
നൂറ് ദിവസം അടച്ചിട്ട ഒരു വീടിനുള്ളില്‍ നിന്ന് പൊട്ടിമുളച്ച പ്രണയം. അവിടെ വച്ച് കണ്ട്, അവിടെ വച്ച് ഇഷ്ടം പറഞ്ഞ്, അവിടെ വച്ച് പ്രണയിച്ച്, അവിടെ വച്ചുതന്നെ വിവാഹിതരാകാന്‍ തീരുമാനിച്ച രണ്ടു പേര്‍. 'പേളിഷ്' എന്ന് ആരാധകര്‍ സ്‌നേഹപൂര്‍വ്വം വിളിച്ച പ്രണയം. പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും പ്രണയത്തിന് ബോളിവുഡ് സിനിമകളില്‍ നമ്മള്‍ കണ്ടിട്ടുള്ള പ്രണയങ്ങളുടെയൊക്കെ നിറമായിരുന്നു.
സീരിയലുകളിലൂടെ ഒരുവിധം പ്രേക്ഷകര്‍ക്കെല്ലാം പരിചയമുള്ള മുഖമായിരുന്നു ശ്രീനിഷിന്റേത്. പേളിയാകട്ടെ ആങ്കറിങ് രംഗത്തും സിനിമാ രംഗത്തും ഏറെ പ്രശസ്തിയാര്‍ജ്ജിച്ച താരവും. ബിഗ് ബോസ് വീട്ടിലെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ പേളിയുടെ വ്യത്യസ്തമായ മറ്റൊരു മുഖം പ്രേക്ഷകര്‍ കണ്ടു. വളരെ പെട്ടന്ന് നിരാശയിലാകുന്ന, വീട്ടുകാരെ ഓര്‍ത്ത് എപ്പോഴും കരയുന്ന പേളിയെയാണ് റിയാലിറ്റി ഷോയിലൂടെ നമ്മള്‍ കണ്ടത്. അരിസ്റ്റോ സുരേഷായിരുന്നു ആദ്യ കാലങ്ങളില്‍ പേളിയുടെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത്. തികച്ചും ഒരു 'ഹോംലി ചൈല്‍ഡ്' ആയിരുന്ന പേളിയെ സംബന്ധിച്ച് വീട്ടുകാരില്‍ നിന്നും മാറിനിന്നുള്ള ജീവിതം പലപ്പോഴും വൈകാരികമായി ബാധിച്ചിരുന്നു. സുരേഷായിരുന്നു അന്ന് അത്തരം അരക്ഷിതാവസ്ഥകളെ മറികടക്കാന്‍ പേളിയെ സഹായിച്ച വ്യക്തി.
പക്ഷേ പിന്നീടെപ്പോഴോ അവരുടെ അടുപ്പത്തില്‍ വിള്ളലുകളുണ്ടായി. പരസ്പരമുള്ള തെറ്റിദ്ധാരണകളും അതിന്റെ പേരിലുണ്ടായ തര്‍ക്കങ്ങളും സുരേഷും പേളിയും തമ്മിലുണ്ടായിരുന്ന സൗഹൃദത്തെ നന്നായി ബാധിക്കാന്‍ തുടങ്ങി. കാര്യങ്ങള്‍ ഏതാണ്ട് ഇങ്ങനെയൊരു അവസ്ഥയിലായിരിക്കുമ്പോഴാണ് പേളിയുടെ ജീവിതത്തിലേക്കുള്ള ശ്രീനിഷിന്റെ മാസ് എന്‍ട്രി.
പേളിയാണ് ശ്രീനിഷിനോട് ആദ്യം പ്രണയം തുറന്നു പറയുന്നത്. 'എനിക്ക് നിങ്ങളുമായി ഡേറ്റിങ്ങിനൊന്നും താല്പര്യമില്ല, പക്ഷേ നിങ്ങളെ വിവാഹം കഴിക്കണമെന്നുണ്ട്' എന്നായിരുന്നു പേളി പറഞ്ഞത്. വൈകാതെ ശ്രീനിഷും പേളിയോടുള്ള തന്റെ പ്രണയം തിരിച്ച് അറിയിച്ചു. അന്ന് രാത്രിയില്‍ ശ്രീനിഷിന്റെ കൈകളില്‍ കൈ കോര്‍ത്ത് പേളി പറഞ്ഞത് 'നമ്മള്‍ ഒരുമിച്ചു കുടിച്ച കോഫിക്ക് നന്ദി' എന്നായിരുന്നു. അതിലാണ് എല്ലാം ആരംഭിച്ചതെന്ന് ശ്രീനിഷും മറുപടി പറഞ്ഞു. പിന്നീടങ്ങോട്ട് ബിഗ് ബോസ് വീട്ടില്‍ നിറഞ്ഞു നിന്നിരുന്നു 'പേളിഷ് ലവ് മാജിക്'.
ശ്രീനിഷിനെ പേളി തന്റെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതും ബിഗ് ബോസ് വീട്ടില്‍ വച്ചുതന്നെയാണ്. പിന്നീട് അവതാരകനായ മോഹന്‍ലാല്‍ പ്രണയത്തെക്കുറിച്ച് ചോദിച്ചപ്പോഴും അവരുടെ മറുപടികള്‍ ഉറച്ചതായിരുന്നു. അന്ന് മുഖത്ത് കണ്ട അതേ ഭാവങ്ങളാണ് ഇന്നിപ്പോള്‍ വധുവിന്റെ വേഷത്തില്‍ നില്‍ക്കുമ്പോഴും പേളിയുടെ മുഖത്ത് മിന്നിമായുന്നത്, ഒപ്പം കൈപിടിച്ച് ശ്രീനിഷും.
ബിഗ് ബോസ് ഷോയ്ക്കായി താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയിരുന്ന ആ വലിയ വീട്ടിലാണ് അവരുടെ പ്രണയം തുടങ്ങുന്നത്. പിന്നീട് ആ വീട് മുഴുവന്‍ ഇരുവരുടെയും പ്രണയത്തിന് സാക്ഷിയായി മാറി. അവിടത്തെ ഓരോ ഇടങ്ങളിലും പേളിയും ശ്രീനിഷും പ്രണയിച്ച് നടന്നിരുന്നു. കാണികളില്‍ പലരുടെയും വിമര്‍ശനം പോലെ അതൊരു 'ഗെയിം' ആയിരുന്നില്ല. വിവാഹശേഷവും പ്രണയം തുടരാനാവട്ടെയെന്നാണ് ഇരുവരുടെയും ആരാധകരുടെ ആശംസ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