ബിഗ് ബോസ് വീട്ടില്‍ രജിത് കുമാറിന്റെ ഭാവി?

By Sunitha DevadasFirst Published Jan 7, 2020, 7:27 PM IST
Highlights

ബിഗ് ബോസ് റിവ്യൂ സുനിതാ ദേവദാസ്.  പെണ്ണുങ്ങള്‍ VS രജിത്കുമാര്‍

ഇത്രയൊക്കെ ഒരൊറ്റ ദിവസം കൊണ്ട് ചെയ്തു കൂട്ടിയിട്ടു കിലുക്കത്തിലെ രേവതിയെ പോലെ പറയുന്നത് കേള്‍ക്കുക:  'സിംഹക്കൂട്ടിലേക്ക് കയറുന്ന ഒരു മാന്‍പേടയാണ് ഞാന്‍.  പക്ഷേ കുറേപ്പേര്‍ ചേര്‍ന്ന് ഒരു സിംഹം ആക്കുകയാണ്'.  'ആത്മാര്‍ഥത കൂടുതലുള്ള, നന്മ കൂടുതലുള്ള, സ്നേഹം കൂടുതലുള്ള, കെയറിംഗ് കൂടുതലുള്ള, മറ്റുള്ളവര്‍ക്ക് ദോഷം വരാതിരിക്കാന്‍ നല്ലത് പറയണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ പറയുന്നത് ആ അര്‍ഥത്തില്‍ എടുക്കാതെ പലപ്പോഴും പാമ്പായി തിരിഞ്ഞ് എനിക്കുനേരെ വരാറുണ്ട്.' 

 

 

രജിത് കുമാറാണ് ബിഗ് ബോസ് സീസണ്‍ 2  ആദ്യ മണിക്കൂറുകളില്‍ ചര്‍ച്ചയാവുന്നത്. മുമ്പുതന്നെ വിവാദ നായകനാണ് രജിത് കുമാര്‍ എന്നതിനാല്‍ ആര്‍ക്കും അതില്‍ അത്ഭുതമൊന്നുമില്ല. എന്നാല്‍ 24 മണിക്കൂര്‍ കൊണ്ട് ബിഗ് ബോസ് വീട്ടിലെ പെണ്ണുങ്ങള്‍ സംഘടിക്കുകയും രജിത് കുമാറിന് ഇടം നല്‍കാതിരിക്കുകയും ചെയ്യുന്നു എന്നതാണ് ഇന്നലെ ഉണ്ടായ ട്വിസ്റ്റ്. പെണ്ണുങ്ങള്‍ VS രജിത്കുമാര്‍ എന്ന നിലയിലേക്ക് വീട് മാറിക്കഴിഞ്ഞു. ഫുക്രു ഇരുന്ന് പ്രണയകഥ പറയുമ്പോള്‍ രജിത് കുമാര്‍ മാത്രം ഒറ്റപ്പെട്ട് താടിക്ക് കയ്യും കൊടുത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ബിഗ് ബോസ് വീട് ഒരൊറ്റ ദിവസം കൊണ്ട് മാറി.

രജിത്കുമാര്‍  പ്രശസ്തനാവുന്നത്  ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം വനിതാ കോളജില്‍ നടത്തിയ പ്രഭാഷണത്തെ തുടര്‍ന്നാണ്. അന്ന് ശ്രീശങ്കര കോളേജിലെ ബോട്ടണി ലക്ചററായിരുന്നു അദ്ദേഹം. പ്രഭാഷണത്തിനിടെ രജിത് കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ സ്ത്രീവിരുദ്ധമാണ് എന്നാക്ഷേപിച്ച് ആര്യ എന്ന ഒരു ബിരുദ വിദ്യാര്‍ത്ഥിനി അദ്ദേഹത്തെ കൂവുകയായിരുന്നു. അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്യ താരമായി. രജിത് കുമാര്‍ വിവാദ നായകനായി. പിന്നീടങ്ങോട്ടും രജിത് കുമാറിന്റെ പ്രസംഗങ്ങളും പ്രസ്താവനകളുമൊക്കെ വിവാദമായിരുന്നു. കാരണം അവയൊക്കെയും സ്ത്രീവിരുദ്ധമായിരുന്നു. മനുഷ്യത്വവിരുദ്ധമായിരുന്നു. ട്രാന്‍സ് വിരുദ്ധമായിരുന്നു.

