അവിടം മുതലാണ് ഫുക്രുവിന്റെ വീഴ്‍ചയുടെ തുടക്കം, ഇതാ തെളിവുകള്‍

By Sunitha DevadasFirst Published Feb 21, 2020, 2:08 PM IST
Highlights

നിരന്തരം കരച്ചിലും കെട്ടിപ്പിടിയും ഉമ്മയും ഇമോഷണൽ ബ്ലാക്ക് മെയിലിംഗും ആയി ഫുക്രുവിനെ പിന്തുടരുന്നു.

ബിഗ് ബോസ് ഷോ തുടങ്ങിയപ്പോൾ അതിലെ കരുത്തനായ ഒരു മത്സരാർത്ഥി ആയിരുന്നു ഫുക്രു. എല്ലാ മത്സരാർത്ഥികൾക്കും പരിചയമുള്ള ഒരാൾ. ഫുക്രുവിന്റെ സോഷ്യൽ മീഡിയയിലെ ഇൻഫ്ലുവെൻസ് അറിയാവുന്നവരായിരുന്നു മറ്റു മത്സരാർത്ഥികൾ. അവിടം മുതലാണ് ബിഗ് ബോസിലെ പെണ്ണുങ്ങളായ ആര്യ, മഞ്ജു, വീണ എന്നിവർ ഫുക്രുവിനെ ടാർഗറ്റ്  ചെയ്‍തു കളി തുടങ്ങുന്നത്. കളി തുടങ്ങി  ഒരു മാസം വലിയ പ്രശ്‍നമില്ലാതെ കടന്നുപോയി.

ഫുക്രുവിന്റെ കളിയുടെ താളം തെറ്റിയത് നാലാമത്തെ ആഴ്‍ച മുതലാണ്. വീണയുടെയും ആര്യയുടെയും മഞ്ജുവിന്റെയും സ്വാധീന വലയത്തിൽ പൂർണമായും വീണത് മുതൽ.  കാപ്റ്റൻസി ടാസ്ക്കിൽ വീണയുമായി ചേർന്ന് ഫുക്രു രജിത്തിനെതിരെ കളിക്കാനും ആക്രമിക്കാനും പ്ലാൻ ചെയ്‍തു. കാപ്റ്റൻസി  ടാസ്ക്കിൽ വീണയും ഫുക്രുവും രജിത്തിനെ ആക്രമിച്ചു തോൽപ്പിച്ചു. ഫുക്രു ക്യാപ്റ്റനായി. എന്നാൽ അത് ഫെയർ ഗെയിം ആയിരുന്നില്ല. പ്രേക്ഷകരും ലാലേട്ടനും ഒരുപോലെ അസ്വസ്ഥരായി. അന്ന് മുതൽ ഫുക്രുവിന്റെ വീഴ്‍ച ആരംഭിച്ചു.

ആ ആഴ്‍ച തന്നെ ഫുക്രു ജയിലിൽ പോയി. അവിടെയും പെണ്ണുങ്ങൾ ഫുക്രുവിനെ സ്നേഹിച്ചു തോൽപ്പിച്ചു. ജയിലിനു പുറത്തു കാത്തിരിക്കുക, ചോറ് വാരി കൊടുക്കുക, പാട്ടു പാടുക , കൊഞ്ചിക്കുക, ആപ്പിളൊക്കെ കാണാതെ കൊണ്ട് കൊടുക്കുക, ചോറിൽ ചിക്കൻ ഒളിപ്പിച്ചു നൽകുക തുടങ്ങി ഫുക്രു എന്ന മത്സരാർത്ഥിയെ  പെണ്ണുങ്ങൾ നാണം കെടുത്തി തോൽപ്പിച്ചു. ഇതിനെയൊക്കെ പെണ്ണുങ്ങൾ പേരിട്ടു വിളിക്കുന്നത് സ്നേഹമെന്നാണ്.

 എന്നാൽ ബിഗ് ബോസ് ടാസ്‌ക്കായി വീട്ടിലുള്ളവർക്ക് റാങ്ക് ഇടാൻ പറഞ്ഞപ്പോൾ വീണയും മഞ്ജുവും ഉൾപ്പെടെയുള്ളവർ ഫുക്രു ചൈൽഡിഷ് ആണ്, കുട്ടിക്കളിയാണ് എന്ന് പറഞ്ഞു തഴഞ്ഞു. ആര്യ ഫുക്രുവിനെ ഒന്നാം സ്ഥാനത്തേയ്‍ക്ക് നിർദ്ദേശിച്ചു , എന്നാൽ അതും   അതിബുദ്ധിയായിരുന്നു. ആ നിര്‍ദ്ദേശം വീണ ഉൾപ്പെടെയുള്ളവർ എതിര്‍ക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ.

