എന്താണ് ശരിയ്ക്കുമുള്ള ആരോഗ്യപ്രശ്‌നം? ബിഗ് ബോസിനോട് വിശദീകരിച്ച് രജിത് കുമാര്‍

By Web TeamFirst Published Feb 14, 2020, 10:58 PM IST
Highlights

ഇന്‍ഫെക്ഷന്‍ പിടിപെട്ടതുപോലെ കണ്ണും മുഖവും വീങ്ങിയിരിക്കുന്ന രജിത്തിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നതും സംസാരിക്കുന്നതുമായിരുന്നു പ്രൊമോയില്‍. എന്നാല്‍...

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിനെ ഉലയ്ക്കുന്ന വിഷയമാണ് മത്സരാര്‍ഥികള്‍ക്കിടയിലെ ആരോഗ്യപ്രശ്‌നങ്ങള്‍. അതില്‍ത്തന്നെ ഹൗസില്‍ പടര്‍ന്നുപിടിച്ച കണ്ണിനസുഖം ഷോയുടെ ഭാവിയെക്കുറിച്ചുതന്നെ പ്രേക്ഷകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. പല സമയത്തായി പരീക്കുട്ടി, രഘു, അലസാന്‍ഡ്ര, രേഷ്മ, സുജോ, പവന്‍ എന്നിവര്‍ക്കാണ് കണ്ണിന് ഇന്‍ഫെക്ഷന്‍ പിടിപെട്ടത്. പരീക്കുട്ടി എലിമിനേഷനിലൂടെ പുറത്തായിരുന്നെങ്കില്‍ മറ്റുള്ള അഞ്ച് പേരെ ബിഗ് ബോസ് ചികിത്സയ്ക്കായി ഹൗസിന് പുറത്ത് താമസിപ്പിക്കുകയായിരുന്നു. എന്നാല്‍ അതില്‍ പവന്‍ മാത്രമാണ് തിരിച്ചെത്തിയത്. മറ്റുള്ള നാല് പേരെയും അസുഖം പൂര്‍ണമായി ഭേദമാകാത്തതിനാല്‍ ബിഗ് ബോസ് മടക്കി അയയ്ക്കുകയായിരുന്നു. എന്നാല്‍ ബിഗ് ബോസിലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായ രജിത് കുമാറിനും കണ്ണിനസുഖം പിടിപെട്ടോ എന്ന ആശങ്ക പ്രേക്ഷകരില്‍ സൃഷ്ടിച്ച ഒന്നായിരുന്നു ഇന്ന് വൈകുന്നേരം ഏഷ്യാനെറ്റ് പുറത്തുവിട്ട പ്രൊമോ.

ഇന്‍ഫെക്ഷന്‍ പിടിപെട്ടതുപോലെ കണ്ണും മുഖവും വീങ്ങിയിരിക്കുന്ന രജിത്തിനെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നതും സംസാരിക്കുന്നതുമായിരുന്നു പ്രൊമോയില്‍. എന്നാല്‍ പ്രേക്ഷകരില്‍ ഒരു വിഭാഗം ഭയപ്പെട്ടതുപോലെ അദ്ദേഹത്തിന് കണ്ണിനസുഖമല്ലെന്നാണ് എപ്പിസോഡില്‍ കാണുന്നത്. കണ്ണിന് ഇന്‍ഫെക്ഷനല്ലെന്നും മറിച്ച് ഒരു മരുന്ന് കഴിച്ചപ്പോള്‍ അലര്‍ജി കൊണ്ട് സംഭവിച്ച പാര്‍ശ്വഫലമാണിതെന്നും പരിശോധിക്കാനെത്തിയ ഡോക്ടര്‍മാരോടും ബിഗ് ബോസിനോടും രജിത് കുമാര്‍ പറഞ്ഞു.

 

അനാരോഗ്യത്തെത്തുടര്‍ന്ന് രജിത്തിനെ രണ്ട് തവണ ബിഗ് ബോസ് കണ്‍ഫെഷന്‍ മുറിയിലേക്ക് ഇന്ന് വിളിപ്പിച്ചു. ആദ്യത്തെ തവണ അവിടെ ഡോക്ടര്‍മാരും ഉണ്ടായിരുന്നു. അവരോട് തനിക്കുള്ള അലര്‍ജിയുടെ കാര്യം അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ദിവസം വിരലിനേറ്റ ചെറിയ പരുക്ക് ഭേദമാകാന്‍ ഒരു മരുന്ന് കഴിച്ചിരുന്നെന്നും അതിന്റെ റിയാക്ഷന്‍ ആണിതെന്നും അദ്ദേഹം പറഞ്ഞു. 'ഇത് ഇന്‍ഫെക്ഷന്‍ അല്ല ബോസ്, രാത്രി വിരലിന്റെ വേദനയ്ക്ക് കഴിച്ച ഏതോ ഒരു മരുന്നിന്റെ റിയാക്ഷന്‍ ആണ്. അലര്‍ജിക് ആണ്. ഇത്തരം റിയാക്ഷന്‍ മുന്‍പ് വന്നിട്ടുണ്ട്. എന്തെങ്കിലും പ്രോബ്ലം ഉണ്ടെങ്കില്‍ ഞാന്‍ തന്നെ പറഞ്ഞേനെ', രജിത് കുമാര്‍ വിശദീകരിച്ചു. വിശ്രമിക്കൂ എന്നും മരുന്ന് ഉടന്‍ എത്തിച്ചുതരാമെന്നുമായിരുന്നു ബിഗ് ബോസിന്റെ ആശ്വാസവാക്ക്.

click me!