 

 

രജിത് കുമാര്‍ തിയറികളുടെ സാമ്പിളുകള്‍ ഇതാ:

1. ആണ്‍കുട്ടികളെപ്പോലെ ഓടിച്ചാടി നടന്നാല്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം സ്ഥാനം തെറ്റും

2. ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യങ്ങളുണ്ടാകും

3. ഓട്ടിസം പോലുള്ള അവസ്ഥകള്‍ കുട്ടികള്‍ക്കുണ്ടാകുന്നത് മാതാപിതാക്കള്‍ നിഷേധികളാകുന്നതിനാലാണ്

4. പുരുഷ വേഷം ധരിക്കുന്ന പെണ്‍കുട്ടിയുടെ ചിന്തയെന്തായിരിക്കും?

5. എന്നും ധരിക്കുന്ന വസ്ത്രത്തിനനുസരിച്ച് ശരീരവും ചിന്തകളും മാറും?

6. അടക്കവും ഒതുക്കവുമുള്ള തലമുറയെയാണ് ആവശ്യം

7. മനുഷ്യന്റെ ക്രോമോസോമുകളുടെ എണ്ണത്തിലുണ്ടാകുന്ന വ്യതിയാനത്താലാണ് ട്രാന്‍സ്ജെന്‍ഡറുകള്‍ ഉണ്ടാകുന്നത്

8. കുഞ്ഞ് ജനിക്കുമ്പോള്‍ 'അബ്നോര്‍മാലിറ്റി'യുണ്ടെങ്കില്‍ അത് മാതാപിതാക്കളുടെ കുഴപ്പമാണ്


തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ബിരുദവും പന്തളം എന്‍എസ്എസ് കോളേജില്‍ ബോട്ടണിയില്‍ ബിരുദാനന്തര ബിരുദവും ബിഎഡ്, ലൈബ്രറി സയന്‍സില്‍ ബിരുദം, സൈക്കോതെറാപ്പിയില്‍ എം.എസ്, മൈക്രോബയോളജിയില്‍ എംഫില്‍ എന്നിവ നേടിയ രജിത് കുമാര്‍ പ്രത്യേക വ്യക്തിത്വത്തിനുടമയാണ്. എന്തിലെങ്കിലും ശ്രദ്ധ കേന്ദ്രീകരിച്ചത് പിന്നെയതില്‍ മുങ്ങിത്താഴും. സാധാരണ രീതിയില്‍ കുടുംബ ജീവിതം നയിച്ച് വന്നിരുന്ന രജിത് കുമാര്‍  വെളുത്ത താടിയും മുടിയുമുള്ള തത്വചിന്ത പറയുന്ന മനുഷ്യനാവുന്നത് ഭാര്യയുടെയും കുഞ്ഞിന്റെയും മരണത്തോടെയാണ്.

ഇപ്പോള്‍ താടിയെടുത്തു തലയും മീശയും കറുപ്പിച്ചു നമുക്ക് മുന്നില്‍ എത്തിയിരിക്കുന്നത് അമ്മയുടെ മരണത്തോടെയും. നിര്‍ബന്ധ ബുദ്ധിയും മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമയില്ലായ്മയുമാണ് ആ വ്യക്തിത്വത്തിന്റെ പ്രത്യേകത. അതിനോടൊപ്പം, താന്‍ പറയുന്നത് മാത്രമാണ് ശരി എന്ന തോന്നലും അത് മറ്റുള്ളവര്‍ അംഗീകരിക്കണം എന്ന നിര്‍ബന്ധ ബുദ്ധിയുമുണ്ട്. എല്ലാവരെയും സംരക്ഷിക്കലാണ് പ്രധാന സന്തോഷം. 

