അന്ന് സാബു, ഇന്ന് ഫുക്രു, ബിഗ്‌ബോസിലെത്തിയപ്പോള്‍ ഇതെന്തൊരു മാറ്റം!

By Sunitha DevadasFirst Published Jan 10, 2020, 5:46 PM IST
Highlights

ബിഗ്‌ബോസ് റിവ്യൂ. ഫുക്രുവിന്റെ പരിണാമങ്ങളെക്കുറിച്ച് സുനിതാ ദേവദാസ് എഴുതുന്നു. 

ആദ്യ ആഴ്ച കടന്നു പോകുമ്പോള്‍ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് ഫുക്രു അടിമുടി പൊളിച്ചെഴുതിയത് സ്വന്തം ഇമേജ് തന്നെയാണ്. കഴിഞ്ഞ ബിഗ്‌ബോസില്‍ ഏറ്റവും വലിയ ഇമേജ് മാറ്റം സാബു മോനായിരുന്നു. ഇത്തവണ ആ ഇമേജ് മാറ്റം  ഉണ്ടാകാന്‍ പോകുന്നത് ഫുക്രുവിനായിരിക്കും. ടിക് ടോക് താരം  എന്നതില്‍ നിന്നും ബിഗ് ബോസ് താരമായി, പക്വതയും ആര്‍ജവവുമുള്ള, തനിമയുള്ള പെരുമാറ്റവും പുതിയ ഫാന്‍ ബേസുമായാവും ഫുക്രു പുറത്തിറങ്ങുക.

 

 

ബിഗ് ബോസ് സീസണ്‍ 2 തുടങ്ങി ഒരാഴ്ച കഴിയുമ്പോള്‍ ഏറ്റവുമധികം മാറ്റം സംഭവിച്ചത് ഫുക്രുവിന്റെ കാര്യത്തിലാണ്. ഇമേജ് അടിമുടി മാറി. ടിക്ടോക്കില്‍ ഓളമുണ്ടാക്കുന്നൊരു ഫ്രീക്കന്‍ പയ്യന്‍  എന്ന നിലയില്‍നിന്നും പക്വമതിയായ മല്‍സരാര്‍ത്ഥിയായി ഫുക്രു മാറി. വെറും ഒരാഴ്ച കൊണ്ടാണ്, വീട്ടിലുള്ളവരുടെയും പ്രേക്ഷകരുടെയും ഇഷ്ടതാരമായി ഫുക്രു മാറിയത്.

ആദ്യ ദിനം മോഹന്‍ലാല്‍ സ്റ്റേജില്‍ വിളിച്ചപ്പോള്‍ മുതല്‍ ഫുക്രുവിന്റെ പെരുമാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും അമിതമായി  ലാലേട്ടനെ പുകഴ്ത്താനും ഇഷ്ടം പിടിച്ചു പറ്റാനും കെട്ടിപ്പിടിക്കാനുമൊക്കെ ശ്രമിച്ചപ്പോള്‍ ഫുക്രു മാത്രമാണ് അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ രീതിയില്‍ ലാലേട്ടനോട് തുല്യനിലയില്‍ നിന്ന് സംസാരിച്ചത്.

 

 

അത് കഴിഞ്ഞുള്ള ഫുക്രുവിന്റെ പെരുമാറ്റങ്ങള്‍ ഇങ്ങനെയായിരുന്നു:

1. വളരെ സ്വാഭാവികമായ പെരുമാറ്റം. മറ്റൊരു മനുഷ്യനായി അഭിനയിക്കാനോ സെന്റി അടിച്ചു പ്രേക്ഷക പ്രീതി പിടിച്ചു പറ്റാനോ ഫുക്രു ശ്രമിക്കുന്നില്ല

2. ആരുടെയും ഇടത്തിലേക്ക് അനാവശ്യമായി കടന്നു കയറുന്നില്ല. എന്നാല്‍, ഇടപെടേണ്ട സമയത്ത് ഇടപെടേണ്ട ഇടങ്ങളില്‍ ഫുക്രു ഹാജര്‍!

