തനിക്ക് ആദിലയോടോ നൂറയോടോ പിണക്കമില്ലെന്നും ഫാൻസ് മീറ്റിൽ അനുമോൾ വ്യക്തമാക്കി.

ബിഗ്ബോസ് സീസൺ 7 ലെ അടുത്ത സുഹൃത്തുക്കളായിരുന്നു അനുമോളും ആദിലയും നൂറയും. എന്നാൽ ഫിനാലെയോട് അടുക്കുന്നതിനിടെ മൂവരുടെയും ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഫിനാലെ വീക്കിൽ എവിക്ട് ആവുന്നതിന് മുൻപ് ആദില വെളിപ്പെടുത്തിയ കാര്യങ്ങളാണ് അനുമോളുമായുള്ള ബന്ധം വഷളാക്കിയത്. അനുമോൾ തനിക്ക് ഒരു നമ്പർ നൽകിയെന്നും ഇതിൽ വിളിച്ച് അക്ബറിനെതിരെ പ്രവർത്തിക്കാൻ പറയണം എന്ന് പറഞ്ഞെന്നുമാണ് ആദില വെളിപ്പെടുത്തിയത്. ഇതെല്ലാം അനു നിഷേധിക്കുകയും ചെയ്തിരുന്നു. ഇതേക്കുറിച്ചെല്ലാം സംസാരിക്കുകയാണ് അനുമോൾ. വൺ ടു ടോക്സ് സംഘടിപ്പിച്ച ഫാൻസ് മീറ്റിൽ സംസാരിക്കുന്നതിനിടെ, ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

''എല്ലാവരും ഗെയിം കളിക്കാനായി വരുന്നവരാണ്. ഞാനും ഗെയിം കളിച്ചു. പക്ഷേ, അതിനൊപ്പം ഞാൻ അവിടെ ജീവിക്കുകയായിരുന്നു. എന്റെ ക്യാരക്ടർ എന്താണോ അതാണ് അവിടെ കണ്ടത്. ഞാൻ ആരുമായെങ്കിലും വഴക്കുണ്ടാക്കി കഴിഞ്ഞാൽ പിന്നെ അവരോട് സോറി പറയാനൊന്നും പോകാറില്ല. എന്റെ സ്റ്റാൻഡിൽ ഉറച്ച് നിൽക്കും. അവിടെ എനിക്ക് ആദ്യം ശൈത്യ ആയിട്ടായിരുന്നു കൂട്ട്. ശൈത്യ പോയി കഴിഞ്ഞ് ആദിലയും നൂറയുമായും കൂട്ടായി. എന്നാലും ഞാൻ കൊടുത്ത സ്നേഹം എനിക്ക് തിരിച്ച് കിട്ടിയിട്ടില്ല എന്ന് എനിക്ക് ഒരു സമയത്ത് മനസിലായി. പക്ഷേ അവരുടെ അടുത്ത് ഇപ്പോഴും ഇഷ്ടം മാത്രമാണ് എനിക്ക്. പിണക്കമൊന്നുമില്ല.

ടിഷ്യൂ പേപ്പറിൽ എഴുതി നൽകിയത് എന്റെ ഫോൺ നമ്പറാണ്. എവിക്ഷനു മുൻപ് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു. ആ സമയത്ത് ചേച്ചിയാണ് എന്റെ ഫോൺ ഉപയോഗിച്ചിരുന്നത്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ചേച്ചിയെ വിളിക്കണം എന്നും ഇവിടുത്തെ കാര്യങ്ങളെല്ലാം അറിയിക്കണം എന്നും മാത്രമാണ് അവരോട് പറഞ്ഞിട്ടുള്ളത്'', എന്നാണ് അനുമോൾ പ്രതികരിച്ചത്.

YouTube video player