
പരിസ്ഥിതി സൗഹൃദ ഇന്ധന സാങ്കേതികവിദ്യയിലേക്ക് മറ്റൊരു ചുവടുവെപ്പുമായി ഹോണ്ട. 85 ശതമാനം എത്തനോളും 15 ശതമാനം പെട്രോളും ചേർന്ന E85 ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യ സ്‍കൂട്ടറായ ADV160 കമ്പനി അവതരിപ്പിച്ചു. ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ (HMSI) പുറത്തിറക്കിയ ഈ അഡ്വഞ്ചർ സ്റ്റൈൽ മാക്സി സ്‍കൂട്ടർ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
'മെയിഡ് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ADV160 അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിർമിക്കുന്ന ഈ മോഡൽ ആഭ്യന്തര വിപണിക്ക് പുറമെ വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യും. രാജ്യത്ത് ബിഗ്‌വിംഗ്, റെഡ്‌വിംഗ് ഡീലർഷിപ്പുകൾ വഴിയായിരിക്കും സ്‍കൂട്ടറിന്റെ വിൽപ്പന.
ADV160-ന്റെ ഏറ്റവും വലിയ പ്രത്യേകത E85-അനുയോജ്യമായ 157 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ്. ഈ എഞ്ചിൻ 16.3 bhp കരുത്തും 14.9 Nm ടോർക്കും ഉൽപ്പാദിപ്പിക്കും. സാധാരണ പെട്രോളിന് പുറമെ 85 ശതമാനം എത്തനോൾ അടങ്ങിയ ഇന്ധനത്തിലും പ്രവർത്തിക്കാനാകുന്ന തരത്തിലാണ് എഞ്ചിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഹോണ്ടയുടെ ആഗോള മോഡലായ X-ADV-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ADV160-ന്റെ ഡിസൈൻ. മസ്കുലർ ബോഡി, അഡ്ജസ്റ്റ് ചെയ്യാവുന്ന വിൻഡ്‌സ്‌ക്രീൻ, ട്വിൻ എൽഇഡി ഹെഡ്‌ലാമ്പുകൾ, ബ്ലോക്ക് പാറ്റേൺ ടയറുകൾ, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, നേരായ റൈഡിംഗ് പൊസിഷൻ എന്നിവ സ്‍കൂട്ടറിന് അഡ്വഞ്ചർ വാഹനത്തിന്റെ രൂപഭംഗി നൽകുന്നു. ദൈനംദിന നഗരയാത്രകൾക്കും ദീർഘദൂര യാത്രകൾക്കും ഒരുപോലെ അനുയോജ്യമായ മോഡലായാണ് ഹോണ്ട ഇതിനെ അവതരിപ്പിക്കുന്നത്.
ഫീച്ചറുകളുടെ കാര്യത്തിലും ADV160 ശ്രദ്ധേയമാണ്. പൂർണ ഡിജിറ്റൽ ടിഎഫ്‍ടി ഡിസ്പ്ലേ, ഹോണ്ട റോഡ് സിങ്ക് കണക്ടിവിറ്റി, സ്‍മാർട്ട്ഫോൺ ഇന്റഗ്രേഷൻ, നാവിഗേഷൻ, കോൾ അലർട്ടുകൾ എന്നിവ ഇതിൽ ലഭിക്കും. ഇതുകൂടാതെ ഹോണ്ട സെലക്റ്റബിൾ ടോർക്ക് കമ്ട്രോൾ (HSTC), സിംഗിൾ-ചാനൽ എബിഎസ്, യുഎസ്‍ബി ചാർജിംഗ് പോർട്ട്, 27 ലിറ്റർ അണ്ടർ-സീറ്റ് സ്റ്റോറേജ് എന്നിവയും സ്‍കൂട്ടറിലുണ്ട്. ഒരു ഫുൾ-ഫേസ് ഹെൽമെറ്റ് വരെ ഈ സ്റ്റോറേജ് സ്പേസിൽ സൂക്ഷിക്കാനാകും.
സസ്പെൻഷനായി മുന്നിൽ ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഡ്യുവൽ ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്. 133 കിലോഗ്രാം ഭാരവും, 780 മില്ലീമീറ്റർ സീറ്റ് ഉയരവും, 165 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസും, 8.1 ലിറ്റർ ഫ്യുവൽ ടാങ്കും സ്‍കൂട്ടറിനുണ്ട്. എന്നാൽ ADV160-ന്റെ ഇന്ത്യൻ വിപണിയിലെ ലോഞ്ച് തീയതിയും വിലയും ഹോണ്ട ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യയിൽ തന്നെ നിർമിക്കുന്ന മോഡലായതിനാൽ മത്സരാധിഷ്‍ഠിതമായ വിലയിൽ സ്‍കൂട്ടർ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.