
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അന്‍പതാം ദിനത്തിന് തൊട്ടടുത്ത് നില്‍ക്കുമ്പോള്‍ ഒരു മത്സരാര്‍ഥി കൂടി പുറത്തേക്ക്. ഇന്നത്തെ എപ്പിസോഡില്‍ എലിമിനേഷന്‍ എപ്പിസോഡുകളില്‍ പലപ്പോഴും ഉണ്ടാവാറുള്ള നാടകീയത പരമാവധി ഒഴിവാക്കി, നേരിട്ടായിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. ഈ വാരം എലിമിനേഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്ന ആറ് പേരില്‍നിന്ന് ഒരാളാണ് പുറത്തായിരിക്കുന്നത്.
ഫുക്രു, ആര്യ, മഞ്ജു പത്രോസ്, വീണ നായര്‍, ജസ്ല മാടശ്ശേരി, രജിത് കുമാര്‍ എന്നിവരാണ് ഇത്തവണത്തെ എലിമിനേഷന്‍ ലിസ്റ്റില്‍ ഇടംപിടിച്ചിരുന്നത്. രസകരമായ ഒരു ഗെയിമിന് ശേഷം എലിമിനേഷന്‍ ലിസ്റ്റിലുള്ളവര്‍ എണീറ്റ് നില്‍ക്കാന്‍ മോഹന്‍ലാല്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ആറുപേരും എണീറ്റുനിന്നു. തുടര്‍ന്ന് ചെറിയ മുഖവുരയോടെ ആയിരുന്നു മോഹന്‍ലാലിന്റെ പ്രഖ്യാപനം. '100 റണ്‍സ് തികയ്ക്കുന്നതിന് മുന്‍പ് 99ല്‍ ചിലര്‍ ഔട്ട് ആയിപ്പോവും. പക്ഷേ അവര്‍ കളിച്ചില്ല എന്ന് അര്‍ഥമില്ല. അവര്‍ നന്നായിട്ട് കളിച്ചു. പക്ഷേ അവര്‍ ഒരു റണ്ണും കൂടി തികച്ച് നൂറ് ആവുന്നതിന് മുന്‍പ് ഔട്ട് ആയിപ്പോയി. ഇവിടെ 50 ദിവസം തികയ്ക്കുന്നതിന് മുന്‍പ്, 49-ാം ദിവസത്തില്‍ ഒരാള്‍ക്ക് വേണമെങ്കില്‍ പുറത്തുപോകാം. ചിലപ്പോള്‍ രണ്ട് പേര്‍ക്ക് പോവാം. അതിനുള്ള സമയമാണിത്', മോഹന്‍ലാല്‍ തുടര്‍ന്നു.
'മനസുകൊണ്ട് പലരും ആഗ്രഹിച്ചിട്ടുണ്ടാവാം പുറത്തേക്ക് പോകണമെന്ന്. ചിലര്‍ പറഞ്ഞിട്ടുമുണ്ടാവാം. അത് ചിലപ്പോള്‍ പുറത്ത് പോകണമെന്നുള്ള ആഗ്രഹംകൊണ്ട് ആയിരിക്കില്ല. എനിക്ക് രണ്ടാഴ്ച മതി, അങ്ങനെ വന്നതാണ് എന്നൊക്കെ ചിലര്‍ പറയും. പക്ഷേ കാര്യത്തോടടുക്കുമ്പോള്‍ തനിക്കിവിടെ നില്‍ക്കണമെന്നും കളിക്കണമെന്നും ആഗ്രഹമുള്ളവരും ഉണ്ടാവാം. പക്ഷേ എന്തായാലും ഒരാളെ പുറത്തേക്ക് വിളിച്ചേ പറ്റൂ', ഇത്രയും പറഞ്ഞതിന് ശേഷം പുറത്തായ വ്യക്തിയുടെ പേര് മോഹന്‍ലാല്‍ പ്രഖ്യാപിക്കുകയായിരുന്നു. 'മഞ്ജൂ, എന്റടുത്ത് വന്നേക്കൂ..', ഇതായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. സങ്കടമില്ലാത്ത മുഖത്തോടെയാണ് മഞ്ജു മോഹന്‍ലാലിന്റെ വാക്കുകള്‍ കേട്ടുനിന്നത്. 'താങ്ക്യൂ ലാലേട്ടാ', എന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. എല്ലാവരോടും യാത്ര പറഞ്ഞ് വരാനുള്ള മോഹന്‍ലാലിന്റെ നിര്‍ദേശമനുസരിച്ച് ഓരോരുത്തരോടും വ്യക്തിപരമായി യാത്ര ചോദിച്ചാണ് മഞ്ജു പുറത്തേക്ക് എത്തിയത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