
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന മോട്ടോവേഴ്‌സ് 2025 പരിപാടിയിൽ ഐക്കണിക് ടൂവീലർ ബ്രാൻഡായ റോയൽ എൻഫീൽഡ് അവരുടെ പുതിയ ഇലക്ട്രിക് ബൈക്കായ ഫ്ലയിംഗ് ഫ്ലീ S6 അവതരിപ്പിച്ചു. ഈ വർഷം ആദ്യം EICMA യിലും ഇത് പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ആദ്യമായി ഇത് തത്സമയം അനാച്ഛാദനം ചെയ്‌തു.
റോയൽ എൻഫീൽഡ് ഫ്ലയിംഗ് ഫ്ലീ C6 ന് ശേഷം, റോയൽ എൻഫീൽഡ് ബ്രാൻഡിന്റെ രാജ്യത്തെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും ഫ്ലയിംഗ് ഫ്ലീ S6. ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതിയും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും റെട്രോ സ്‌ക്രാംബ്ലർ ഫ്ലയിംഗ് ഫ്ലീ S6 2027 ന്റെ തുടക്കത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ലോഞ്ച് ചെയ്യുമ്പോൾ, ഏകദേശം 2.30 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.
രൂപകൽപ്പനയുടെ കാര്യത്തിൽ, FF.S6 പൂർണ്ണമായും സ്‌ക്രാംബ്ലർ തീമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മുൻവശത്ത് യുഎസ്‍ഡി ഫോർക്ക് സസ്‌പെൻഷൻ ഉണ്ട്. വീൽ സജ്ജീകരണത്തിൽ 19 ഇഞ്ച് ഫ്രണ്ട് വീലും 18 ഇഞ്ച് റിയർ വീലും ഉൾപ്പെടുന്നു. കൂടാതെ, നീളമുള്ള എൻഡ്യൂറോ-സ്റ്റൈൽ സീറ്റ് വ്യത്യസ്‍ത ഉയരങ്ങളിലുള്ള റൈഡർമാർക്ക് ഇരിക്കുന്നതിനും നിൽക്കുന്നതിനും സുഖം നൽകുന്നു. യഥാർത്ഥ കാർബൺ ഫൈബർ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു കാർബൺ മോഡലും കമ്പനി പ്രദർശിപ്പിച്ചു.
സാങ്കേതികവിദ്യയുടെയും സുരക്ഷാ സവിശേഷതകളുടെയും കാര്യത്തിൽ, 4G, ബ്ലൂടൂത്ത്, വൈ-ഫൈ കണക്റ്റിവിറ്റി, ഇന്റഗ്രേറ്റഡ് നാവിഗേഷൻ, ഓഫ്-റോഡ് മോഡ്, ലീൻ-ആംഗിൾ സെൻസിംഗ് ഡ്യുവൽ-ചാനൽ ABS, ട്രാക്ഷൻ കൺട്രോൾ, വോയ്‌സ് അസിസ്റ്റ് തുടങ്ങിയ നൂതന സവിശേഷതകൾ ഫ്ലൈയിംഗ് ഫീ S6-ൽ ഉണ്ട്. ഇതിന്റെ ഇലക്ട്രോണിക് സിസ്റ്റങ്ങളെല്ലാം ക്വാൽകോം സ്‌നാപ്ഡ്രാഗൺ QWM2290 പ്രോസസറും സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു ഓപ്പറേറ്റിംഗ് സിസ്റ്റവുമാണ് നിയന്ത്രിക്കുന്നത്. എബിഎസ് പൂർണ്ണമായും പ്രവർത്തനരഹിതമാക്കാനുള്ള ഓപ്ഷനും നൽകിയിട്ടുണ്ട്. ഇത് ഓഫ്-റോഡിംഗ് സമയത്ത് റൈഡർക്ക് പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിക്കുന്നു.