സുനില്‍ പി ഇളയിടം എഴുതുന്നു, എന്തുകൊണ്ട് മഹാഭാരതം; എങ്ങനെ അതിലേക്കെത്തി?

By Pusthakappuzha Book ShelfFirst Published Apr 24, 2020, 5:10 PM IST
Highlights

പുസ്തകപ്പുഴയില്‍ ഇന്ന് സുനില്‍ പി ഇളയിടത്തിന്റെ 'മഹാഭാരതം: സംസ്‌കാരിക ചരിത്രം' എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്. ഡിസി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം സുനില്‍ പി ഇളയിടം നടത്തിയ മഹാഭാരതം പ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപമാണ്. 
 

സുനില്‍ പി ഇളയിടത്തിന്റെ 'മഹാഭാരതം: സംസ്‌കാരിക ചരിത്രം' എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പ്. ഡിസി ബുക്‌സ് പുറത്തിറക്കിയ ഈ പുസ്തകം സുനില്‍ പി ഇളയിടം നടത്തിയ മഹാഭാരതം പ്രഭാഷണങ്ങളുടെ വിപുലീകൃത ലിഖിത രൂപമാണ്. 

 

 

വ്യാസമഹാഭാരതത്തിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത് പി. കെ ബാലകൃഷ്ണനാണ്; പി.കെ. ബാലകൃഷ്ണന്റെ വ്യാസഭാരതപഠനങ്ങള്‍. മഹാഭാരതകഥകള്‍ കേട്ടും ചിലതെല്ലാം വായിച്ചുമാണ് ഞാന്‍ കുട്ടിക്കാലം പിന്നിട്ടത്. എം.എ. പഠനം പൂര്‍ത്തിയായപ്പോഴേക്കും യയാതി, ഇനി ഞാന്‍ ഉറങ്ങട്ടെ, രണ്ടാമൂഴം തുടങ്ങിയ നോവലുകളും ഭാരതപര്യടനം പോലുള്ള വ്യാഖ്യാനങ്ങളും ഞാന്‍ വായിച്ചിരുന്നു. എങ്കിലും മഹാഭാരതം മുഴുവനായും വായിക്കണമെന്ന തോന്നല്‍ അപ്പോഴൊന്നും എനിക്കുണ്ടായിരുന്നില്ല. ഭീമാകാരമായ ഒരു മതഗ്രന്ഥമായാണ് അക്കാലത്ത് ഞാന്‍ മഹാഭാരതത്തെ കണ്ടിരുന്നത്. വിദ്യാര്‍ത്ഥിജീവിതകാലത്തെ തീവ്രമായ രാഷ്ട്രീയബോധ്യങ്ങള്‍ അതിനോട് ഒരകലം ജനിപ്പിക്കുകയും ചെയ്തിരുന്നു. 

എം.എ. പഠനമെല്ലാം കഴിഞ്ഞ്, സമാന്തര വിദ്യാഭ്യാസമേഖലയില്‍ ജോലിചെയ്തിരുന്ന 1990-കളുടെ പകുതിയിലെപ്പോഴോ ആണ് പി.കെ. ബാലകൃഷ്ണന്റെ വ്യാസഭാരതപഠനങ്ങള്‍ ഞാന്‍ വായിച്ചത്. മുഖ്യമായും എഴുത്തച്ഛന്റെ കാവ്യകലയെ കുറിച്ചുള്ളതായിരുന്നു ആ ഗ്രന്ഥം. എങ്കിലും വ്യാസമഹാഭാരതത്തെക്കുറിച്ചുള്ള നാലഞ്ചു ലേഖനങ്ങള്‍ അതിലുണ്ടായിരുന്നു. അത്യാദരങ്ങളോടെയാണ് പി.കെ. ബാലകൃഷ്ണന്‍ വ്യാസമഹാഭാരതത്തെ അതില്‍ അവതരിപ്പിക്കുന്നത്. ആദ്യവായനയില്‍ ആ വാക്കുകള്‍ എന്നെ അല്പം ആശ്ചര്യപ്പെടുത്തുകതന്നെ ചെയ്തു: ''അധൃഷ്യമായ വശ്യത; ഭ്രമകരമായ കേവലനിരര്‍ത്ഥകത; അനന്തമായ സങ്കീര്‍ണ്ണത; അനുഭവത്തിന്റെ പൂര്‍ണ്ണതയില്‍ അറിയുന്ന മനസ്സും അറിഞ്ഞ അറിവും ആലസ്യത്തില്‍ ലയിച്ചുണ്ടായ അജ്ഞേയത- ജീവിതമെന്ന മൂര്‍ത്തമായ അപ്രമേയതയെ തത്സ്വരൂപത്തില്‍ ആവിഷ്‌കരിക്കുന്ന ഒരു സാഹിത്യകലാസൃഷ്ടിയോ, സാഹിത്യകലാസൃഷ്ടികൂടിയോ ആണ് വ്യാസന്‍ രചിച്ചതായി കരുതപ്പെടുന്ന ശ്രീമഹാഭാരതം.'' 

