
ഇടത്തരം മോട്ടോർസൈക്കിൾ വിഭാഗത്തിൽ തങ്ങളുടെ മുൻനിര നിലനിർത്തുന്നതിനായി കടുത്ത പോരാട്ടത്തിലാണ് ഐക്കണിക്ക് ഇന്ത്യൻ ഇരുചക്ര വാഹന ബ്രാൻഡായ റോയൽ എൻഫീൽഡ്. ചെന്നൈ ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമ്മാതാക്കൾ ഇലക്ട്രിക് വാഹനങ്ങൾ (ഇവി), എൻട്രി ലെവൽ 250 സിസി ബൈക്ക് ശ്രേണി എന്നിവയുൾപ്പെടെ പുതിയ സെഗ്‌മെന്റുകളിലേക്ക് കടക്കാനും പദ്ധതിയിടുന്നു. വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 250 സിസി ബൈക്കിനെക്കുറിച്ച് പറയുമ്പോൾ, മോഡൽ അടുത്ത വർഷം എപ്പോഴെങ്കിലും എത്തുമെന്ന് പ്രതീക്ഷിക്കാം. എങ്കിലും അതിന്റെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പുതുതലമുറ 250 സിസി പ്ലാറ്റ്‌ഫോമിനെ ('V' എന്ന രഹസ്യനാമം) അടിസ്ഥാനമാക്കിയായിരിക്കും റോയൽ എൻഫീൽഡ് 250 സിസി ബൈക്ക് നിർമ്മിക്കുന്നത്. റോയൽ എൻഫീൽഡിന്റെ ആദ്യത്തെ ഹൈബ്രിഡ് മോട്ടോർസൈക്കിളിന്റെ അരങ്ങേറ്റം കൂടിയാണിത്. ഹൈബ്രിഡ് എഞ്ചിൻ സാങ്കേതികവിദ്യയ്ക്ക് ലൈസൻസ് നൽകുന്നതിനായി എഞ്ചിനുകൾ, ഘടകങ്ങൾ, ആക്സസറികൾ എന്നിവയുടെ നിർമ്മാതാക്കളായ ചൈന ആസ്ഥാനമായുള്ള സിഎഫ് മോട്ടോയുമായി കമ്പനി നിലവിൽ ചർച്ചകൾ നടത്തിവരികയാണ് എന്നാണ് റിപ്പോട്ടുകൾ.
റോയൽ എൻഫീൽഡിന്റെ 250 സിസി ഹൈബ്രിഡ് എഞ്ചിൻ കർശനമായ ബിഎസ് 6 ഫേസ് 2 എമിഷൻ മാനദണ്ഡങ്ങളും വരാനിരിക്കുന്ന കോർപ്പറേറ്റ് ശരാശരി ഇന്ധനക്ഷമത മാനദണ്ഡങ്ങളും പാലിക്കും. സിഎഫ് മോട്ടോയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ ഒതുക്കമുള്ളതും ഇന്ധനക്ഷമതയുള്ളതുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിഎഫ് മോട്ടോയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന എഞ്ചിൻ സംബന്ധിച്ച് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ അന്തിമ തീരുമാനം എടുക്കാൻ സാധ്യതയുണ്ട്.
എഞ്ചിൻ ചൈനയിൽ നിന്നാണ് വാങ്ങുന്നതെങ്കിലും, വരാനിരിക്കുന്ന റോയൽ എൻഫീൽഡ് 250 സിസി ഹൈബ്രിഡ് ബൈക്ക് സ്വന്തമായി നിർമ്മിക്കും. കൂടാതെ തദ്ദേശീയമായി വികസിപ്പിച്ച 'V' പ്ലാറ്റ്‌ഫോം, ഷാസി, സസ്‌പെൻഷൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മോഡലിന്റെ വിശദമായ സ്പെസിഫിക്കേഷനുകൾ ഇതുവരെ ലഭ്യമല്ല. എങ്കിലും, നിലവിൽ 1,49,000 രൂപ പ്രാരംഭ വിലയിൽ ലഭ്യമായ റോയൽ എൻഫീൽഡ് ഹണ്ടർ 350 ന് താഴെയായിരിക്കും ഇത് സ്ഥാനംപിടിക്കുക. പുതിയ റോയൽ എൻഫീൽഡ് 250 സിസി ഹൈബ്രിഡ് ബൈക്കിന് ഏകദേശം 1.30 ലക്ഷം രൂപ എക്സ്-ഷോറൂം വില പ്രതീക്ഷിക്കുന്നു.