3. രജിത് കുമാറിനെ എല്ലാവരും ഒറ്റപ്പെടുത്തുമ്പോള്‍ ആ വിഷയത്തില്‍ നേരിട്ട് ചെന്ന് രജിത് കുമാറിനോട് സംസാരിക്കുന്നൊരാള്‍ ഫുക്രുവാണ്. ഗ്രൂപ്പില്‍ ചേര്‍ന്ന് രജിത് കുമാറിനെ എതിര്‍ക്കുന്നതിനു പകരം നേരിട്ട് പോയി ചോദിക്കേണ്ട കാര്യങ്ങള്‍ മുഖത്ത് നോക്കി ചോദിച്ചു. ചേട്ടന്‍ കല്യാണം കഴിച്ച ആളായിട്ടും എന്തിനാ ക്രോണിക് ബാച്ചിലര്‍ എന്ന് പറഞ്ഞത് എന്ന ആ ചോദ്യം ഒരുപാട് പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിച്ച ചോദ്യമായിരുന്നു.

4. ചെറുപ്പക്കാരായ അലസാന്ദ്ര, രേഷ്മ, പരീക്കുട്ടി, സുജോ മാത്യു എന്നിവര്‍ക്കൊപ്പവും അതേ സമയം മുതിര്‍ന്ന മത്സരാര്‍ത്ഥികള്‍ക്കൊപ്പവും ഫുക്രു ഒരേപോലെ സമയം ചെലവഴിക്കുന്നു.

5. കാമറ സ്പെയ്സ് പിടിച്ചു പറ്റാനുള്ള ഒരു കളിയും ഫുക്രു ഇതുവരെ പുറത്തെടുത്തില്ല. എന്നാല്‍ വളരെ സ്വാഭാവികമായി പങ്കുവച്ച പ്രണയം ആളുകളിലേക്ക് എത്തുകയും ചെയ്തു.

6. ടിക്ടോക്കില്‍  കാണുന്ന ഫുക്രുവിന്റെ ഇമേജ്  കാര്യഗൗരവമില്ലാത്ത കുട്ടിയുേടതായിരുന്നു. ട്രോളര്‍മാരുടെ ഇഷ്ട വിഭവം. പരമാവധി മുതലാക്കിക്കോ ട്രോളന്മാരെ എന്ന് പറഞ്ഞു അകത്തു കയറി പോയ ഫുക്രു ട്രോളന്മാര്‍ക്ക് സത്യത്തില്‍ ഒന്നും സംഭാവന ചെയ്യുന്നില്ല

7. മത്സരാര്‍ത്ഥികളില്‍ ഏറ്റവും ജനപിന്തുണയുള്ള താരമാണ് ഫുക്രു. അത് കൃത്യമായി അറിഞ്ഞിട്ടും ആരാധകരെ ഫുക്രു അഡ്രസ് ചെയ്യുന്നില്ല.  ഫാന്‍സിനു ആഘോഷിക്കാന്‍ മന:പൂര്‍വ്വം അവസരം നല്‍കുകയും ചെയ്യുന്നില്ല.

8. വീണയും പരീക്കുട്ടിയും ഉള്‍പ്പെടെയുള്ളവര്‍ കാമറയില്‍ സംസാരിക്കുമ്പോള്‍ ഫുക്രു ആ പരിസരത്തു പോലും വന്നില്ല. പരീക്കുട്ടിയുമായി ഫുക്രുവിനു അടുപ്പമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അത് വീടിനകത്തെവിടെയും മറ്റുള്ളവര്‍ക്കോ പ്രേക്ഷകര്‍ക്കോ കാണാനും കഴിയുന്നില്ല.

 

 

ആദ്യ ആഴ്ച കടന്നു പോകുമ്പോള്‍ സ്വതസിദ്ധമായ പെരുമാറ്റം കൊണ്ട് ഫുക്രു അടിമുടി പൊളിച്ചെഴുതിയത് സ്വന്തം ഇമേജ് തന്നെയാണ്. കഴിഞ്ഞ ബിഗ്‌ബോസില്‍ ഏറ്റവും വലിയ ഇമേജ് മാറ്റം സാബു മോനായിരുന്നു. ഇത്തവണ ആ ഇമേജ് മാറ്റം  ഉണ്ടാകാന്‍ പോകുന്നത് ഫുക്രുവിനായിരിക്കും. ടിക് ടോക് താരം  എന്നതില്‍ നിന്നും ബിഗ് ബോസ് താരമായി, പക്വതയും ആര്‍ജവവുമുള്ള, തനിമയുള്ള പെരുമാറ്റവും പുതിയ ഫാന്‍ ബേസുമായാവും ഫുക്രു പുറത്തിറങ്ങുക.

 

"

click me!