മഹാഭാരതത്തെക്കുറിച്ചുള്ള തന്റെ ലേഖനങ്ങളിലൊന്ന് പി.കെ. ബാലകൃഷ്ണന്‍ ആരംഭിക്കുന്നതിങ്ങനെയാണ്. ആധുനികയുഗത്തിലെ സാഹിത്യമഹാസൃഷ്ടികള്‍ വായിക്കുന്ന അതേനിലയില്‍ ഇപ്പോഴും വായിക്കാവുന്ന കൃതിയാണ് മഹാഭാരതമെന്ന് അദ്ദേഹമവിടെ എഴുതിയിട്ടുണ്ട്. കാലമാണ് അതിലെ പ്രധാന കഥാപാത്രവും കഥാഘടനയുടെ ജീവകേന്ദ്രവും. മൗസലപര്‍വത്തെ കാര്യമായി പരിഗണിച്ചാല്‍, പതനാഭ്യുദയങ്ങളുടെ സമഗ്രചിത്രം അവതരിപ്പിക്കുന്നതില്‍ മഹാഭാരതത്തോളം വിജയിച്ച കൃതികള്‍ ഏറെയില്ലെന്നു വ്യക്തമാവുമെന്നും പി.കെ. ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 

 

..........................................................

'മഹാഭാരതം: സംസ്‌കാരിക ചരിത്രം' എന്ന പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം 

 

ഒരേസമയം ചരിത്രപരവും സാഹിതീയവുമായാണ് പി.കെ. ബാലകൃഷ്ണന്‍ മഹാഭാരതത്തെ സമീപിക്കുന്നത്. കൊസാംബിയുടെയും കുട്ടിക്കൃഷ്ണമാരാരുടെയും വഴികള്‍ അദ്ദേഹത്തിന്റെ മഹാഭാരതവിചാരങ്ങളില്‍ സംഗമിക്കുന്നു. ജീവിതത്തെ ആകമാനം കാണുന്ന ഒരു കണ്ണ് മഹാഭാരതത്തിനുള്ളതായി അദ്ദേഹം കരുതി. ഇതിഹാസഭാവനയുടെ ഈ മഹിമയെക്കുറിച്ച് പി.കെ. ബാലകൃഷ്ണന്‍ അത്യാദരവിന്റെ ധ്വനികളുള്ള ഭാഷയില്‍ എഴുതിയിട്ടുമുണ്ട്. ''ധര്‍മ്മികളും വീരന്‍മാരുമായി അംഗീകരിക്കപ്പെടുന്നവര്‍ അധര്‍മ്മത്തിനും ഭീരുത്വത്തിനും അതീതരല്ലെന്നും അധര്‍മ്മികളും നീചന്‍മാരുമായി ഗണിക്കപ്പെടുന്നവര്‍ മഹത്കര്‍മ്മങ്ങള്‍ക്കും അചഞ്ചലപൗരുഷത്തിനും കഴിവില്ലാത്തവരല്ലെന്നുമുള്ള അവസ്ഥ കഥാപാത്രസഞ്ചയത്തിനാകെ ഒരുപോലെ ബാധകമായിക്കാണുന്ന ഏക വിശ്വേതിഹാസം മഹാഭാരതമാണെ''ന്ന്, അദ്ദേഹം പറയുന്നു. മഹാഭാരതത്തിന്റെ ചരിത്രപരമായ പരിണാമപ്രക്രിയയെ മാനിക്കുമ്പോള്‍തന്നെ, വ്യാസന്‍ എന്ന കര്‍തൃസങ്കല്പത്തെ വകവച്ചുകൊടുക്കുന്ന നിലയില്‍, ''ഒമ്പതു നൂറ്റാണ്ടിലേറെ ദൈര്‍ഘ്യമുള്ള വികാസപരിണാമചരിത്രത്തെ രൂപപ്പെടുത്തിയ ഒരു അത്ഭുതപ്രതിഭയെ നമുക്ക് അംഗീകരിക്കാന്‍ കഴിയുമെന്ന്'', പി.കെ. ബാലകൃഷ്ണന്‍ അഭിപ്രായപ്പെടുകയും ചെയ്തു (2002:138-39).

