടിലുള്ളവരുടെയും പ്രേക്ഷകരുടെയും അഭിപ്രായത്തില്‍ ഇതുവരെ ഒന്നും ചെയ്യാത്ത ഒരു മത്സരാര്‍ത്ഥി. കുറച്ചു പാട്ടുകള്‍ പാടിയതൊഴിച്ചാല്‍ സോമദാസിന്റെ സാന്നിധ്യം കളിയില്‍ ഉണ്ടായിട്ടേയില്ല. ഇപ്പോഴും എവിടെയെങ്കിലും ഇരിക്കുന്നത് കാണാം. ബിഗ് ബോസിലെ മത്സരാര്‍ത്ഥി ആയിട്ടല്ല, വെറും പാട്ടുകാരന്‍ ആയിട്ടാണ് സോമദാസ് അവിടെ നില്‍ക്കുന്നത്. 

എലിമിനേഷന്‍ പട്ടികയില്‍ വന്നപ്പോള്‍ ബിഗ് ബോസ്  നല്‍കിയ ടാസ്‌ക് ഇനിയുള്ള ഒരാഴ്ച വീട്ടുകാരെ പാട്ടു പാടി ഉണര്‍ത്തുക എന്നതാണ്. ഒന്നുകില്‍ ഒരാഴ്ച കൂടി പാട്ടു പാടിയിട്ട് സോമദാസ് സ്വന്തം പാട്ടിനുപോവും. അല്ലെങ്കില്‍ ഒരാഴ്ച പാട്ടുപാടി പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പിടിച്ചു നില്‍ക്കും.

നിലനില്‍ക്കാനുള്ള കാരണം: പാട്ടുകാരന്‍ എന്ന ഇമേജ്
പുറത്താകാനുള്ള കാരണം: ഒട്ടും സജീവമല്ല. മാറിനില്‍ക്കല്‍. 

 

click me!