'ഇത് നീതിയാണെന്ന് എനിക്ക് തോന്നുന്നില്ല'; മോഹന്‍ലാലിന്റെ ചോദ്യത്തിന് രേഷ്മയുടെ മറുപടി

By Web TeamFirst Published Mar 15, 2020, 11:52 PM IST
Highlights

'എനിക്ക് തോന്നുന്നു, അകത്ത് നടക്കുന്ന പൊളിറ്റിക്‌സിനേക്കാള്‍ വലിയ പൊളിറ്റിക്‌സ് ആണ് പുറത്ത് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ഈയാഴ്ച, എന്റെ കണ്ണില്‍ മുളക് തേച്ചിട്ട് ഞാന്‍ തന്നെ പുറത്ത് പോകുന്നത്.. ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവം. അത് നീതിയാണെന്ന് എനിക്ക് തോന്നുന്നില്ല..'

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ അപ്രതീക്ഷിത എപ്പിസോഡുകള്‍ ആയിരുന്നു ശനി, ഞായര്‍ ദിവസങ്ങളിലേത്. വീക്ക്‌ലി ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതിന് താല്‍ക്കാലികമായി പുറത്താക്കപ്പെട്ടിരുന്ന രജിത് കുമാര്‍ ഇന്നലെ ഷോയില്‍ നിന്നുതന്നെ പുറത്തായെങ്കില്‍ എലിമിനേഷനിലൂടെ ഇന്ന് പുറത്തായത് രേഷ്മയാണ്. സീസണ്‍ രണ്ടില്‍ ആദ്യദിവസം മുതല്‍ ഉണ്ടായിരുന്ന മത്സരാര്‍ഥിയാണ് രേഷ്മ. എന്നാല്‍ ഇടയ്ക്ക് കണ്ണിനസുഖം മൂലം മൂന്നാഴ്ച ചികിത്സയുടെ ഭാഗമായി ഹൗസില്‍നിന്ന് മാറി നില്‍ക്കേണ്ടതായും വന്നിരുന്നു. പുറത്താവുന്നതായ പ്രഖ്യാപനം മോഹന്‍ലാലില്‍നിന്ന് ഉണ്ടായപ്പോള്‍ സംയമനത്തോടെയാണ് രേഷ്മ അതിനെ നേരിട്ടത്. എല്ലാവരോടും യാത്ര ചോദിച്ച് മോഹന്‍ലാലിനൊപ്പം വേദിയിലെത്തിയപ്പോള്‍ ഈ പുറത്താക്കല്‍ നീതിപൂര്‍വ്വമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും രേഷ്മ പറഞ്ഞു.

വേദിയിലെത്തിയ രേഷ്മയെ അവരുടെ ബിഗ് ബോസ് ജീവിതത്തിന്റെ ടീസര്‍ പോലെയുള്ള വീഡിയോ കാണിച്ചു ആദ്യം മോഹന്‍ലാല്‍. താന്‍ അടിയുണ്ടാക്കിയ സീനുകള്‍ മാത്രമാണ് ആളുകള്‍ കണ്ടിരിക്കുന്നതെന്ന് തോന്നുന്നുവെന്നായിരുന്നു അത് കണ്ട രേഷ്മയുടെ ആദ്യ പ്രതികരണം. എന്നാല്‍ അങ്ങനെയല്ലെന്നും ഇത് ഒരു ചെറിയ സെഗ്മെന്റ് മാത്രമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. തുടര്‍ന്ന് രേഷ്മയ്ക്ക് പ്രേക്ഷകരോട് എന്തെങ്കിലും പറയാനുണ്ടോ എന്നും മോഹന്‍ലാല്‍ ചോദിച്ചു.

