
ബിഗ് ബോസ് സീസണ്‍ രണ്ട് വരുന്നുവെന്ന ഏഷ്യാനെറ്റിന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പുരോഗമിക്കുകയാണ്. ആരെ വേണമെന്ന് നിര്‍ദേശിക്കാന്‍ ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലും പ്രൊമോകള്‍ വഴി സംഘാടകര്‍ ആവശ്യമുന്നയിക്കുകയും ചെയ്തു.
ടിക് ടോക് താരങ്ങള്‍ മുതല്‍ സിനിമാ താരങ്ങളും രാഷ്ട്രീയക്കാരുമടക്കം നിരവധി പ്രമുഖരെയാണ് സോഷ്യല്‍ മീഡിയ നിര്‍ദേശിക്കുന്നത്. പല പേരുകളും ഇതുവരെ ഉയര്‍ന്നുവന്നെങ്കിലും സരിത എസ്. നായരുടെ പേര് നിര്‍ദേശിച്ചിരിക്കുകയാണ് ബിഗ് ബോസ് ആദ്യ സീസണിലെ ശക്തയായ മത്സരാര്‍ത്ഥി രഞ്ജിനി ഹരിദാസ്.
ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു രഞ്ജിനിയുടെ തുറന്നുപറച്ചില്‍. സോളാര്‍ കേസും തുടര്‍ന്നുള്ള കേസുകളും ആരോപണങ്ങളും അടക്കം രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സരിതയെ ബിഗ് ബോസിന്‍റെ സീസണ്‍ രണ്ടിലേക്ക് നിര്‍ദേശിക്കാന്‍ രഞ്ജിനിക്ക് കാരണങ്ങളുണ്ട്.
യാതാർത്ഥ ജീവിതത്തിൽ സരിത എങ്ങനെയുള്ള ആളാണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്.മാധ്യമ വാര്‍ത്തകളും പലരും പറഞ്ഞുള്ള അറിവും ആരോപണങ്ങളും മാത്രമല്ല. ശരിക്കുള്ള അവര്‍ ആരാണെന്നാണ് അറിയേണ്ടത്. പലപ്പോഴായി സോഷ്യല്‍ മീഡിയയിലും മറ്റുമായി അവരെ എഴുതിക്കണ്ടതും അവരുടെ അഭിമുഖങ്ങളിലെ സംസാരവും തികച്ചും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ബിഗ് ബോസിലേക്ക് അവർ എത്തിയാൽ അവരെ കുറിച്ച് കൂടുതൽ മനസിലാക്കാൻ നമുക്ക് സാധിക്കും.
ബിഗ് ബോസാണ് തന്‍റെ ജീവിതത്തിലെ പല പുതിയ കാര്യങ്ങളും പഠിക്കാന്‍ സഹായകമായത്. ബിഗ് ബോസ് എന്ന് പറയുന്നത് ഒരിക്കലും ഒരു റിയാലിറ്റി ഷോയല്ല. മറിച്ച് അത് ഒരു കൂട്ടം അപരിചിതും സുപരിചിതരായ അപരിചിതരും ഒത്തുള്ള ജീവിതമാണ്. അത് ജീവിതത്തില്‍ പല കാര്യങ്ങളും മനസിലാക്കാന്‍ നമ്മളെ സഹായിക്കുമെന്നും നമ്മളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും രഞ്ജിനി പറഞ്ഞു.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