'ആ സംഭവത്തെക്കുറിച്ച് എന്താണ് പറയാനുള്ളത്?' മോഹന്‍ലാലിന്റെ ചോദ്യത്തിന് രേഷ്മയുടെ മറുപടി

By Web TeamFirst Published Mar 14, 2020, 9:51 PM IST
Highlights

'എന്തൊക്കെ പറഞ്ഞാലും ആ ചെയ്തതിന് ന്യായീകരിക്കത്തക്ക ഒരു കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അഞ്ച് വയസ്സുള്ള ഒരു കുട്ടിക്ക് പോലും കണ്ണില്‍ മുളക് തേച്ചാല്‍ വേദനിക്കുമെന്ന് അറിയാം. കണ്ണിനസുഖം മൂലം ഇവിടെനിന്ന് മാറിനിന്ന സമയം എനിക്ക് എങ്ങനെയായിരുന്നുവെന്ന് സാറിനോട് വിശദമായി സംസാരിച്ചിരുന്നു..'

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും അപ്രതീക്ഷിത സംഭവമായിരുന്നു ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത്. അപ്പോള്‍ത്തന്നെ രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കിയ ബിഗ് ബോസ് അന്തിമ തീരുമാനം ഇനിയും എടുത്തിട്ടില്ല. തീരുമാനമെടുക്കും മുന്‍പ് അതില്‍ രേഷ്മയുടെ അഭിപ്രായം അറിയണമായിരുന്നു ബിഗ് ബോസിന്. അതിനായി ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യം തന്നെ രേഷ്മയെ മാറ്റിയിരുത്തി ഇക്കാര്യം സംസാരിക്കുകയാണ് ചെയ്തത്. ഹൗസിലെ സ്‌ക്രീനിലൂടെ മത്സരാര്‍ഥികളെ കണ്ടയുടന്‍ മോഹന്‍ലാല്‍ രേഷ്മയോട് മാത്രം ആക്റ്റിവിറ്റി ഏരിയയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രേഷ്മയോട് മാത്രമായി മോഹന്‍ലാല്‍ സംസാരിക്കുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു.

എങ്ങനെയുണ്ട് കണ്ണ് എന്നായിരുന്നു മോഹന്‍ലാലിന്റെ ആദ്യ ചോദ്യം. കണ്ണ് ശരിയായെന്ന് പറഞ്ഞപ്പോള്‍ മനസ് ഓകെയാണോ എന്നും ലാല്‍ ചോദിച്ചു. മനസ് ശരിയായിട്ടില്ലെന്നും എന്നാല്‍ അതിന് ഇതല്ലാതെയുള്ള കാരണങ്ങളും ഉണ്ടെന്നും രേഷ്മയുടെ മറുപടി. 'സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചത്. എനിക്കും ബിഗ് ബോസിലെ എല്ലാ പ്രവര്‍ത്തകര്‍ക്കും അതില്‍ പ്രതിഷേധമുണ്ട്. പ്രേക്ഷകര്‍ക്കും പ്രതിഷേധമുണ്ട്. രേഷ്മയാണ് ഇനി തീരുമാനിക്കേണ്ടത്. രേഷ്മയ്ക്ക് എന്ത് വേണമെങ്കിലും സംസാരിക്കാം', മോഹന്‍ലാല്‍ പറഞ്ഞു.

