
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ മൂന്നാമത്തെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി പ്രഖ്യാപിച്ച് മോഹന്‍ലാല്‍. ജസ്ല മാടശ്ശേരി, ദയ അശ്വതി എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ച ബിഗ് ബോസിലെ ആദ്യ വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി എത്തിയിരുന്നു. പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഖത്തറില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കുന്ന ആര്‍ ജെ സൂരജ് ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ബിഗ് ബോസ് ഹൗസിലേക്ക് പുതുതായി എത്തുന്നയാള്‍.
നിലവിലെ ലോകത്തിന്റെ പ്രതിനിധിയായ ഒരാളാണ് പുതിയ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി എന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ആര്‍ ജെ സൂരജിന്റെ പേര് പ്രഖ്യാപിച്ചത്. ആര്‍ ജെയും വ്‌ളോഗറും യാത്രികനുമാണ് സൂരജെന്നും മോഹന്‍ലാല്‍ പരിചയപ്പെടുത്തി. താനൊരു സോഷ്യല്‍ മീഡിയ അഡിക്റ്റ് ആണെന്ന് പറഞ്ഞുകൊണ്ടാണ് സൂരജ് മോഹന്‍ലാലിനൊപ്പമുള്ള വേദിയില്‍ സ്വയം പരിചയപ്പെടുത്തിയത്. കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഉറങ്ങുന്ന സമയമൊഴികെ ഫുള്‍ ടൈം മൊബൈലില്‍ ആയിരിക്കുമെന്നും അത്തരം സംവിധാനങ്ങളൊന്നുമില്ലാത്ത ഒരിടത്തേക്ക് പോകുന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയായി തോന്നുന്നതെന്നും സൂരജ് പറഞ്ഞു.
ഇവിടെ നില്‍ക്കുമ്പോള്‍ 'എക്‌സ്ട്രീം എക്‌സൈറ്റ്‌മെന്റ്' ആണ് തോന്നുന്നതെന്നും എന്നാല്‍ പ്രതീക്ഷകളോ മുന്‍ധാരണകളോ ഇല്ലാതെയാണ് ഹൗസിലേക്ക് കടക്കാന്‍ ഒരുങ്ങുന്നതെന്നും സൂരജ് മോഹന്‍ലാലിനോട് പറഞ്ഞു. രണ്ട് മാസം മുന്‍പ് മോഹന്‍ലാല്‍ ഖത്തറില്‍ എത്തിയപ്പോള്‍ ഒപ്പംനിന്ന് ഫോട്ടോയെടുക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ചും സൂരജ് പറഞ്ഞു. 'അന്ന് ഏറെ നേരം കാത്തിരുന്നിട്ടാണ് ലാലേട്ടനൊപ്പം ഫോട്ടോ എടുക്കാന്‍ അവസരം കിട്ടിയത്. അതേ ലാലേട്ടന്‍ ഇപ്പോള്‍ എന്നെ ഒരു വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ എന്താണ് പറയുക', സൂരജ് ആവേശം മറച്ചുവെക്കാതെ പറഞ്ഞു. വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളില്‍ പോകുന്നവരോട് സാധാരണ പറയാറുള്ളതുപോലെ പുറത്ത് നടക്കുന്ന ഒരു സംഭവവും അകത്ത് പറയരുതെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ സൂരജിനെ അകത്തേക്ക് അയച്ചത്.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