'ആ നാല് പേര്‍ തിരിച്ചുവരില്ലേ'? പ്രതീക്ഷ വിടാതെ ബിഗ് ബോസിലെ മറ്റ് മത്സരാര്‍ഥികള്‍

By Web TeamFirst Published Feb 12, 2020, 1:08 PM IST
Highlights

എന്നാല്‍ അവര്‍ ഗെയിമിന്റെ ഭാഗമാണെന്നും തിരിച്ചുവരുമെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും ആര്യ പ്രതികരിച്ചു. അവരെ ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞാണ് മഞ്ജു കരയാന്‍ തുടങ്ങിയത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് മഞ്ജുവിനെ സമാധാനിപ്പിക്കുകയായിരുന്നു.
 

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിലെ ഏറ്റവും പുതിയ എപ്പിസോഡ് പ്രേക്ഷകര്‍ക്കും മത്സരാര്‍ഥികള്‍ക്കുമായി വലിയ അപ്രതീക്ഷിതത്വമാണ് കാത്തുവച്ചിരുന്നത്. കണ്ണിനസുഖം മൂലം ഹൗസിന് പുറത്ത് ചികിത്സയിലായിരുന്ന അഞ്ചില്‍ നാല് പേര്‍ അസുഖം ഭേദമാകാത്തതിനാല്‍ വീടുകളിലേക്ക് തിരിച്ചുപോയെന്ന ബിഗ് ബോസിന്റെ പ്രഖ്യാപനം ഇന്നലെയാണ് ഉണ്ടായത്. പ്രേക്ഷകരിലും അവശേഷിക്കുന്ന മത്സരാര്‍ഥികളിലും അമ്പരപ്പാണ് ഈ പ്രഖ്യാപനം സൃഷ്ടിച്ചത്. മത്സരാര്‍ഥികളില്‍ പലരും അവിശ്വസനീയതടോയൊണ് ഈ പ്രഖ്യാപനം കേട്ടത്. മഞ്ജു പത്രോസ് ആണ് ഏറ്റവും വൈകാരികമായി ഈ വാര്‍ത്തയോട് പ്രതികരിച്ചത്. കരയാന്‍ തുടങ്ങിയ മഞ്ജുവിനെ ആര്യ ഉള്‍പ്പെടെയുള്ളവര്‍ സമാധാനിപ്പിക്കുകയായിരുന്നു. 

 

നിലവിലുള്ള മത്സരാര്‍ഥികളെ ഹാളിലേക്ക് വിളിച്ചുകൂട്ടിയായിരുന്നു ബിഗ് ബോസിന്റെ അനൗണ്‍സ്‌മെന്റ്. 'എല്ലാവരും ശ്രദ്ധിക്കുക, കണ്ണിന്റെ അസുഖം മൂലം ഈ വീട്ടില്‍നിന്ന് മാറിനിന്നവരില്‍ നാല് പേര്‍ അസുഖം പൂര്‍ണമായി ഭേദമാകാത്തതിനാല്‍ വിദഗ്ധ ചികിത്സയ്ക്കായി അവരുടെ സ്വന്തം വീടുകളിലേക്ക് മടങ്ങിയിരിക്കുന്നു. ഒരാള്‍ മാത്രം ഇന്ന് ഇപ്പോള്‍ ബിഗ് ബോസ് വീട്ടിലേക്ക് പ്രധാന വാതിലിലൂടെ തിരിച്ചുവരികയാണ്' എന്നായിരുന്നു ബിഗ് ബോസിന്റെ അറിയിപ്പ്. 

എന്നാല്‍ അവര്‍ ഗെയിമിന്റെ ഭാഗമാണെന്നും തിരിച്ചുവരുമെന്ന് തനിക്ക് 100 ശതമാനം ഉറപ്പുണ്ടെന്നും ആര്യ പ്രതികരിച്ചു. അവരെ ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന് പറഞ്ഞാണ് മഞ്ജു കരയാന്‍ തുടങ്ങിയത്. എന്നാല്‍ എല്ലാവരും ചേര്‍ന്ന് മഞ്ജുവിനെ സമാധാനിപ്പിക്കുകയായിരുന്നു. പവന്‍ തിരികെ എത്തിയപ്പോള്‍ മറ്റ് നാല് പേരെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എല്ലാവരും പവന് ചുറ്റും കൂടി. ബാക്കിയുള്ളവരുടെ അവസ്ഥ എന്താണെന്ന് വീണയാണ് പവനോട് ആദ്യം ചോദിച്ചത്. എല്ലാവരും ഓകെ ആയിട്ട് വരുന്നുവെന്നും തിരികെയെത്തുമെന്നും പവന്‍ ആദ്യം പറഞ്ഞെങ്കിലും വെവ്വേറെയായിരുന്നു താമസമെന്നും അവരെ കാണാന്‍ കഴിഞ്ഞില്ലെന്നും പിന്നീട് പറഞ്ഞു. തനിക്ക് തന്റെ കാര്യം മാത്രമേ അറിയൂ എന്നും. ഇന്‍ഫെക്ഷനെക്കുറിച്ചുള്ള ആര്യയുടെ ചോദ്യത്തിന് പവന്‍ പറഞ്ഞ മറുപടി ഇങ്ങനെ. 'എന്നോടൊന്നും പറഞ്ഞില്ല ഡോക്ടര്‍, എന്ത് ഇന്‍ഫെക്ഷനാണെന്നോ ഒന്നും. ആദ്യം ചെറിയൊരു ലക്ഷണം ഉണ്ടായിരുന്നു. അത് മൊത്തം മാറി. എന്നെ ചികിത്സിച്ചതിന് ശേഷമാണ് ഇങ്ങോട്ട് വിട്ടത്.'

 

മൂന്ന് പേരുടെ കൂട്ടത്തില്‍ ആദ്യം കണ്ണിനസുഖത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചത് രഘു ആയിരുന്നു. രോഗത്തിന്‍രെ തുടക്കത്തില്‍ രഘു വേണ്ടത്ര മുന്‍കരുതല്‍ പുലര്‍ത്താത്തത് മറ്റുള്ളവരിലേക്ക് പടരാന്‍ കാരണമായെന്ന് പിന്നീട് മത്സരാര്‍ഥികള്‍ കൂടിയിരുന്നുള്ള സംസാരത്തിനിടയില്‍ ഷാജി പറഞ്ഞു. 'അസുഖം വന്നതിന് ശേഷം രഘു അവരുമായി (സുജോ, അലസാന്‍ഡ്ര) മാത്രമാണ് രാത്രി ഇരുന്ന് സംസാരിച്ചത്. മാറിയിരിക്കണം രഘൂ എന്ന് ബിഗ് ബോസ് ഇടയ്ക്കിടെ പറഞ്ഞിരുന്നു. അസുഖം വന്നത് സാധാരണമാണ്. ഇനിയിപ്പൊ നമുക്ക് ആര്‍ക്ക് വേണമെങ്കിലും വരാം. ഞാന്‍ പറഞ്ഞത് അതിന് ഒരു വില കല്‍പ്പിച്ചില്ല എന്നതാണ്', പാഷാണം ഷാജി പറഞ്ഞു.

click me!