മഹാഭാരതത്തിന്റെ സാഹിതീയമായ മഹിമയായി പി.കെ. ബാലകൃഷ്ണന്‍ എടുത്തുപറയുന്ന മൂന്നു കാര്യങ്ങള്‍ ശ്രദ്ധേയമാണ്. ദസ്ത
യേവ്‌സ്‌കിയുടെയോ മറ്റോ മഹത്തായ ഒരു നോവല്‍ വായിക്കുന്നതുപോലെ സമകാലികമായി വായിക്കാന്‍ കഴിയുന്ന കൃതിയാണ് മഹാഭാരതം എന്നതാണ് അതിലാദ്യത്തേത്. കഥാപാത്രങ്ങളുടെ മാനുഷികപ്രകൃതം ഒരിക്കലും ഭഞ്ജിക്കപ്പെടുന്നില്ല എന്നതാണ് രണ്ടാമത്തേത്. അതിഭൗതികാംശങ്ങള്‍ എത്രയെങ്കിലും കാണാനാവുമെങ്കിലും അടിസ്ഥാനപരമായി മഹാഭാരതം മാനുഷികമാണ്. സാഹിത്യകലയിലെ മഹാപ്രതിഭകളുടെ സ്വപ്നമായി ഇപ്പോഴും തുടരുന്ന നിസ്സംഗമായ നിര്‍
മമഭാവത്തോടെ മനുഷ്യജീവിതത്തെ ആഖ്യാനം ചെയ്യാന്‍ ഈ കൃതിക്ക് കഴിഞ്ഞിരിക്കുന്നു എന്നതാണ് മൂന്നാമത്തെ സവിശേഷത. ധര്‍മ്മാധര്‍മ്മങ്ങളുടെ വ്യാമിശ്രലോകമാണ് മഹാഭാരതം നിലനിര്‍ത്തിപ്പോരുന്നത് (2002:36-38). 

 

......................................................

Read more: കൊറോണയും തോല്‍ക്കും, അത്ര ശക്തം നമ്മുടെ 'സൈന്യം';  ശൈലജ ടീച്ചറും സംഘവും നിപായെ തോല്‍പ്പിച്ച കഥ
......................................................

 

അതേസമയംതന്നെ, 'വ്യാസഭാരതത്തിന്റെ രൂപപരിണാമവും ഇന്ത്യയിലെ സമുദായപരിണാമവും' പരസ്പരം കൂടിക്കലര്‍ന്നതാണെന്നും, 'വര്‍ണ്ണാശ്രമ ധര്‍മ്മവ്യവസ്ഥിതി ബ്രാഹ്മണതാത്പര്യത്തെ മുന്‍നിര്‍ത്തി വളര്‍ന്ന് ശക്തിപ്രാപിക്കുന്ന പ്രക്രിയയുടെ ചരിത്രം' അതില്‍നിന്ന് നിര്‍ദ്ധാരണം ചെയ്യാനാവുമെന്നും അദ്ദേഹം പറയുന്നുണ്ട്. ''മഹാഭാരതേതിഹാസം രൂപംകൊണ്ട ആദ്യപരിസ്ഥിതിയില്‍ എന്നുവേണ്ട, അതില്‍പ്പിന്നെ അതില്‍ ഗീത സന്നിവേശിപ്പിക്കപ്പെട്ട കാലത്തുപോലും ബ്രാഹ്മണമഹിമയില്‍ നിഷ്ഠമായ വര്‍ണ്ണാശ്രമധര്‍മ്മ വ്യവസ്ഥിതി നിര്‍വിശങ്കമാംവിധം ഉറച്ചു കഴിഞ്ഞിരുന്നില്ല'' എന്നും ''അതിന് ഉറച്ച നിലനില്പുണ്ടാക്കാന്‍ ബ്രാഹ്മണര്‍ നടത്തിയ സാമൂഹികകുരുക്ഷേത്രയുദ്ധംകൂടിയാണ് ഇന്നു നമ്മുടെ മുമ്പിലുള്ള സമ്പൂര്‍ണ്ണ ശ്രീമഹാഭാരതം'' എന്നും, മഹാഭാരതത്തിന്റെ ആന്തരിക പരിണാമങ്ങള്‍ വ്യക്തമാക്കിക്കൊണ്ട്, പി.കെ. ബാലകൃഷ്ണന്‍ രേഖപ്പെടുത്തിയിട്ടുണ്ട് (2002:148, 149). 