ഏതുതരം വാദം ഉയര്‍ത്തിയാലും രജിത് കുമാര്‍ ചെയ്തത് നീതീകരിക്കാനാവാത്ത കാര്യമാണെന്ന് രേഷ്മയുടെ മറുപടി. 'ഒട്ടും പ്രവോക്ക്ഡ് അല്ലാതെ നടന്ന ഒരു സംഭവമാണ്. സമാധാനപരമായ ഒരു ടാസ്‌കിനിടയിലാണ് ഇത് നടന്നത്. ഞാനും സാറും തമ്മില്‍ ഇതിന് മുന്‍പുണ്ടായിരുന്നത് പോലത്തെ ഒരു റിലേഷന്‍ഷിപ്പ് ആയിരുന്നില്ല ഈ ടാസ്‌ക് നടക്കുമ്പോള്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ക്കിടയിലുള്ളതൊക്കെ പറഞ്ഞ് തീര്‍ത്തിരുന്നു. എല്ലാ തെറ്റിദ്ധാരണകളും.. അതിന് ശേഷമാണ് അപ്രതീക്ഷിതമായ ഈ സംഭവം നടന്നത്. എന്തൊക്കെ പറഞ്ഞാലും ആ ചെയ്തതിന് ന്യായീകരിക്കത്തക്ക ഒരു കാരണമുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. കാരണം അഞ്ച് വയസ്സുള്ള ഒരു കുട്ടിക്ക് പോലും കണ്ണില്‍ മുളക് തേച്ചാല്‍ വേദനിക്കുമെന്ന് അറിയാം. കണ്ണിനസുഖം മൂലം ഇവിടെനിന്ന് മാറിനിന്ന സമയം എനിക്ക് എങ്ങനെയായിരുന്നുവെന്ന് സാറിനോട് വിശദമായി സംസാരിച്ചിരുന്നു. അതുകൂടി അറിഞ്ഞിട്ട് ഏത് രീതിയിലാണ് തമാശയാക്കാന്‍ ശ്രമിച്ചതെന്ന് എനിക്ക് അറിയില്ല. അതിലെനിക്ക് ഏത് രീതിയിലുള്ള വിശദീകരണം കിട്ടിയാലും അത് ന്യായീകരിക്കത്തക്കതാകുമെന്ന് തോന്നുന്നില്ല. നേരത്തേയുള്ള ഒരു റിലേഷന്‍ഷിപ്പ് ആയിരുന്നെങ്കില്‍ ഗിഫ്റ്റ് തരാനായി കൈയുമായി വന്നപ്പോള്‍ ഞാന്‍ ഇങ്ങനെ നിന്നുകൊടുക്കില്ല. പുതിയ ഒരു വിശ്വാസത്തിന്റെ പുറത്താണ് അവിടെ നിന്നുപോയത്. കണ്‍മഷിയോ മഷിയോ ഒക്കെയായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്', രേഷ്മ പറഞ്ഞു.

 

എന്നാല്‍ രജിത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ താല്‍പര്യമുണ്ടോ എന്നായിരുന്നു മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. 'അത് ചെയ്ത ആള്‍ക്കും വലിയ സങ്കടം ഉണ്ടാവാം. അതിനെക്കുറിച്ചും സംസാരിക്കാം. ഒരു പശ്ചാത്താപം ഉണ്ടാവാം. എന്ത് തന്നെ പറഞ്ഞാലും അത് അംഗീകരിക്കാന്‍ പറ്റുന്ന കാര്യമല്ല. അതുകൊണ്ടാണ് രേഷമയോട് ചോദിക്കുന്നത്. ചെയ്ത ആള്‍ക്ക് രേഷ്മയോട് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കാന്‍ താല്‍പര്യമുണ്ടോ. കേള്‍ക്കുന്നതില്‍ കുഴപ്പമുണ്ടോ? അത് കേട്ടിട്ട് രേഷ്മയുടെ മനസ് മാറാം, മാറാതിരിക്കാം. അത് രേഷ്മയുടെ തീരുമാനമാണ്. വളരെയധികം സങ്കടമുണ്ട് ഞങ്ങള്‍ക്ക്. സംഭവിക്കാന്‍ പിടില്ലാത്തതായിരുന്നു. ഞങ്ങളെല്ലാവരും രേഷ്മയ്‌ക്കൊപ്പമുണ്ട്', മോഹന്‍ലാല്‍ പറഞ്ഞു.

രജിത്തിന് പറയാനുള്ളത് കേള്‍ക്കാന്‍ താല്‍പര്യമുണ്ടെന്നായിരുന്നു രേഷ്മയുടെ പ്രതികരണം. 'ബുദ്ധിയും പ്രായവും വിവരവും ഒക്കെയുള്ള ഒരാള്‍ അബദ്ധത്തില്‍ ചെയ്തു, റിഫ്‌ളെക്‌സില്‍ ചെയ്തു എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല. പക്ഷേ മനപ്പൂര്‍വ്വം ചെയ്തതാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കാരണം മനപ്പൂര്‍വം ചെയ്യേണ്ട ഒരു ആവശ്യം അവിടെയില്ല. പക്ഷേ അത് അനുഭവിച്ചയാള്‍ എന്ന നിലയില്‍ എനിക്കത് മറക്കാനാവാത്ത ഒരു സംഭവമാണ്', രേഷ്മ പറഞ്ഞു. 

click me!