ബിഗ് ബോസ് വീടിനകത്തു ആദ്യമായി രജിത് കുമാറിന്റെ വിവാദങ്ങള്‍ തുടങ്ങിയത് പുലര്‍ച്ചെ മൂന്നു മണിക്ക് പ്ലാസ്റ്റിക് വേസ്റ്റു കംബോസ്റ്റബിള്‍ വേസ്റ്റും തരം  തിരിക്കുന്ന നിര്‍ദേശങ്ങളോടെയാണ്. എങ്ങനെയാണു രജിത് കുമാറിന്റെ ഇടപെടല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ബിഗ് ബോസ് വീട്ടില്‍ തന്നെ രണ്ടു ദിവസം കൊണ്ടുണ്ടായി.

 

.....................................................................

ഫുക്രു ഇരുന്ന് പ്രണയകഥ പറയുമ്പോള്‍ രജിത് കുമാര്‍ മാത്രം ഒറ്റപ്പെട്ട് താടിക്ക് കയ്യും കൊടുത്തിരിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് ബിഗ് ബോസ് വീട് ഒരൊറ്റ ദിവസം കൊണ്ട് മാറി.

 

 

1. വിവാഹം കഴിഞ്ഞു എട്ടു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലാത്ത ആര്‍ ജെ രഘുവിനോടുള്ള സംസാരം

2. ഒരു കുടുംബമായി നില്‍ക്കുന്ന, എന്നാല്‍ ഒരു മുന്‍്പരിചയവുമില്ലാത്ത മറ്റു മത്സരാര്‍ത്ഥികളെ ഭരിക്കുന്ന രീതി - വേസ്റ്റ് മാനേജ്മെന്റില്‍ ഉള്‍പ്പെടെ രജിത് കുമാര്‍ കാണിക്കുന്ന അമിതാവേശവും അടിച്ചേല്‍പ്പിക്കലും ഭരണവും

3. ഒരു ദിവസം ആരോടെങ്കിലും തെറ്റ് ചെയ്തെന്ന് തോന്നിയാല്‍ കിടക്കുന്നതിന് മുന്‍പ് അയാളോട് മാപ്പ് പറയുമെന്നും അല്ലാത്തപക്ഷം പശ്ചാത്തപിക്കുമെന്നുമുള്ള പ്രസ്താവന. ആദ്യദിനം അതിനിടയാക്കിയ സംഭവം ഒരു കുട്ടിയുടെ അമ്മയാണ് ആര്യയെന്നതിനു രജിത് കുമാര്‍ നടത്തിയ അനുചിതമായ  കമന്റ് ആയിരുന്നു. അന്നതിന് മാപ്പും പറഞ്ഞു. എന്നാല്‍, മറ്റുള്ളവരോട്  നിരന്തരം മോശമായി പെരുമാറുന്നതിനൊന്നും മാപ്പിന്റെ ആനുകൂല്യം നല്‍കാന്‍ രജിത് കുമാര്‍ തയ്യാറല്ല. 

4. തെസ്‌നി ഖാനോടുള്ള പറച്ചില്‍. 'നാല്‍പതുകളിലാണ് തെസ്നിയുടെ പ്രായം. പക്ഷേ തെസ്നി രാവിലെ കണ്ണാടിയില്‍ മുഖം നോക്കിയാല്‍ അറുപതുകളില്‍ എത്തിയെന്ന് തോന്നാം. എന്നാല്‍ ഇപ്പോള്‍ കണ്ടാല്‍ 28-30 വയസ്സ് വരെയേ പറയൂ' എന്ന പറച്ചില്‍ ഒരു സാമ്പിള്‍ മാത്രമായിരുന്നു. ഒരാവശ്യവുമില്ലാതെ മറ്റു മത്സാര്‍ത്ഥികളെ രജിത് കുമാര്‍ അപമാനിക്കുകയാണ് എന്ന തോന്നലാണ് ഇതുണ്ടാക്കുന്നത്.

5. മഞ്ജു പത്രോസിന്റേത് രോഗം വരാന്‍ സാധ്യതയുള്ള ശരീരമാണെന്നും എന്നാല്‍ അത് ആരോഗ്യമുള്ളതാക്കാന്‍ പറ്റുമെന്നും ഒരാവശ്യവുമില്ലാത്ത കണ്ടെത്തല്‍

6. പ്രായത്തിന്റേതായ അവശത ഉണ്ടാകാമെങ്കിലും മാനസികമായ കരുത്തുള്ളയാളാണ് രാജിനി ചാണ്ടിയെന്ന കണ്ടെത്തല്‍. രാജിനി ചാണ്ടിയേക്കാള്‍ വലിയ പ്രായക്കുറവൊന്നും രജിത് കുമാറിനില്ല. എന്നിട്ടും അവരെ പുറകെ നടന്ന് ആന്റി എന്നു വിളിക്കുകയാണ്. 