പ്രാചീന ഇന്ത്യയിലെ ചരിത്രപരിണാമത്തെയും മനുഷ്യാസ്തിത്വത്തിന്റെ ശാശ്വതസമസ്യകളെയും ഒരേപോലെ അഭിസംബോധന ചെയ്യുന്ന കൃതിയായാണ് മഹാഭാരതത്തെ പി.കെ. ബാലകൃഷ്ണന്‍ പരിഗണിക്കുന്നത് എന്നര്‍ത്ഥം. 

'കേവലനിരര്‍ത്ഥകതയുടെ ഭാവചിത്ര'മായും പ്രാചീന ഇന്ത്യയുടെ സാമൂഹികചരിത്രസൂചകമായും മഹാഭാരതത്തെ അവതരിപ്പിക്കുന്ന പി.കെ. ബാലകൃഷ്ണന്റെ സമീപനം ആദ്യവായനയില്‍തന്നെ എന്നെ ആകര്‍ഷിച്ചു. എം.എ. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജാതിവ്യവസ്ഥിതിയും കേരളചരിത്രവും എന്ന ഗ്രന്ഥം ഞാന്‍ വായിച്ചിരുന്നു. ജാതിവ്യവസ്ഥയെയും അതിന്റെ ഘടനാപരമായ പ്രകൃതത്തെയും കുറിച്ച് സൂക്ഷ്മബോധവും, കേരളചരിത്രരചനയില്‍ നിലീനമായ ജാതിബന്ധങ്ങളെക്കുറിച്ച് വിമര്‍ശനാത്മകജാഗ്രതയുമുള്ള ഒരാളാണ് പി.കെ. ബാലകൃഷ്ണനെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. അങ്ങനെയൊരാള്‍ കേവലമൊരു മതഗ്രന്ഥം മാത്രമായി ഞാന്‍ കണക്കാക്കിയിരുന്ന മഹാഭാരതത്തില്‍ എന്തുകൊണ്ടാവും ഇത്രമേല്‍ ബദ്ധനായത് എന്നതാണ് എന്നെ വിസ്മയിപ്പിച്ചത്. 

മുകളില്‍ സൂചിപ്പിച്ചതുപോലെ, സാഹിത്യഗ്രന്ഥമായി മാത്രമല്ല അദ്ദേഹം മഹാഭാരതത്തെ പരിഗണിക്കുന്നതെന്നു വ്യക്തമാക്കുന്ന പഠനം ആ പുസ്തകത്തില്‍ത്തന്നെ ഉണ്ടായിരുന്നു താനും; മഹാഭാരതത്തെ ചരിത്രപരമായി വിശദീകരിക്കുന്ന മികച്ച പഠനമാണത്. മഹാഭാരതത്തെ ചരിത്രപരമായി വിശകലനം ചെയ്യുമ്പോള്‍തന്നെ അതിന്റെ മറ്റൊരു ജീവിതത്തെയും പി.കെ. ബാലകൃഷ്ണന്‍ ആദരപൂര്‍വം ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു. എന്റെ ബോധ്യങ്ങളെ വലിയതോതില്‍ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു ആ സമീപനം. എപ്പോഴെങ്കിലും മഹാഭാരതം പൂര്‍ണ്ണമായി വായിക്കണമെന്ന് അതോടെ തീരുമാനമായി!

 

.............................................................

Read more: എന്റെ ഭാര്യ ജീവനൊടുക്കിയ ആ ദിവസം; മതതീവ്രവാദികള്‍ കൈ  വെട്ടിമാറ്റിയ പ്രൊഫ ടി ജെ ജോസഫ് എഴുതുന്നു
.............................................................

 

വായിക്കാന്‍ തീരുമാനിച്ചെങ്കിലും വായിക്കാന്‍ പാകത്തിന് സമ്പൂര്‍ണ്ണ മഹാഭാരതം എന്റെ കൈയിലുണ്ടായിരുന്നില്ല. മഹാഭാരതം സംസ്‌കൃതത്തില്‍ വായിക്കാനുള്ള ഭാഷാപരിജ്ഞാനം എനിക്ക്  ഇല്ലതാനും. കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെ പദ്യപരിഭാഷയും വിദ്വാന്‍ കെ. പ്രകാശത്തിന്റെ ഗദ്യപരിഭാഷയും മലയാളത്തിലുള്ള കാര്യം ഞാന്‍ മനസ്സിലാക്കിയിരുന്നു. എങ്കിലും പരിചയക്കാരുടെ പക്കലൊന്നും അതുണ്ടായിരുന്നില്ല. ആയിടയ്ക്കാണ് നാഷണല്‍ ബുക്സ്റ്റാള്‍ സംഘടിപ്പിച്ച ഒരു പുസ്തകപ്രദര്‍ശനം പറവൂരില്‍ നടന്നത്. ഞാനന്ന് പറവൂര്‍ ലക്ഷ്മികോളജിലെ അധ്യാപകനാണ്. 'കേസരിസദസ്സ്' എന്ന പേരിലുള്ള സാംസ്‌കാരിക കൂട്ടായ്മയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കാലം. 

