എല്ലാവര്‍ക്കുമൊപ്പം ഒരു സെല്‍ഫി; യാത്ര ചോദിച്ച് മഞ്ജു പുറത്തേക്ക്!

By Web TeamFirst Published Feb 23, 2020, 12:06 AM IST
Highlights

ഞെട്ടലോ സങ്കടമോ ഒന്നും പ്രകടിപ്പിക്കാതെയാണ് മഞ്ജു മോഹന്‍ലാലിന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. 'മഞ്ജു എന്റടുത്ത് വന്നേക്കൂ' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 'താങ്ക്യൂ ലാലേട്ടാ' എന്നായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രതികരണം.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ എലിമിനേഷനുകള്‍ ചിലപ്പോഴൊക്കെ നാടകീയമായാണ് അവതരിപ്പിക്കപ്പെടാറ്. മറ്റുചിലത് എല്ലാത്തരം നാടകീയതയും ഒഴിവാക്കിയും അവതരിപ്പിക്കപ്പെടാറുണ്ട്. ശനിയാഴ്ച എപ്പിസോഡിലെ മഞ്ജു പത്രോസിന്റെ എലിമിനേഷനും അത്തരത്തില്‍ ഒന്നായിരുന്നു. എലിമിനേഷന്‍ ലിസ്റ്റിലുള്ള ആറ് പേരോടും എണീറ്റ് നില്‍ക്കാന്‍ പറഞ്ഞ്, ഹ്രസ്വമായ ആമുഖത്തിന് ശേഷം പുറത്താവുന്ന ആളുടെ പേര് മോഹന്‍ലാല്‍ പൊടുന്നനെ പ്രഖ്യാപിക്കുകയായിരുന്നു.

മഞ്ജുവും ഞെട്ടലോ സങ്കടമോ ഒന്നും പ്രകടിപ്പിക്കാതെയാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. 'മഞ്ജു എന്റടുത്ത് വന്നേക്കൂ' എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. 'താങ്ക്യൂ ലാലേട്ടാ' എന്നായിരുന്നു മഞ്ജുവിന്റെ ആദ്യ പ്രതികരണം. ഹൗസിലെ മറ്റ് മത്സരാര്‍ഥികളോട് ഏറ്റവുമധികം വ്യക്തിബന്ധങ്ങള്‍ സൂക്ഷിച്ചിരുന്ന വ്യക്തായായിരുന്നു മഞ്ജു പത്രോസ്. യാത്രചോദിക്കലിലും അത് വ്യക്തമായിരുന്നു. ഓരോരുത്തരെയും ആശ്ലേഷിച്ച് യാത്ര ചോദിച്ചു മഞ്ജു. മകന്‍ ബെര്‍ണാച്ചനെ വിട്ട് ഇതില്‍ക്കൂടുതല്‍ ദിവസങ്ങള്‍ ഇവിടെ നില്‍ക്കാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ടെന്ന് ആശ്വസിപ്പിക്കാന്‍ എത്തിയവരോട് മഞ്ജു പറഞ്ഞു. എല്ലാവര്‍ക്കുമൊപ്പം ഒരു സെല്‍ഫി കൂടി എടുത്തശേഷമാണ് മഞ്ജു വീടിന് പുറത്തിറങ്ങി മോഹന്‍ലാല്‍ നില്‍ക്കുന്ന വേദിയിലേക്ക് എത്തിയത്.

 

കഴിഞ്ഞ എപ്പിസോഡില്‍ തനിക്ക് ഇവിടെനിന്ന് പോകണമെന്ന ആവശ്യം ബിഗ് ബോസിനോട് മഞ്ജു അവതരിപ്പിച്ചിരുന്നു. ഭര്‍ത്താവിനെയും മകനെയും അച്ഛനെയും അമ്മയെയും സുഹൃത്ത് സിമിയെയുമൊക്കെ മിസ് ചെയ്യുന്നെന്നും എത്രയും പെട്ടെന്ന് പോകണമെന്നാണ് ആഗ്രഹമെന്നും ബെഡ്‌റൂമില്‍ ഒറ്റയ്ക്കിരിക്കവെ മൈക്രോഫോണിലേക്ക് മഞ്ജു പറഞ്ഞിരുന്നു. കരഞ്ഞുകൊണ്ടാണ് മഞ്ജു ഈ ആവശ്യം ബിഗ് ബോസിന് മുന്നില്‍ വച്ചത്. എലിമിനേഷന്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ ഇതിനെക്കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. 

click me!