ഫുക്രുവിനെ ഇപ്പോൾ വീണയും മഞ്‍ജുവും ആര്യയും ഗെയിമിനു വേണ്ടി ഉപയോഗിക്കുകയാണ്. ഫുക്രുവിനെ ഒരു വ്യക്തിത്വവുമില്ലാത്ത കുട്ടിയായി നിലനിർത്തേണ്ടത് അവരുടെ ആവശ്യമാണ്. കൊഞ്ചിക്കുന്നു, ഉമ്മ വയ്‍ക്കുന്നു, താരാട്ട് പാടുന്നു, ചിക്കൻ കൊടുക്കുന്നു, ആപ്പിൾ കൊടുക്കുന്നു. എന്നിട്ടോ അവൻ ഒന്നാം സ്ഥാനത്തേയ്‍ക്ക് മത്സരിക്കുമ്പോൾ ഫുക്രുവിനു കുട്ടിക്കളിയാന്നെന്നു പറഞ്ഞു മറ്റുള്ളവർ അപമാനിക്കുന്നു. മഞ്‍ജുവും വീണയും ആര്യയുമാണ് ഫുക്രുവിനെ പുറകോട്ട് വലിക്കുന്നത്.

ഫുക്രുവിനെ രജിത് ഉൾപ്പെടെയുള്ളവർക്ക് എതിരെ വാശി കയറ്റി ഇറക്കി വിടുന്നത് ഇവരാണ്. ആര്യയൊക്കെ പുറകിൽ നിന്ന് കളിക്കുകയും ഫക്രുവിനെ പ്രകോപനത്തിലേക്ക് തള്ളി വിടുകയും ചെയ്യുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത ഫുക്രു  പ്രകോപനത്തിലൊക്കെ പോയി വീണു അടിയുണ്ടാക്കുന്നു.

 പെണ്ണുങ്ങളുടെ സ്വാധീന വലയത്തിൽ പൂർണമായും ഫുക്രു വീണു കഴിഞ്ഞപ്പോഴാണ് പെണ്ണുങ്ങൾ ഒന്നിച്ചല്ലാതെ ഒറ്റക്ക് കളിയ്ക്കാൻ തുടങ്ങിയത്. അതിന്റെ ഭാഗമായി ഫുക്രുവും വീണയും തമ്മിൽ മാനസികമായി അകന്നു. വീണ ഗെയിം കളിക്കുകയാന്നെന്നു ഫുക്രുവിനു മനസിലായി.

ആര്യയും തന്നെ ഉപയോഗിക്കുകയാണെന്നു ഫുക്രുവിനു ഇപ്പോ ഏകദേശം മനസിലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഫുക്രു പൂർണമായും മഞ്ജുവിന്റെ സ്വാധീനത്തിൽ വീണു കിടക്കുകയാണ്. അതിന്റെ പേരിൽ ഫുക്രുവിനുണ്ടായ നഷ്‍ടങ്ങളും ചീത്തപ്പേരുകളും കുറച്ചൊന്നുമല്ല.

ഒരു മത്സരാർത്ഥി എന്ന നിലയിൽ നിന്ന് മഞ്ജുവിന്റെ വെറും കളിക്കുട്ടിയായി ഫുക്രു തരം താണു . എപ്പഴും 'അമ്മ- കുട്ടി കളിയും കൊഞ്ചലും കെട്ടിപ്പിടിയും താരാട്ട് പാട്ടും. പ്രേക്ഷകന് കാണാൻ ആഗ്രഹം ഫുക്രു എന്ന മത്സരാർത്ഥിയുടെ പ്രകടനങ്ങളാണ്. അല്ലാതെ മഞ്ജുവിന്റെയും ഫുക്രുവിന്റേയും നാടകം കാണാൻ ആർക്കും ഒരു താല്‍പര്യവുമില്ല.

ഫുക്രുവിനെ മാനസികമായി തകർക്കാനും വൈകാരികമായി തളർത്താനും ഈ പെണ്ണുങ്ങൾക്ക് കഴിഞ്ഞു. ഫുക്രു ഇപ്പോൾ ഇപ്പോഴും ദേഷ്യവും വഴക്കും അട്ടഹാസവുമൊക്കെയായുള്ള ഒരാളായി മാറി കഴിഞ്ഞു.

സ്ത്രീകളുടെ ഇടപെടലാണ് അതിനു കാരണം. കാര്യങ്ങൾ കൈവിട്ടു പോകുന്നെന്ന് മനസിലാക്കിയ ഫുക്രു എലീനയുമായി ബന്ധം സ്ഥാപിച്ചു ഇവരിൽ നിന്ന് രക്ഷപെടാൻ ഇടക്കൊരു ശ്രമം നടത്തി. അത് വിജയവുമായിരുന്നു. അപ്പോഴാണ് എലീന കണ്ണിനസുഖം ബാധിച്ചു പുറത്തു പോയത്. അതോടെ വീണ്ടും മഞ്ജു ഫുക്രുവിലേക്കെത്തി.

