
ബിഗ് ബോസ് മലയാളം സീസണിലെ ഏറ്റവും ഇമോഷണലായ മത്സരാര്‍ഥികളില്‍ ഒരാളാണ് ദയ അശ്വതി. ഗെയിമുകളും ടാസ്‌കുകളുമൊക്കെ വരുമ്പോഴും മറ്റ് മത്സരാര്‍ഥികളുമായി തര്‍ക്കങ്ങള്‍ ഉണ്ടാവുമ്പോഴും പലപ്പോഴും അത് പേഴ്‌സണലായി എടുക്കുന്ന ആള്‍ കൂടിയാണ് ദയ. പിന്നീട് അതില്‍ സങ്കടപ്പെട്ട് അവര്‍ കരയുന്നതും പ്രേക്ഷകര്‍ പലവട്ടം കണ്ടിട്ടുണ്ട്. ഏറ്റവും പുതിയ എപ്പിസോഡിലും ദയയില്‍ നിന്ന് അത്തരത്തിലുള്ള പെരുമാറ്റം ഉണ്ടായി.
ഇത്തവണത്തെ വീക്ക്‌ലി ടാസ്‌ക് ആയ ബിഗ് ബോസ് ഹൈസ്‌കൂള്‍ ഇന്ന് അവസാനിച്ചു. ടാസ്‌കില്‍ അധ്യാപകരായിരുന്ന മൂന്നുപേര്‍ക്ക് (സുജോ, ഫുക്രു, ദയ) അവരുടെ പ്രകടനങ്ങള്‍ക്കനുസരിച്ച് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ഥികളുടെ റോളിലെത്തിയ മത്സരാര്‍ഥികളോട് ബിഗ് ബോസ് നിര്‍ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് മൂന്നാം സ്ഥാനമാണ് വിദ്യാര്‍ഥികളായെത്തിയ എല്ലാ മത്സരാര്‍ഥികളും ദയയ്ക്ക് നല്‍കിയത്. മത്സരാര്‍ഥികളുടെ വിലയിരുത്തല്‍ നടക്കുമ്പോള്‍ത്തന്നെ അവിടെയിരുന്ന് ദയ കരയുന്നത് കാണാമായിരുന്നു. വിജയികളെ പ്രഖ്യാപിച്ചതിന് ശേഷം പുറത്ത് ഒറ്റയ്ക്ക് മാറി വിഷമിച്ചിരുന്ന ദയയെ ആശ്വസിപ്പിക്കാനെത്തിയ എലീനയെ ദയ കുറ്റപ്പെടുത്തുകയും വീണ്ടും കരയുകയും ചെയ്തു.
'നിലാവത്ത് അഴിച്ചുവിട്ട കോഴി എന്ന് ലാലേട്ടന്‍ പറഞ്ഞത് സത്യമാണ്', എന്നാണ് ആശ്വസിപ്പിക്കാനെത്തിയ എലീനയോട് ദയ ആദ്യം പറഞ്ഞത്. എന്തിനാണ് പെട്ടെന്ന് കരയുന്നത് എന്ന എലീനയുടെ ചോദ്യത്തിന് തന്നെ എല്ലാവരുംകൂടി അടുത്തയാഴ്ച തന്നെ ഇവിടുന്ന് പറഞ്ഞുവിടണമെന്നായിരുന്നു ദയയുടെ ഉത്തരം. അങ്ങനെ ഇവിടെനിന്ന് പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ എലീനയോട് ദയ പറഞ്ഞത് ഇങ്ങനെ, 'ഒന്നാം സ്ഥാനമൊന്നും വേണമെന്ന് ഞാന്‍ പറഞ്ഞില്ല, ഒരു മൂന്നാം സ്ഥാനമെങ്കിലും തരാമായിരുന്നു'. ജീവിതമൂല്യങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപികയായിരുന്നു ദയയെന്നും പക്ഷേ സിലബസില്‍ നിന്ന് മാറിയാണ് ക്ലാസ് എടുത്തതെന്നും എലീന ചൂണ്ടിക്കാട്ടി. 'സിലബസില്‍നിന്ന് മാറിയാണ് ചേച്ചി സംസാരിച്ചത്. എന്തിനാണ് ചേച്ചി എല്ലാം വ്യക്തിപരമായി എടുക്കുന്നത്. അത് എന്നെ എത്രമാത്രം വിഷമിപ്പിക്കുന്നുണ്ടെന്ന് അറിയാമോ', എലീന ചോദിച്ചു. 'എന്തായാലും മനസാക്ഷി എന്ന് പറയുന്ന ഒന്നുണ്ട്. അതില്ലാതെ പോയില്ലേ നിനക്ക്', എലീനയെ കുറ്റപ്പെടുത്തി ദയ സംസാരിച്ചു. എലീന പോയതിന് ശേഷം ഒറ്റയ്ക്കിരുന്നും ഇക്കാര്യങ്ങള്‍ പറഞ്ഞ് ദയ വിഷമിക്കുന്നുണ്ടായിരുന്നു.
'ഒറ്റയ്ക്ക് ഇരുന്നാലാണ് ജയിക്കുക എന്നാണ് മാഷ് എന്നോട് പറഞ്ഞിട്ടുള്ളത്. ഇത് എല്ലാവരുംകൂടി എന്നെ ഒറ്റപ്പെടുത്തുകയാണ്. ജയിക്കണമെന്നൊന്നും ഉണ്ടായിരുന്നില്ല. അഞ്ചാം സ്ഥാനത്തെത്തണമെന്ന് ഒരു ആഗ്രഹമുണ്ടായിരുന്നു. ജനങ്ങളുടെ സപ്പോര്‍ട്ട് ഉണ്ടെന്ന് ലാലേട്ടന്‍ പറഞ്ഞപ്പൊ ഒരു ആഗ്രഹം തോന്നിയതാ. ആ ആഗ്രഹവും ഞാന്‍ ഇവിടെവച്ച് കളയുകയാണ്', ദയ പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