ഒരു ദിവസം കോളജിലെ ക്ലാസെല്ലാം കഴിഞ്ഞ് പിയേഴ്‌സണ്‍ മാഷിനും (എന്‍.എം. പിയേഴ്‌സണ്‍) ജോയിക്കും (ജോയ് പി. ജോര്‍ജ്ജ്) ഒപ്പം ആ പുസ്തകമേള കാണാന്‍ പോയി. അവിടെയെത്തിയപ്പോള്‍ വിദ്വാന്‍ കെ. പ്രകാശത്തിന്റെ വ്യാസമഹാഭാരതം പത്തുവാള്യങ്ങള്‍! സാഹിത്യപ്രവര്‍ത്തകസംഘം പ്രസിദ്ധീകരിച്ച പതിപ്പ്. ആയിരം രൂപയോ മറ്റോ ആണ് വില. അന്ന് മാസശമ്പളവും അതിനൊപ്പമൊക്കെയേ ഉള്ളൂ. അതുകൊണ്ട് വാങ്ങുന്ന കാര്യം ആലോചിക്കാനാവുമായിരുന്നില്ല. എങ്കിലും വലിയ മോഹത്തോടെ അതിന്റെ എല്ലാ വാള്യവും ഞാന്‍ മറിച്ചുനോക്കി. മഹാഭാരതത്തിലുള്ള എന്റെ അതിതാത്പര്യം കണ്ട് പിയേഴ്‌സണ്‍ മാഷാണ് 'നീയതു വാങ്ങിക്കൊള്ളൂ' എന്നു പറഞ്ഞത്. മാഷ് തന്നെ പണം നല്‍കി അതെനിക്കു വാങ്ങിത്തരുകയും ചെയ്തു. തിരിഞ്ഞുനോക്കുമ്പോള്‍ ഈ പുസ്തകംവരെ എത്തിനില്‍ക്കുന്നത് മാഷിന്റെ ആ സ്‌നേഹവും കരുതലുമാണ്. കാലം ആ കരുതലിനെ ഇവിടെവരെ എത്തിച്ചു!

 

...........................................................

Read more: യുവാല്‍ നോഹാ ഹരാരി:പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക?
...........................................................

 

മഹാഭാരതം കൈയിലെത്തിയെങ്കിലും ഉടനടി ഞാനതു വായിച്ചില്ല. ഒറ്റയടിക്കു വായിച്ചുതീര്‍ത്തുമില്ല. പടിപടിയായി, ഓരോ ഭാഗങ്ങളായി, മഹാഭാരതവായന പൂര്‍ത്തിയാക്കിയത് രണ്ടു മൂന്നു വര്‍ഷങ്ങള്‍ കൊണ്ടാണ്. രണ്ടായിരാമാണ്ടോടെ, മഹാഭാരതത്തെക്കുറിച്ച് ഞാന്‍ ചിലതെല്ലാം എഴുതുകയും ചെയ്തു. ഭഗവദ്ഗീതയെക്കുറിച്ച് പറവൂരില്‍ ഇ.എം.എസ്. സാംസ്‌കാരികപഠനകേന്ദ്രം സംഘടിപ്പിച്ച സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാന്‍വേണ്ടിയായിരുന്നു അത്. 

പില്‍ക്കാലത്ത്, കൊസാംബിയുടെയും റൊമിലാ ഥാപ്പറുടെയും പി. ഗോവിന്ദപ്പിള്ളയുടെയും മറ്റുമായി ധാരാളം മഹാഭാരതപഠനങ്ങള്‍ വായിക്കാനിടവന്നു. 'പ്രാപഞ്ചികജീവിതത്തിന്റെ നിത്യചിത്രമെന്നപോലെ സ്ഥലകാലങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ജീവിക്കുന്ന'തായി പി.കെ. ബാലകൃഷ്ണന്‍ വിവരിക്കുന്ന മഹാഭാരതത്തിന്റെ വശ്യതയില്‍ ഞാനും ക്രമേണ ബദ്ധനായി. അവിടെനിന്നായിരുന്നു മഹാഭാരതപ്രഭാഷണങ്ങളുടെ പിറവി.

 

'മഹാഭാരതം: സംസ്‌കാരിക ചരിത്രം' എന്ന പുസ്തകം ഓണ്‍ലൈനായി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം 

......................................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

click me!