ഇത്രയൊക്കെ ഒരൊറ്റ ദിവസം കൊണ്ട് ചെയ്തു കൂട്ടിയിട്ടു കിലുക്കത്തിലെ രേവതിയെ പോലെ പറയുന്നത് കേള്‍ക്കുക:  'സിംഹക്കൂട്ടിലേക്ക് കയറുന്ന ഒരു മാന്‍പേടയാണ് ഞാന്‍.  പക്ഷേ കുറേപ്പേര്‍ ചേര്‍ന്ന് ഒരു സിംഹം ആക്കുകയാണ്'.  'ആത്മാര്‍ഥത കൂടുതലുള്ള, നന്മ കൂടുതലുള്ള, സ്നേഹം കൂടുതലുള്ള, കെയറിംഗ് കൂടുതലുള്ള, മറ്റുള്ളവര്‍ക്ക് ദോഷം വരാതിരിക്കാന്‍ നല്ലത് പറയണമെന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍. പക്ഷേ പറയുന്നത് ആ അര്‍ഥത്തില്‍ എടുക്കാതെ പലപ്പോഴും പാമ്പായി തിരിഞ്ഞ് എനിക്കുനേരെ വരാറുണ്ട്.' 

വളരെ അപരിചിതമായ ഒരു സാഹചര്യത്തില്‍ വ്യത്യസ്തരായ 17 മനുഷ്യര്‍ ജീവിക്കുമ്പോള്‍ അതിനിടയില്‍ പാലിക്കേണ്ട ചില സാമാന്യ മര്യാദകളുണ്ട്. അതാണ് സത്യത്തില്‍ രജിത് കുമാര്‍ മിസ് ചെയ്യുന്നത്. എന്നാല്‍ ബിഗ് ബോസ് ഒരു സര്‍വൈവല്‍ റിയാലിറ്റി ഷോ ആയതു കൊണ്ട് മത്സരാര്‍ത്ഥികളുടെ സഹനത്തിന്റെ നെല്ലിപ്പലക എവിടെ എന്ന് കണ്ടെത്താന്‍ ഇത്തരം പെരുമാറ്റങ്ങള്‍ സഹായകമാണ്. 

ഓരോ മത്സരാര്‍ത്ഥിയുടെയും യഥാര്‍ത്ഥ മുഖം പുറത്തു കൊണ്ട് വരാനായിരിക്കും രജിത് കുമാറിനെ അതില്‍ കയറ്റി വിട്ടിട്ടുണ്ടാവുക. ആ അര്‍ത്ഥത്തില്‍ രജിത് കുമാര്‍ തന്റെ ചുമതല ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.

എന്തായാലും ഒരൊറ്റ ദിവസം കൊണ്ട് ബിഗ് ബോസിനകത്തേക്ക് പോകുമ്പോഴുള്ളതിനേക്കാള്‍ പതിന്മടങ്ങു വിമര്‍ശകരെ രജിത് കുമാര്‍ സമ്പാദിച്ചു കഴിഞ്ഞു. വീടിനകത്തുള്ളവര്‍ക്കും കാര്യം മനസ്സിലാവുന്നുണ്ട് എന്നാണ് അവിടെ നിന്നുള്ള സൂചനകള്‍. വരും ദിവസങ്ങളില്‍ പെണ്ണുങ്ങള്‍ VS രജിത്കുമാര്‍ പിളര്‍പ്പ് കൂടുതല്‍ രൂക്ഷമാകും. എന്തായാലും രജിത് കുമാര്‍ ഷോയില്‍ നിന്നും പുറത്തു പോകുന്നത് വരെ വീടിനുള്ളില്‍ മറ്റൊരു ഗ്രൂപ്പ് ഉണ്ടാകാനുള്ള സാധ്യത ഇല്ല. 

click me!