 

എലിമിനേഷന്‍ പ്രഖ്യാപനത്തിന് ശേഷം ഹൗസിനുള്ളിലെ സുഹൃത്തുക്കളോട് പറഞ്ഞ അതേ വാചകം വച്ചാണ് രേഷ്മ പറഞ്ഞു തുടങ്ങിയത്. അതിങ്ങനെ- 'എനിക്ക് തോന്നുന്നു, അകത്ത് നടക്കുന്ന പൊളിറ്റിക്‌സിനേക്കാള്‍ വലിയ പൊളിറ്റിക്‌സ് ആണ് പുറത്ത് നടക്കുന്നതെന്ന്. അല്ലെങ്കില്‍ ഈയാഴ്ച, എന്റെ കണ്ണില്‍ മുളക് തേച്ചിട്ട് ഞാന്‍ തന്നെ പുറത്ത് പോകുന്നത്.. ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു സംഭവം. അത് നീതിയാണെന്ന് എനിക്ക് തോന്നുന്നില്ല. പക്ഷേ ഇത് ഞാന്‍ സ്വീകരിക്കുന്നു. കാരണം അതിനുള്ളില്‍ വൈകാരികമായോ മറ്റ് രീതിയിലോ ഒരാളോടും എനിക്കിപ്പോള്‍ അടുപ്പമില്ല. തീരെ അടുപ്പമില്ല ആരോടും. ഒരു സുഹൃത്ത് എന്നുപറയാന്‍ ആരുമില്ല. കാര്യങ്ങള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ പങ്കുവെക്കാന്‍ ആരുമില്ല. അതിനാല്‍ ഞാന്‍തന്നെ മനസുകൊണ്ട് ആഗ്രഹിച്ചിട്ടുണ്ടായിരുന്നു ഈയാഴ്ച അങ്ങ് പോയിരുന്നെങ്കില്‍ സമാധാനമായി വീട്ടില്‍ പോയിട്ട് എന്തെങ്കിലും ചെയ്യാമല്ലോ എന്ന്. കാരണം പുറത്തിറങ്ങിയാല്‍ നമുക്ക് ചെയ്യാന്‍ കുറേ കാര്യങ്ങളുണ്ട്. വെറുതെ ഇതിനകത്ത് കുടുങ്ങി കിടക്കേണ്ട കാര്യമില്ലല്ലോ എന്ന്. അതിനാല്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. സന്തോഷത്തോടെ പോകുന്നു', രേഷ്മ പറഞ്ഞു.

 

എന്നാല്‍ രേഷ്മയ്ക്ക് ഉണ്ടായിരിക്കാനിടയുള്ള ഒരു തെറ്റിദ്ധാരണയെ തിരുത്തിക്കൊണ്ട് മോഹന്‍ലാല്‍ പ്രതികരിച്ചു, 'ഒരു കാര്യം ഞാന്‍ പറഞ്ഞോട്ടെ, കണ്ണില്‍ മുളക് തേച്ചതുകൊണ്ടല്ല രേഷ്മ പുറത്ത് പോകുന്നത്. ഇത് വലിയ ഓഡിറ്റ് ഉള്ള കാര്യമാണ്. സുതാര്യമായ വോട്ടിംഗ് സിസ്റ്റം ഉണ്ട്. രേഷ്മയ്ക്കായിരുന്നു ഈ പ്രാവശ്യം വോട്ടുകള്‍ കുറവ്. ആ സംഭവം ഉണ്ടായാലും ഇല്ലെങ്കിലും രേഷ്മ തന്നെ ആയിരുന്നു പുറത്ത് പോകേണ്ടിയിരുന്നത്. ആ ഒരു തെറ്റായ ധാരണ വച്ചുകൊണ്ട് രേഷ്മ പോകുന്നത് എന്നെ സംബന്ധിച്ചും ബിഗ് ബോസ് ഫാമിലിയെ സംബന്ധിച്ചും ബിഗ് ബോസ് ഷോയെ സംബന്ധിച്ചും തെറ്റായ ഒരു കാര്യമായതുകൊണ്ട് പറഞ്ഞു എന്നേയുള്ളൂ. എല്ലാ ആശംസകളും. കാണാം, ഭാവുകങ്ങള്‍', മോഹന്‍ലാല്‍ പറഞ്ഞുനിര്‍ത്തി. കൊവിഡ്-19 മുന്‍കരുതല്‍ എന്ന നിലയില്‍ കാണികള്‍ ഒഴിഞ്ഞ ബിഗ് ബോസ് സദസ്സിലെ കസേരകള്‍ക്ക് മധ്യത്തിലൂടെ രേഷ്മ പുറത്തേക്ക്..

click me!