ഡിസിപി അഭിറാമിനും ബിഗ് ബോസ്സില്‍ കാര്യമുണ്ട്!

By Web TeamFirst Published Jan 5, 2020, 8:51 PM IST
Highlights

ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ പ്രദീപ് ചന്ദ്രൻ.

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയെന്ന ഖ്യാതിയുമായിട്ടായിരുന്നു ബിഗ് ബോസ് ചരിത്രം തീര്‍ത്തത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത ബിഗ് ബോസ് മോഹൻലാല്‍ എന്ന മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പ്രേക്ഷകരിലേക്ക് എത്തിച്ചത്. രസകരമായ എപ്പിസോഡുകളിലൂടെ ബിഗ് ബോസ് പ്രേക്ഷകപ്രീതി സ്വന്തമാക്കി. ബിഗ് ബോസ്സിന്റെ രണ്ടാം ഭാഗം എത്തുമ്പോള്‍ ആരൊക്കെയാകും മത്സരാര്‍ഥികള്‍ എന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. ഇതാ മലയാളി ടെലിവിഷൻ- സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടൻ പ്രദീപ് ചന്ദ്രനും ബിഗ് ബോസില്‍ മത്സരിക്കാൻ എത്തിയിരിക്കുന്നു.

സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് പ്രദീപ് ചന്ദ്രന്‍.  ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്‍ത ഹിറ്റ് പരമ്പരയായ 'കറുത്തമുത്തി'ല്‍ ഡിസിപി അഭിറാം എന്ന കഥാപാത്രമായി  എത്തിയാണ് പ്രദീപ് കുടുംബപ്രേക്ഷകര്‍ക്ക് പ്രിയങ്കരനാകുന്നത്.

തിരുവനന്തപുരം സ്വദേശിയായ പ്രദീപ് തിരുവനന്തപുരം എം ജി കോളേജില്‍ നിന്ന് ബിരുദം സ്വന്തമാക്കിയ ശേഷം കോയമ്പത്തൂരിലെ വിഎല്‍ബി ജാനകിഅമ്മാള്‍ കോളേജ് ഓഫ് എഞ്ചിനീയറിങ് ആന്‍ഡ് ടെക്നോളജിയില്‍ നിന്ന് എംബിഎ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. പിന്നീട് ബെംഗളൂരുവില്‍ ഒരു ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

മേജര്‍ രവി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'മിഷന്‍ 90 ഡേയ്സി'ലൂടെയാണ് പ്രദീപ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് മോഹന്‍ലാല്‍ നായകനായെത്തിയ 'ദൃശ്യം', 'ഒപ്പം', 'ഇവിടം സ്വര്‍ഗമാണ്', ഏഞ്ചല്‍ ജോണ്‍, 'കാണ്ഡഹാര്‍', 'ലോക്പാല്‍', 'ലോഹം', '1971; ബിയോണ്‍ഡ് ബോര്‍ഡേഴ്സ്' എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനയിച്ചു. 'ദൃശ്യ'ത്തില്‍ പ്രദീപ് അവതരിപ്പിച്ച കഥാപാത്രം ഏറെ പ്രശംസ നേടിയിരുന്നു.

'കുഞ്ഞാലി മരയ്ക്കാര്‍' എന്ന സീരിയലിലെ കുഞ്ഞാലിയുടെ വേഷം അവതരിപ്പിച്ചു കൊണ്ടാണ് പ്രദീപ് ടെലിവിഷന്‍ പരമ്പരകളുടെ ഭാഗമാകുന്നത്. 'കറുത്തമുത്തി'ലൂടെയാണ് ശ്രദ്ധേയനാകുന്നത്.  

click me!