എല്ലാവരും മത്സരം ജയിക്കാൻ വന്നവരായതു കൊണ്ട് ഏത് വിധേനയും എതിരാളിയെ പരാജയപ്പെടുത്തുകയാണ് ഓരോരുത്തരുടെയും ലക്ഷ്യം. മത്സരാർത്ഥി എന്ന നിലയിലും വ്യക്തി എന്ന നിലയിലും ഫുക്രുവിന്റെ സ്ട്രെങ്ത്തും വീക്നെസും ഇവർ വളരെ വേഗം കണക്ക് കൂട്ടിയെടുത്തു. മൂന്നു പേരും മത്സരിച്ചു അമ്മ കളിയും ചേച്ചി കളിയും പുറത്തെടുത്തു. ആദ്യമൊന്നും ഫുക്രു അതിനു വഴങ്ങിയില്ല. എന്നാൽ പതിനെട്ടടവും പയറ്റി മിടുക്കരായ പെണ്ണുങ്ങൾ ഫുക്രുവിനെ സ്നേഹത്തിൽ വീഴ്ത്തി. ഒരു ഗെയിമെന്ന നിലയിൽ വളരെ മികച്ച സ്ട്രാറ്റജിയും വിജയവുമായിരുന്നു  പ്ലാൻ. ആര്യ, മഞ്ജു, വീണ  എന്നിവർ ഫുക്രുവിനോട് ചെയ്‍തതും അതിൽ ഫുക്രു എന്ന മത്സരാര്‍ഥിക്ക് വന്ന നഷ്‍ടവും വലുതാണ്.

കളി തുടങ്ങി രണ്ടാം ദിനം തന്നെ തന്റെ പ്രണയകഥ പറഞ്ഞു കൊണ്ട് ഫുക്രു ഗെയിമിൽ സജീവമായിരുന്നു. തുടർന്ന് രജിത് കുമാറുമായി ആദ്യം സൗഹൃദം സ്ഥാപിച്ച വ്യക്തി ഫുക്രുവാണ്. വളരെ സ്വാഭാവികമായ പെരുമാറ്റം കൊണ്ട് പ്രേക്ഷകരുടെയും വീട്ടിനുള്ളിലുള്ളവരുടെയും ഇഷ്‍ടം പിടിച്ചു പറ്റി. മറ്റൊരു മനുഷ്യനായി അഭിനയിക്കാനോ സെന്റി അടിച്ചു പ്രേക്ഷക പ്രീതി പിടിച്ചു പറ്റാനോ ഫുക്രു ശ്രമിച്ചില്ല. ആരുടെയും ഇടത്തിലേക്ക് അനാവശ്യമായി കടന്നു കയറിയില്ല. എന്നാല്‍, ഇടപെടേണ്ട സമയത്ത് ഇടപെടേണ്ട ഇടങ്ങളില്‍ ഫുക്രു ഹാജരായി. രജിത് കുമാറിനെ എല്ലാവരും ഒറ്റപ്പെടുത്തുമ്പോള്‍ ആദ്യമൊക്കെ നേരിട്ട് ചെന്ന് രജിത് കുമാറിനോട് സംസാരിക്കുന്നൊരാള്‍ ഫുക്രുവായിരുന്നു. ഗ്രൂപ്പില്‍ ചേര്‍ന്ന് രജിത് കുമാറിനെ എതിര്‍ക്കുന്നതിനു പകരം നേരിട്ട് പോയി ചോദിക്കേണ്ട കാര്യങ്ങള്‍ മുഖത്ത് നോക്കി ചോദിച്ചു പരിഹരിച്ചിരുന്നു. ചെറുപ്പക്കാരായ അലസാന്ദ്ര, രേഷ്മ, പരീക്കുട്ടി, സുജോ മാത്യു എന്നിവര്‍ക്കൊപ്പവും അതേ സമയം മുതിര്‍ന്ന മത്സരാര്‍ഥികള്‍ക്കൊപ്പവും ഫുക്രു ഒരേപോലെ സമയം ചെലവഴിച്ചിരുന്നു. ആദ്യമായി രജിത് കുമാർ ജയിലിലായപ്പോൾ കൂട്ടിരുന്നത് ഫുക്രുവായിരുന്നു.

ഫുക്രുവിനെ ഇടംവലം തിരിയാൻ സമ്മതിക്കാതെയാണ് ഇപ്പോൾ പെണ്ണുങ്ങൾ സമ്മർദ്ദത്തിലാക്കുന്നത്. നിരന്തരം കരച്ചിലും കെട്ടിപ്പിടിയും ഉമ്മയും ഇമോഷണൽ ബ്ലാക്ക് മെയിലിംഗും ആയി അവനെ പിന്തുടരുന്നു. മര്യാദക്ക് ഗെയിം  കളിയ്ക്കാൻ പോലും പറ്റാതെ ഇവരുടെ കെണിയിൽ പെട്ട് പോയ ഫുക്രുവിനെ കാണുമ്പോ സത്യത്തിൽ സങ്കടം തോന്നുന്നുണ്ട്.

മികച്ച മത്സരാർഥി ആയിരുന്ന ഫുക്രു ഇപ്പോൾ താഴേക്ക് വീണു കൊണ്ടിരിക്കുകയാണ്.  മത്സരാർഥി എന്ന നിലയിൽ ഇപ്പോൾ ഗ്രാഫ് ഓരോ ദിവസവും താഴോട്ടാണ്. ഇനിയൊരു തിരിച്ചു വരവുണ്ടാവുമോ എന്ന് കണ്ടറിയാം.

click me!